പ്രിയ പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ച് ‘ചില്ല’
text_fieldsറിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസവായനയുടെ ഭാഗമായ മേയ് മാസ പരിപാടി ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. വായനയിലെ പ്രിയ പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള വായനക്ക് റസൂൽ സലാം തുടക്കം കുറിച്ചു. പ്രസിദ്ധ ചെറുകഥാകൃത്ത് ഇ. ഹരികുമാറിന്റെ ലേഖനങ്ങളുടെ സമാഹാരത്തിലൂടെ കഥാകൃത്തും കഥാകൃത്തിന്റെ പിതാവു കൂടിയായ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുമായി ബന്ധപ്പെട്ട ഓർമകൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരി ഹോളി ജാക്സൺ എഴുതിയ ‘എ ഗുഡ് ഗേൾ ഗൈഡ് ടു മർഡർ’ എന്ന പ്രസിദ്ധ കൃതിയുടെ വായന സ്നിഗ്ധ വിപിൻ സദസ്സുമായി പങ്കുവെച്ചു. സ്കൂളിെൻറ പശ്ചാത്തലത്തിൽ നടക്കുന്ന വളവുകളും തിരിവുകളും ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ കുറ്റാന്വേഷണകഥ സ്നിഗ്ധ വിവരിച്ചു. വിഖ്യാത കൃതിയായ മാക്സിം ഗോർക്കിയുടെ അമ്മയുടെ വായന ഫൈസൽ കൊണ്ടോട്ടി പങ്കുവെച്ചു. അമ്മയുടെ അനുഭവങ്ങളും വേദനകളും കണ്ടറിഞ്ഞ് മനുഷ്യസ്നേഹിയാകുന്ന മകന്റെ സമരോത്സുകതയറിഞ്ഞ പോരാട്ടങ്ങളും അതിന് തണലായി നിന്ന അമ്മയുടെ കഥ റഷ്യൻ വിപ്ലവത്തിന് പ്രേരണയായി ഭവിച്ചതും അത് ഏത് പോരാട്ടങ്ങൾക്കും ആവേശം നൽകുന്നതുമാണെന്ന് ഫൈസൽ പറഞ്ഞു.
പ്രസിദ്ധ ഫ്രഞ്ച് ചരിത്രകാരനും ചിന്തകനുമായ മിഷേൽ ഫുക്കോയുടെ ‘ഡിസിപ്ലിൻ ആൻഡ് പണിഷ്മെൻറ് ദി ബർത്ത് ഓഫ് ദി പ്രിസൺ’ എന്ന കൃതി ഉയർത്തുന്ന ചിന്തകളിലൂടെയുള്ള സഞ്ചാരമായി ജോണി പങ്കുളത്തിെൻറ അവതരണം. ജയിലുകൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ അച്ചടക്കം, നിരീക്ഷണം എന്നീ സമ്പ്രദായങ്ങളിലൂടെ സമൂഹം എങ്ങനെയാണ് ശിക്ഷയെ പുനഃക്രമീകരിച്ചതെന്ന് ഈ കൃതി നിരീക്ഷിക്കുന്നതായി ജോണി പറഞ്ഞു.
ഒ.വി. വിജയൻ എഴുതിയ മലയാളത്തിെൻറ എക്കാലത്തെയും പ്രധാനപ്പെട്ട രചനയായ ഖസാക്കിെൻറ ഇതിഹാസത്തിലെ നിരന്തരമായ ആത്മാന്വേഷണങ്ങളുടെ ഒടുങ്ങാത്ത ഊടുവഴികളിലൂടെയുള്ള ഭ്രമാത്മകവും സങ്കീർണവുമായ വ്യക്തിത്വങ്ങളുടെ പ്രയാണം ജോമോൻ സ്റ്റീഫൻ സദസ്സുമായി പങ്കുവച്ചു. മനുഷ്യെൻറയുള്ളിൽ, ഒരു പ്രത്യേക ജീവിതഘട്ടത്തിൽ രൂപപ്പെടുന്ന അസ്ത്വിത്വചിന്തയും വിഷാദവും പാപബോധവും അതിൽനിന്നുള്ള ഒളിച്ചോട്ടവുമാണ് ഈ നോവലിെൻറ അന്തർധാരയെന്ന് പൊതുവിൽ വിലയിരുത്താമെന്ന് ജോമോൻ അഭിപ്രായപ്പെട്ടു. വായനക്ക് ശേഷം നടന്ന ചർച്ചയിൽ ബീന, വിപിൻകുമാർ, മുസാമിൽ കുന്നുമ്മൽ, മുനീർ, ഫൈസൽ, സുരേഷ് ലാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.