പുസ്തക വൈവിധ്യത്തിന്റെ വായനാനുഭവങ്ങളുമായി ‘ചില്ല’ സെപ്തംബർ വായന
text_fieldsറിയാദ്: സെപ്തംബർ ലക്കം ‘ചില്ല’ എെൻറ വായനയിൽ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള നാല് പുസ്തകങ്ങളുടെ അവതരണവും വായനാനുഭവങ്ങളെ ആധാരമാക്കിയുള്ള ചർച്ചയും നടന്നു.
മാർക്സിസത്തിെൻറയും ഫെമിനിസത്തിെൻറയും പ്രാധാന്യത്തെ ചരിത്രപരമായും ദർശനപരമായും സമീപിക്കുന്ന ഡോ. ടി.കെ. ആനന്ദിയുട ‘മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം’ എന്ന ലേഖന സമാഹാരത്തിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് വി.കെ. ഷഹീബ തുടക്കം കുറിച്ചു.
പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് അന്ന സിവെല്ലിന്റെ ‘ബ്ലാക്ക് ബ്യൂട്ടി’ എന്ന നോവലിന്റെ വായനാനുഭവം ഏറെ തന്മയത്വത്തോടെ സ്കൂൾ വിദ്യാർഥിനിയായ സ്നിഗ്ദ വിപിൻ അവതരിപ്പിച്ചു. ലോകം ഇത്രയൊന്നും ആധുനികമല്ലാതിരുന്ന കാലത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ച് പറയുന്ന നോവലാണ് ഇതെന്ന് സ്നിഗ്ദ സമർഥിച്ചു.
ഏറ്റുമുട്ടൽ കൊലകളുടെ ആശാനായ ഒരു പൊലീസ് ഓഫീസറും അയാൾ കൊന്നുതള്ളിയ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്നേഹമെന്ന സമസ്യക്ക് പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്ന അജയ് പി. മങ്ങാടിന്റെ ‘ദേഹം’ എന്ന ഏറ്റവും പുതിയ നോവലിന്റെ വായനാനുഭവം ഷിംന സീനത്ത് പങ്കുവെച്ചു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ ചർച്ചയാവുന്ന കാലത്ത് ഈ നോവലിന്റെ ഉള്ളടക്കത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ഷിംന പറഞ്ഞു.
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംഗീതജ്ഞൻ എം.എസ്. ബാബുരാജ് എന്ന കോഴിക്കോട്ടുകാരുടെ ബാബുക്കയുടെ ജീവിതരേഖ വരച്ചിട്ട എൻ.പി. ഹാഫിസ് മുഹമ്മദിെൻറ ‘ഹാർമോണിയം’ എന്ന നോവലിെൻറ വായനാനുഭവം വിപിൻ പങ്കുവെച്ചു. എം.എസ്. ബാബുരാജിനെ പോലെയുള്ള മഹാരഥന്മാരുടെ സംഭാവനകൾ പുതിയ തലമുറക്ക് പകർന്ന് കൊടുക്കാൻ ഉതകുന്ന രീതിയിൽ കോഴിക്കോട് കേന്ദ്രമായി ഒരു മ്യൂസിയം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും വിപിൻ ഉന്നയിച്ചു.
സീബ കൂവോട്, സബീന എം. സാലി, ഫൈസൽ കൊണ്ടോട്ടി, ജോണി പൈങ്കുളം, ബീന, ജോമോൻ സ്റ്റീഫൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം. ഫൈസൽ ചർച്ച ഉപസംഹരിച്ച് സംസാരിച്ചു. നാസർ കാരകുന്ന് മോഡറേറ്റർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.