കുട്ടികളിൽ നവ്യാനുഭൂതി പകർന്ന് ‘മലർവാടി നാടൻകളി ഉത്സവം 2024’
text_fieldsയാംബു: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ബാലോത്സവത്തിന്റെ ഭാഗമായി മലർവാടി യാംബു സോൺ സംഘടിപ്പിച്ച ’നാടൻകളി ഉത്സവം 2024’ കുട്ടികളുടെയും രക്ഷിതാക്കളുടെയും വർധിച്ച പങ്കാളിത്തംക്കൊണ്ട് ശ്രദ്ധേയമായി. നാടുവിട്ടുപോയ നാടൻ കളികൾ പ്രവാസി കുരുന്നുകൾക്കു പകർന്നു നൽകിയ വിവിധ കളികൾ കുട്ടികൾക്ക് നവ്യാനുഭൂതി പകർന്നു. അരിപ്പോ തിരിപ്പോ, തൊട്ടുകളി, തലയിൽ തൊടീൽ, തലപ്പന്തുകളി, വണ്ടിക്കളി തുടങ്ങി ഒരു കാലത്ത് ഗ്രാമങ്ങളുടെ ആത്മാവ് കുടികൊണ്ടിരുന്ന നാടൻ കളികളെക്കുറിച്ച് കുട്ടികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ മലർവാടി ഉത്സവപരിപാടി വഴിവെച്ചു.
യാംബു റോയൽ കമീഷനിലെ അൽ ഫൈറൂസ് പാർക്കിലെ വിശാലമായ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനടന്ന പരിപാടികളിൽ ഇരുന്നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. മലർവാടി യാംബു സോൺ കോഓഡിനേറ്റർ നൗഷാദ് വി. മൂസ രക്ഷിതാക്കളോടും കുട്ടികളോടും വ്യത്യസ്ത സംഗമങ്ങളിൽ സംവദിച്ചു. പുതിയ കാലത്ത് കുട്ടികളുടെ വ്യക്തിപരമായ കഴിവുകൾ വളർത്തിയെടുത്ത് സമൂഹ നന്മക്ക് അവരെ ഉപകരിക്കുന്നവരാക്കി മാറ്റാൻ ഉതകുന്ന പരിപാടികൾ സജീവമാക്കേണ്ടത് അനിവാര്യമാണെന്നും മലർവാടി പരിപാടികൾ ഓരോന്നും ഈ ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മലർവാടി പ്രവർത്തനങ്ങൾ യാംബുവിൽ കൂടുതൽ ജനകീയമാക്കുന്ന തിനായി രക്ഷിതാക്കളിൽ നിന്ന് ശമീം തിരുവനന്തപുരം, ഷിംനാജ് കരുവന്തിരുത്തി, ജാസിറ മുസ്തഫ വറ്റലൂർ, രമ്യ റിനീഷ് ഉദയിഗിരി തുടങ്ങിയവർ അടങ്ങുന്ന പ്രത്യേക സമിതി സംഗമത്തിൽ രൂപവവത്കരിച്ചു.
മലർവാടി 'മെന്റർ'മാരായ ഇൽയാസ് വേങ്ങൂർ, ഷൗക്കത്ത് എടക്കര, മുഹമ്മദ് യാഷിഖ് തിരൂർ, റസീന ടീച്ചർ, റാഷിദ സലിം, ഹംദ അമീൻ, ഷക്കീല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയ വൺ ലിറ്റിൽ സ്കോളർ ഒന്നാം ഘട്ട മത്സരത്തിൽ യാംബു മേഖലയിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ ആദിഷ് വി നായർ, അസ്വ ഫാത്തിമ, ആസിഫ സജീവ്, ആദിൽ ശരീഫ് എന്നിവർക്കുള്ള മെമെന്റോകൾ പരിപാടിയിൽ മലർവാടി യാംബു രക്ഷാധികാരി അനീസുദ്ദീൻ ചെറുകുളമ്പ്, മലർവാടി യാംബു മുൻ കോഡിനേറ്റർമാരായ നസീഫ് മാറഞ്ചേരി, റസീന ടീച്ചർ, മീഡിയ വൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ് എന്നിവർ വിതരണം ചെയ്തു. വിദ്യാർഥികളുടെയും മുതിർന്നവരുടെയും വിവിധ കലാ വൈജ്ഞാനിക പരിപാടികൾ കളിയുത്സവത്തിനു മാറ്റുകൂട്ടി. ജോസഫ് സെബാസ്റ്റ്യൻ, ജാസിറ മുസ്തഫ വറ്റലൂർ, ഫൈസൽ പുകയൂർ, അഡ്വ. ജോസഫ് അരിമ്പൂർ തുടങ്ങിയവർ ’മലർവാടി’ അനുഭവങ്ങൾ പങ്കുവെച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സമാപന സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.