ചാർട്ടേഡ് വിമാന സർവിസ്: കോവിഡ് ടെസ്റ്റ് നിബന്ധന അപ്രായോഗികമെന്ന് വിദഗ്ധർ, പ്രക്ഷോഭത്തിനൊരുങ്ങി പ്രവാസികൾ
text_fieldsറിയാദ്: ചാർട്ടർ വിമാനങ്ങളിൽ പോകുന്നവർക്ക് കേരള സർക്കാർ നിർബന്ധമാക്കിയ 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ വെക്കണമെന്ന നിബന്ധന തീർത്തും അപ്രായോഗികമെന്ന് വിദഗ്ധർ. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഇൗ ടെസ്റ്റ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ നടത്തി സർട്ടിഫിക്കറ്റ് നേടൽ അസാധ്യമാണെന്നും നെഗറ്റീവാണെന്ന് തെളിഞ്ഞാലും പിന്നീടും ഏത് നിമിഷവും വൈറസ് ബാധയേൽക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ട് തന്നെ അപ്രായോഗികം എന്ന് മാത്രമല്ല പ്രയോജനരഹിതമാണെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. പകരം പൊതു ആരോഗ്യക്ഷമതാ പരിശോധനയാണ് അഭികാമ്യം. അതിനോടൊപ്പം യാത്രയിലുടനീളം എയർപോർട്ടിലും വിമാനത്തിനുള്ളിലും വ്യക്തിഗത സുരക്ഷാവലയമൊരുക്കുന്ന പി.പി.ഇ കിറ്റ് ധരിക്കലാണ് ഒരുപരിധി വരെ രോഗപകർച്ചയിൽ നിന്ന് രക്ഷനേടാനുള്ള പ്രാഥമിക മാർഗമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയർന്ന ഗുണനിലവാരമുള്ള പി.പി.ഇ കിറ്റ് ധരിക്കുന്നതിലൂടെ അവനവനെ തന്നെ വൈറസ് ബാധയേൽക്കാതെ സംരക്ഷിക്കാമെന്നതിനോടൊപ്പം അപരനിലേക്ക് പകരാതെ സൂക്ഷിക്കാനും സാധിക്കും. യാത്രക്ക് തൊട്ടുമുമ്പ് ഏതെങ്കിലും ലൈസൻസ്ഡ് മെഡിക്കൽ പ്രാക്ടീഷണറുടെ പൊതു ആരോഗ്യ പരിശോധനയ്ക്ക് വിധേയനാവണമെന്ന നിബന്ധനയും പ്രായോഗികവും പ്രയോജനകരവുമാണ്.
പനി, രക്തസമ്മർദം, ഓക്സിജൻ നില തുടങ്ങിയവ പരിശോധിച്ച് യാത്രക്ക് പറ്റിയ ആരോഗ്യസ്ഥിതിയുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഡോക്ടർക്കാവും. അനാരോഗ്യകരമായ സ്ഥിതിയുണ്ടോ, എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടോ എന്നും ഇതിലൂടെ അറിയാനാവും. ഇങ്ങനെ ഒരു മെഡിക്കൽ കൺസൾട്ടൻറ് ഡോക്ടർ വിദഗ്ധ പരിശോധനയ്ക്ക് ശേഷം നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റും പി.പി.ഇ കിറ്റും നിർബന്ധമാക്കിയാൽ തന്നെ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനാവും. പനിയില്ലെന്ന് കാണിക്കാൻ പനഡോൾ കഴിച്ചാലും പരിശോധനയിൽ ഒരു വിദഗ്ധ ഡോക്ടർക്ക് ഒരു പരിധി വരെ അത് മനസിലാക്കാനാവും. രക്തസമ്മർദം, ഒാക്സിജൻ നില എന്നിവ സാധാരണ നിലയിലാണെങ്കിൽ തൽക്കാലം വലിയ ആരോഗ്യപ്രശ്നമില്ലെന്നും ഉറപ്പിക്കാനാവും. തികച്ചും അപ്രായോഗികമായ കോവിഡ് ടെസ്റ്റ് എന്ന നിബന്ധന ഒഴിവാക്കി പകരം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പി.പി.ഇ കിറ്റ് എന്നിവ നിർബന്ധമാക്കുന്നതിനെ കുറിച്ച് കേരള സർക്കാർ ആലോചിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ പ്രവാസലോകത്ത് നിന്ന് ഉയരുന്നത്.
