ജീവകാരുണ്യ സഹായം: അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്
text_fieldsജിദ്ദ: ജീവകാരുണ്യ സഹായം ആവശ്യക്കാർക്ക് എത്തിക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണെന്ന് റിപ്പോർട്ട്. യുനൈറ്റഡ് നാഷൻസ് ഫിനാൻഷ്യൽ ട്രാക്കിങ് പ്ലാറ്റ്ഫോം (എഫ്.ടി.എസ്) തയാറാക്കിയ, ഇൗ വർഷം ജൂലൈ അവസാനം വരെയുള്ള റാങ്കിങ് റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങൾക്ക് 841 ദശലക്ഷത്തിലധികം ഡോളർ സൗദി അറേബ്യ ജീവകാരുണ്യ സഹായമായി നൽകിയതായാണ് കണക്ക്.
ആഭ്യന്തര സംഘർഷംമൂലം ദുരിതത്തിലായ യമനിനാണ് സൗദി ഏറ്റവും കൂടുതൽ സഹായമെത്തിച്ചത്. യമന് ലോകതലത്തിൽ ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാജ്യമെന്ന സ്ഥാനവും സൗദി അറേബ്യക്ക് തന്നെയാണ്. 799 ദശലക്ഷം ഡോളറാണ് യമന് സഹായമായി നൽകിയത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർലോഭമായ പിന്തുണയാണ് ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ഇത്രയധികം സഹായം എത്തിക്കാനും ജീവകാരുണ്യ സഹായ രംഗത്ത് ലോകത്ത് മുൻനിര രാജ്യമാകാനും സൗദി അറേബ്യക്ക് കഴിഞ്ഞതെന്ന് രാജ്യത്തിെൻറ സഹായം ലോകത്തിന് എത്തിച്ചുനൽകാനുള്ള ഏജൻസിയായ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിെൻറ (കെ.എസ് റിലീഫ് സെൻറർ) ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ഇൗ നേട്ടം രാജ്യവും അവിടുത്തെ ജനങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. സൗദിയുടെ ജീവകാരുണ്യ സഹായചരിത്രവും ലോകത്ത് സഹായം ആവശ്യമുള്ള ജനങ്ങളെ സഹായിക്കാനുള്ള അതീവ താൽപര്യവും ഉയർത്തിക്കാട്ടുന്നതാണ് ഇത്. സൗദി അറേബ്യ ദാനത്തിെൻറ വറ്റാത്ത നദിയാണെന്നും ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള ദുരിതബാധിതരെയും ആവശ്യക്കാരെയും സഹായിക്കാനുള്ള സമീപനം തുടരുമെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.