കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗം; രക്ഷിതാക്കൾ ആശങ്കാകുലർ
text_fieldsയാംബു: കോവിഡ്കാല പ്രതിസന്ധിയിൽ സൗദിയിലെ പ്രാഥമിക വിദ്യാലയങ്ങളും നഴ്‌സറി സ്‌കൂളുകളും ഓൺലൈൻ പഠനംതന്നെ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗം ജാഗ്രതയോടെ നിരീക്ഷിച്ച് രക്ഷിതാക്കൾ. സൗദിയിലെ പകുതിയോളം രക്ഷിതാക്കൾ കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിരീക്ഷിക്കാൻ പാരൻറിങ് കൺട്രോൾ ആപ്പുകൾ ഉപയോഗിക്കുന്നതായി സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ആഗോള സൈബർ സുരക്ഷ കമ്പനിയായ കാസ്‌പെർക്കി ലാബ് എന്ന സൈബർ സെക്യൂരിറ്റി ഫേം രാജ്യത്തെ കുടുംബങ്ങളുടെ ഡിജിറ്റൽ പെരുമാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഓൺലൈനിൽ ചെലവഴിക്കുന്ന സമയദൈർഘ്യത്തെകുറിച്ചും കുട്ടികൾ ഇൻറർനെറ്റിൽ തിരയുന്ന കാര്യങ്ങളെക്കുറിച്ചും ഇൻറർനെറ്റിലൂടെ പകരുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തിെൻറ സുരക്ഷയെക്കുറിച്ചും കൂടുതൽ ആശങ്കാകുലരാണെന്നും പഠനം വെളിപ്പെടുത്തുന്നു. കാസ്‌പെർക്കി നടത്തിയ സർവേയിൽ പങ്കെടുത്ത രക്ഷിതാക്കളിൽ 49 ശതമാനം പേർ രക്ഷാകർതൃ നിയന്ത്രണ ആപ്പുകൾ ഉപയോഗിക്കുന്നവരാണെന്നും 47 ശതമാനം പേർ കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗചരിത്രം പതിവായി പരിശോധിക്കുന്നവരാണെന്നും വെളിപ്പെടുത്തി.
മാതാപിതാക്കളുടെയോ മുതിർന്ന രക്ഷിതാവിെൻറയോ സാന്നിധ്യത്തിൽ മാത്രം കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരായി 46 ശതമാനം പേർ ഉള്ളതായും വ്യക്തമാക്കി. കുട്ടികൾ കാണുന്ന വിഡിയോകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് പറയുന്ന രക്ഷിതാക്കൾ 64 ശതമാനം വരും.
കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്ന ഇൻറർനെറ്റ് ഗെയിമുകൾ നിയന്ത്രിക്കേണ്ടതുണ്ടെന്ന് അഭിപ്രായമുള്ള രക്ഷിതാക്കൾ 60 ശതമാനവും ഓൺലൈനിൽ ചെലവഴിക്കുന്ന സമയം പരിമിതമാക്കണമെന്ന ശക്തമായ അഭിപ്രായമുള്ള രക്ഷിതാക്കൾ 47 ശതമാനം ആണെന്നും സർവേ ഫലം പറയുന്നു. ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ തങ്ങളുടെ കുട്ടികൾക്ക് പകർന്നുനൽകുന്ന 55 ശതമാനം രക്ഷിതാക്കൾ ഉണ്ടെന്നും വ്യക്തമാക്കി.
ഓൺലൈൻ ക്ലാസ് സമയം വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്ന കുട്ടികൾക്ക് സ്‌ക്രീൻ സമയം പരിമിതപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും. യാംബു അൽമനാർ ഇൻറർനാഷനൽ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആർ. ശ്രീലക്ഷ്മിയുടെ മാതാവും അധ്യാപികയും കൗൺസലറുമായ കൊല്ലം സ്വദേശി രമിത സുജിത്തിന് കുട്ടികൾക്കും മുതിർന്നവർക്കും സ്‌ക്രീൻ സമയം പരിമിതപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി നടപ്പാക്കണമെന്ന അഭിപ്രായമാണുള്ളത്.
പ്രായപൂർത്തിയായ ഒരാളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു കുട്ടിക്ക് അവരുടെ പ്രിയപ്പെട്ട ഷോയിൽനിന്നോ ഗെയിമിൽ നിന്നോ മുക്തമാകാൻ ബുദ്ധിമുട്ടാണ്. കുട്ടികളുടെ അമിത സ്‌ക്രീൻ ഉപയോഗം മോശം ഭാവം, മോശം കാഴ്ച, മതിയായ ഉറക്കം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവക്ക് ഹേതുവാകുമെന്ന് അവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
കാലഘട്ടത്തിെൻറ അനിവാര്യതയായി ഇൻറർനെറ്റും ലാപ്ടോപ്പും മൊബൈൽ ഫോണുമൊക്കെ മക്കൾക്ക് വാങ്ങിക്കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവർ അതിൽ എന്തൊക്കെ തിരയുന്നുവെന്നും അവ ഉപയോഗിക്കുന്നത് എന്തിനെന്നും ശ്രദ്ധിച്ചാൽ നന്ന് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.