കോവിഡ് ടെസ്റ്റ് എന്ന നിബന്ധന തീർത്തും അപ്രായോഗികം
സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നിലവിൽ 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നേടൽ അസാധ്യമാണ്. നിലവിൽ സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിവിധ ആപ്പുകൾ വഴി ബുക്ക് ചെയ്ത് നടത്താവുന്ന പി.സി.ആർ (സ്രവ പരിശോധന) പരിശോധനയാണ് പ്രധാനമായും രാജ്യത്ത് നടക്കുന്നത്. ബുക്ക് ചെയ്ത് ദിവസങ്ങൾ കാത്തിരിക്കണം ഉൗഴമെത്താൻ. സ്രവസാമ്പിളുകൾ കൊടുത്തുകഴിഞ്ഞാൽ 48 മണിക്കൂർ മുതൽ 96 മണിക്കൂർ വരെ, അതായത് രണ്ട് ദിവസം മുതൽ നാലുദിവസം വരെ താമസമുണ്ടാകും പരിശോധന ഫലം കിട്ടാൻ. ഇപ്പോൾ തിരക്ക് കൂടിയതിനാൽ സാമ്പിളുകൾ കൊടുക്കാനുള്ള ഉൗഴമെത്താൻ തന്നെ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും. ടെസ്റ്റ് നടത്തിയാൽ തന്നെയും എസ്.എം.എസ് സന്ദേശം ആയല്ലാതെ രേഖാമൂലമുള്ള പരിശോധനഫലം ലഭിക്കില്ല. അതായത് കേരള സർക്കാർ ഉദ്ദേശിച്ച പോലെ സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്ന് അർഥം.
ഫലം പോസിറ്റീവാണെങ്കിൽ മാത്രമേ എസ്.എം.എസ് പോലും ലഭിക്കൂ. നെഗറ്റീവാണെങ്കിൽ അതുമുണ്ടാവില്ല. ആപ് വഴിയല്ലാതെ ടെസ്റ്റ് നടത്താൻ പിന്നീട് സാധ്യതയുള്ളത് ആശുപത്രികളിലാണ്. അടിയന്തര ചികിത്സതേടി അഡ്മിറ്റാവുേമ്പാഴാണ് അതുണ്ടാവുക. ആപ് വഴിയും ആശുപത്രികളിൽ നിന്ന് നേരിട്ടും ടെസ്റ്റിന് സ്വീകരിക്കപ്പെടണമെ-ങ്കിൽ തന്നെ ലോകാരോഗ്യ സംഘടന പറഞ്ഞത് പ്രകാരം കുറഞ്ഞത് നാല് ലക്ഷണങ്ങൾ എങ്കിലും ഉണ്ടാവണം. അല്ലെങ്കിൽ കോവിഡ് പോസിറ്റീവായ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആളായിരിക്കണം. ഇനി വലിയ തുക കൊടുത്ത് ടെസ്റ്റ് നടത്താമെന്നാണെ-ങ്കിൽ രാജ്യത്ത് വിരലിൽ എണ്ണാവുന്ന സ്വകാര്യ ആശുപതികളിലും ലാബുകളിലും മാത്രമേ അതിനുള്ള സൗകര്യമുള്ളൂ.
അതിനാണെങ്കിൽ 1500 റിയാൽ വരെ ചെലവുമാകും. യാത്രാചെലവിനെക്കാൾ കൂടിയ തുക ടെസ്റ്റിന് വേണ്ടി വരും. ഇനി ഇങ്ങനെ ടെസ്റ്റ് നടത്തി 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ തന്നെയും പരിശോധനക്ക് ആശുപത്രിയിലൊ ലാബിലോ പോയപ്പോഴൊ പർച്ചേസ് നടത്താൻ സൂപർമാർക്കറ്റുകളിൽ പോകുേമ്പാഴൊ ഇനി എയർേപാർട്ടിൽ നിന്ന് തന്നെയോ പിന്നീടും വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഏറെയാണ് താനും. അതായത് കേരള സർക്കാരിെൻറ നിബന്ധന ഒട്ടും യുക്തിസഹവുമല്ല എന്ന് ചുരുക്കം.
എളുപ്പത്തിൽ നടത്താവുന്ന റാപ്പിഡ് ടെസ്റ്റിന് സൗദി ആരോഗ്യമന്ത്രാലയം അനുമതി നൽകിയിട്ടുമില്ല. പ്രഗ്നൻസി ടെസ്റ്റിെൻറ മാതൃകയിൽ സ്ട്രിപ്പിൽ സാമ്പിളുപയോഗിച്ചുള്ള പരിശോധനയാണ് അത്. സ്ട്രിപ്പിൽ രക്തതുള്ളിയിറ്റിച്ച് നടത്തുന്ന പരിശോധന. അപ്പോൾ തന്നെ ഫലമറിയാൻ കഴിയുന്നു. പക്ഷേ ഇൗ റിസൾട്ടിന് കൃത്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രവാസികൾ
തീർത്തും അപ്രായോഗികവും അസാധ്യവുമായ നിബന്ധന അടിച്ചേൽപിച്ച് പ്രവാസികളുടെ വരവ് മുടക്കുന്ന കേരള സർക്കാരിെൻറ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ. ശക്തമായ ഒാൺലൈൻ സിഗ്നേച്ചർ കാമ്പയിൻ, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇമെയിലുകൾ അയക്കൽ തുടങ്ങിയ പ്രക്ഷോഭപരിപാടികൾക്ക് സംഘടനകൾ കൂട്ടായും ഒറ്റയ്ക്കും രൂപം നൽകി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.