ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ചില്ല’ ഒക്ടോബർ വായന
text_fieldsറിയാദ്: പശ്ചിമേഷ്യയിൽ വീണ്ടും കൂട്ടക്കുരുതി നടക്കുമ്പോൾ, ഫലസ്തീൻ ജനതയുടെ പതിറ്റാണ്ടുകളായുള്ള അവകാശപോരാട്ടവും ഇസ്രായേലിെൻറ അധിനിവേശവും വീണ്ടും ചർച്ചചെയ്ത് ചില്ല സർഗവേദിയുടെ ഒക്ടോബർ വായന ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. ജുനൈദ് അബൂബക്കർ എഴുതിയ പോനോൻ ഗോംബെ എന്ന നോവലിെൻറ വായനാനുഭവം പങ്കുവെച്ച് സീബ കൂവോട് വായനക്ക് തുടക്കം കുറിച്ചു. ആഫ്രിക്കൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ, പ്രണയവും വിരഹവും ആട്ടിയോടിക്കപ്പെട്ടവരുടെ വേദനയും പങ്കുവെക്കുന്നു. ഭീകരവിരുദ്ധ പോരാട്ടമെന്ന പേരിൽ, ഇസ്ലാമോഫോബിയയുടെ ഇരകളായി മാറുകയും ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരുകൂട്ടം ജനങ്ങളുടെ ജീവിതം നോവലിൽ വരച്ചുകാട്ടുന്നുണ്ട്. സ്വന്തം ഭൂമികയിൽ വിലാസം നഷ്ടപ്പെടുന്നവരുടെ വേദനകളും ദുരിതങ്ങളും പങ്കുവെക്കുന്ന കൃതിയുടെ സവിശേഷതകൾ സീബ കൂവോട് വിവരിച്ചു. അജയ് പി. മങ്ങാട്ടിെൻറ ‘മൂന്നു കല്ലുകൾ’ എന്ന നോവലിെൻറ ഇതിവൃത്തം ഫൈസൽ കൊണ്ടോട്ടി അവതരിപ്പിച്ചു. മികച്ചൊരു വായനാനുഭവം സമ്മാനിക്കുന്നതാണ് ഈ നോവലെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരി ജെസ്സി ഹാസ് എഴുതിയ ചെയ്സ് എന്ന ബാലസാഹിത്യ കൃതിയുടെ വായന സ്നിഹ്ദ വിപിൻകുമാർ അവതരിപ്പിച്ചു. കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോഴുണ്ടാകുന്ന തിരിച്ചറിവുകളെ മനോഹരമായി വരച്ചിടുന്ന ലൈല സക്കീറിെൻറ ‘തണലിൽ തളിർത്തത്’ എന്ന കൃതിയാണ് സഫറുദ്ദീൻ താഴേക്കോട് അവതരിപ്പിച്ചത്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിെൻറ മൂർത്തമായ സമകാലിക പശ്ചാത്തലത്തിൽ, ഇസ്രായേൽ സ്വദേശിയായ ചരിത്രകാരൻ ഐലൻ പാപ്പെയുടെ ‘ടെൻ മിത്ത് എബൗട്ട് ഇസ്രായേൽ’ എന്ന കൃതിയുടെ വായന വി.കെ. ഷഹീബ അവതരിപ്പിച്ചത് കൂടുതൽ ചർച്ചക്കും സംവാദത്തിനും ഇടനൽകി.
ഇസ്രായേൽ എന്ന ജൂതരാജ്യത്തിെൻറ ഉത്ഭവത്തെയും സ്വത്വത്തെയും കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ, വസ്തുതകളും നിരീക്ഷണങ്ങളുമാണ് ചരിത്രകാരൻ കൂടിയായ എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. ബാൽഫോർ പ്രഖ്യാപനത്തിെൻറ സമയത്ത് ഫലസ്തീൻ ഒരു ശൂന്യഭൂമിയായിരുന്നുവെന്ന അവകാശവാദവും സയണിസത്തിെൻറ രൂപവത്കരണവും രാഷ്ട്രനിർമാണത്തിെൻറ ആദ്യ ദശകങ്ങളിൽ അതിെൻറ പങ്കും 1948ൽ ഫലസ്തീനികൾ സ്വമേധയാ അവരുടെ മാതൃഭൂമി വിട്ടുപോയി എന്നു തുടങ്ങിയ വാദങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ പുസ്തകമെന്ന് ഷഹീബ അഭിപ്രായപ്പെട്ടു. ചർച്ചയിലും സംവാദത്തിലും മൂസ കൊമ്പൻ, വിപിൻകുമാർ, ജോമോൻ സ്റ്റീഫൻ, പ്രദീപ് ആറ്റിങ്ങൽ, വിനോദ് മലയിൽ, ബഷീർ കാഞ്ഞിരപ്പുഴ, ഷിഹാബ് കുഞ്ചിസ് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു. നാസർ കാരക്കുന്ന് പുസ്തകാവതരണങ്ങളെ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.