ശിശുദിനാഘോഷവും ലിറ്റിൽ സ്കോളർ പ്രചാരണോദ്ഘാടനവും
text_fieldsറിയാദ്: മലർവാടി ബാലസംഘം റിയാദ് സൗത്ത് സോൺ ശിശുദിനാഘോഷത്തിന്റെ ഭാഗമായി മീഡിയവൺ ലിറ്റിൽ സ്കോളർ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. യാസീൻ അഹ്മദ് സാഹിറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ മലർവാടി സൗത്ത് സോൺ രക്ഷാധികാരി സബ്ന ലത്തീഫ് ഉദ്ഘാടനം ചെയ്തു.
അറിവിന്റെയും അന്വേഷണത്തിന്റെയും പുതിയ ജാലകങ്ങൾ തുറക്കുന്ന ‘ലിറ്റിൽ സ്കോളർ’ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാനും ആവശ്യമായ തയാറെടുപ്പുകൾ നടത്താനും അവർ കുട്ടികളോട് നിർദേശിച്ചു.
മലർവാടി മെന്റർ സിനി ഷാനവാസ് ചാച്ചാ നെഹ്റുവിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിത്വം, ജീവിതം, കുരുന്നുകളോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്നിവ വരച്ചുകാണിക്കുന്നതായിരുന്നു അവതരണം. തുടർന്ന് കുട്ടികൾ പ്രസംഗം, ഗാനം, നൃത്തം, കവിത തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ഗ്രൂപ്പുകളായി നടന്ന കളികൾക്ക് സുർ സീന, റെൻസില, സനിത, സഹീല, ശാക്കിറ, ആബിദ, തബ്ശീറ, ഷാനിദ എന്നിവർ നേതൃത്വം നൽകി. ബാലസംഘാംഗങ്ങളായ റിതാജും ലെനയും പരിപാടിയിൽ അവതാരകരായി.
ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥനയും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. സുമയ്യ അഹ്മദിന്റെ പ്രഭാഷണത്തോടെ വിനോദവും വിജ്ഞാനവും നിറഞ്ഞ ശിശുദിനാഘോഷത്തിന് സമാപനം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.