സഹോദരന്റെ ചികിത്സക്കായി പ്രവാസം സ്വീകരിച്ച രാജുവിന് കേളിയുടെ സഹായഹസ്തം
text_fieldsറിയാദ്: ജ്യേഷ്ഠന്റെ ചികിത്സക്കായി ജോലിതേടി സൗദിയിലെത്തിയ കൊല്ലം ഇരവിപുരം സ്വദേശി രാജു ചെല്ലപ്പന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. അർബുദ ബാധിതനായ സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെ സാമ്പത്തിക ബാധ്യത തീർക്കാനാണ് രാജു മൂന്ന് മാസം മുമ്പ് സൗദിയിലെ അൽഖർജിൽ എത്തിയത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ രാജു രണ്ടുമാസമായി ജോലിയിൽ തുടരുന്നതിനിടെയാണ്, തിരുവനന്തപുരം ആർ.സി.സിയിലുള്ള ജ്യേഷ്ഠന് അസുഖം മൂർച്ഛിച്ചതായും ഉടൻ നാട്ടിലെത്തണമെന്നും വീട്ടുകാർ അറിയിക്കുന്നത്.
ജോലിയിൽ പ്രവേശിച്ച് രണ്ടുമാസത്തിനുള്ളിൽ കമ്പനിയോട് അവധി ആവശ്യപ്പെട്ടെങ്കിലും കമ്പനി ആദ്യം വഴങ്ങിയില്ല. തുടർന്ന് സഹായത്തിനായി കേളിയെ സമീപിച്ചു. കേളി അൽഖർജ് ഘടകം ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി കമ്പനിയുമായി സംസാരിക്കുകയും വിഷയങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് കമ്പനി നാട്ടിൽ പോകാനുള്ള അനുവാദം നൽകിയെങ്കിലും ടിക്കറ്റ് നൽകിയില്ല. രാജുവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വത്തിൽ സാമ്പത്തികം കണ്ടെത്തി നൽകി. ചടങ്ങിൽ ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയംഗവും ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനറുമായ നാസർ പൊന്നാനി എന്നിവർ പങ്കെടുത്തു. വിമാനടിക്കറ്റ് സ്വീകരിച്ച രാജു ചെല്ലപ്പൻ, കേളി അംഗങ്ങൾക്ക് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.