നിരാശ്രയർക്ക് ആശ്രയമായി മാറുമ്പോഴുണ്ടാകുന്ന ലഹരിയാണ് ജീവിതം -നർഗീസ് ബീഗം
text_fieldsദമ്മാം: ആശുപത്രി ജോലിക്കിടയിൽ, മരുന്നു വാങ്ങാൻപോലും പണമില്ലാതെ വിധിയുടെ മുന്നിൽ പകച്ചുനിൽക്കുന്ന ഹതഭാഗ്യരുടെ കാഴ്ചകളാണ് ജീവകാരുണ്യ വഴിയിലേക്ക് തന്നെ തിരിച്ചുവിട്ടതെന്ന് ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം. ആലംബമറ്റവരെ സഹായിക്കാൻ എന്താണ് വഴിയെന്ന ആലോചനയാണ് ജീവകാരുണ്യ പ്രവർത്തനം തുടങ്ങാൻ പ്രേരിപ്പിച്ചത്. ആശുപത്രിയിലെത്തുന്ന രോഗികൾ ചികിത്സ കഴിഞ്ഞ് തിരികെപ്പോരുമ്പോൾ സ്നേഹത്തോടെ തരുന്ന ചില്ലറകൾ കൂട്ടിവെച്ച് ഇത്തരം ആളുകൾക്ക് മരുന്നു വാങ്ങിക്കൊടുത്തു. ജീവിതത്തിൽ ഒരു ആർഭാടവും ആവശ്യമില്ലെന്ന് അനുഭവങ്ങൾ പഠിപ്പിച്ചു.
നിരാശ്രയർക്ക് ആശ്രയമാകുമ്പോൾ കിട്ടുന്ന ലഹരിയാണ് ഏറ്റവും വലിയ ആഹ്ലാദം എന്ന് തിരിച്ചറിഞ്ഞു. ദമ്മാമിൽ ജോലി ചെയ്യുന്ന ഭർത്താവ് അബ്ദുൽ ഗഫൂറിന്റെ അടുത്തെത്തിയ നർഗീസ് ബീഗം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തനിക്ക് കിട്ടിയ വിവാഹസമ്മാനമായ മഹറിന്റെ പണം പോലും ഭിന്നശേഷിക്കാരന്റെ ഉപജീവനത്തിന് നൽകിയ നർഗീസ് കോഴിക്കോട് കോയാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ഒരു മാസത്തെ അവധിക്കാണ് സൗദിയിലെത്തിയത്. ഈയൊരു മാസക്കാലം ജീവകാരുണ്യ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്ന് അവർ പറഞ്ഞു. പ്രവാസികളാണ് ഏറ്റവും വലിയ ശക്തിയും പിന്തുണയും. സമൂഹമാധ്യമങ്ങളിൽ അനുഭവങ്ങൾ എഴുതിത്തുടങ്ങിയപ്പോഴാണ് പലരും ശ്രദ്ധിച്ചുതുടങ്ങിയത്. 74 ആളുകൾക്ക് വീടുവെച്ചുകൊടുക്കാനും നിരവധി വീടുകൾക്ക് വാതിലുകൾ നൽകാനും കട്ടിലും മേശയും വീൽചെയറുകളും സമ്മാനിക്കാനും സാധിച്ചത് പ്രവാസികളടക്കമുള്ള സന്മനസ്സുകൾ ഒപ്പംകൂടിയതുകൊണ്ടാണ്. നട്ടെല്ല് തകർന്ന രോഗികൾക്ക് മാനസികവും ശാരീരികവുമായ ശക്തി പകരുക എന്നതാണ് പ്രധാനപ്പെട്ട ദൗത്യം. ഇനിയും ജീവിതം ബാക്കിയില്ലെന്ന് കരുതുന്നവരെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ഒരു വലിയ ശ്രമമാണ് അത്. കോയമ്പത്തൂരിലെ 'സഹായി'യിൽ എത്തിച്ച് ചികിത്സ നൽകി തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് 34ഓളം ചെറുപ്പക്കാരെയാണ്.
തികച്ചും സൗജന്യമായി പരിചരണം നൽകാനാവുന്ന ഒരു ഫിസിയോതെറപ്പി സെൻറർ സ്ഥാപിക്കുക എന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും അവർ പറഞ്ഞു. 20,000 പേർ 3,000 രൂപ വീതം തന്നാൽ യാഥാർഥ്യമാക്കാനാവുന്ന സ്വപ്നം ആണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.