‘പലമ’യുടെ വായനയുമായി ചില്ല സർഗവേദി
text_fieldsറിയാദ്: വ്യത്യസ്തമായ അഞ്ചു കൃതികളുടെ വായന പങ്കുവെച്ച് റിയാദിലെ ചില്ല സർഗവേദിയുടെ ഒക്ടോബർ മാസത്തെ വായന ബത്ഹ ലുഹ ഹാളിൽ നടന്നു. സ്നേഹരഹിതമായ ലോകത്ത്, സ്നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന നായകന്റെ കഥപറയുന്ന പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ നോവലിന്റെ വായനാനുഭവം ജോമോൻ സ്റ്റീഫൻ സദസ്സുമായി പങ്കുവെച്ചു. 82 വർഷം മുമ്പ് എഴുതപ്പെട്ട നോവൽ ഇന്നും കാലിക പ്രസക്തമാണെന്ന് ജോമോൻ അഭിപ്രായപ്പെട്ടു.
വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ എഴുതിയ ‘അവർ ഹിസ്റ്ററി, ദേർ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി’ എന്ന കൃതിയുടെ വായന ജോണി പനംകുളം പങ്കുവെച്ചു.
ഇന്ത്യയിൽ ദേശീയതയുടെ രണ്ട് വിരുദ്ധ സങ്കൽപങ്ങൾ എങ്ങനെ രൂപപ്പെട്ടെന്നും രാഷ്ട്രത്തിന്റെ ആശയം രൂപപ്പെടുത്തിയെന്നും ഈ കൃതി അന്വേഷിക്കുന്നു. എൻ.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച ഇന്ത്യൻ ചരിത്ര പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളെയും പുസ്തകം അഭിസംബോധന ചെയ്യുന്നതായി ജോണി പറഞ്ഞു.
സൗദിയിൽ പ്രവാസിയായിരുന്ന കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എഴുതിയ ‘അത്തിക്കയുടെ പ്രവാസം’ എന്ന ചെറുകഥാസമാഹാരത്തിന്റെ വായന പ്രദീപ് ആറ്റിങ്ങൽ പങ്കുവെച്ചു. മുംബൈയിലെ കാമാത്തിപുര മുതല് സൗദിയിലെ മണലാരണ്യം വരെയും നേപ്പാളിലെയും ആഫ്രിക്കയിലെയും വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ കൂടി അഭിസംബോധന ചെയ്യുന്നതാണ് ഇൗ പുസ്തകമെന്ന് പ്രദീപ് വിശദീകരിച്ചു.
എൻ. മോഹനൻ എഴുതിയ ‘ഒരിക്കൽ’ എന്ന ചെറുനോവലിലെ പ്രണയാതുര നിമിഷങ്ങൾ സബീന എം. സാലി സദസ്സുമായി പങ്കുവെച്ചു. സഫലമാകാത്ത പ്രണയത്തിന്റെ നോവുകളും വിരഹവും പങ്കുവയ്ക്കുന്ന കൃതിയുടെ വായന സബീന സദസ്സിന് മുന്നിൽ വായിച്ചു.
റാം കെയറോഫ് ആനന്ദി എന്ന കൃതിയുടെ വായന മൂസ കൊമ്പൻ പങ്കുവെച്ചു. അടുത്തകാലത്ത് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെട്ട പല കൃതികളിൽനിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതൽ വായനക്കാരെ ആകർഷിക്കാൻ അഖിൽ പി. ധർമജെൻറ ഈ കൃതിക്ക് കഴിഞ്ഞത് ലളിതമായ ഭാഷയിൽ പ്രണയവും സൗഹൃദവും അതിമനോഹമായി അവതരിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് മൂസ അഭിപ്രായപ്പെട്ടു.
ചർച്ചകൾക്ക് എം. ഫൈസൽ തുടക്കം കുറിച്ചു. ബീന, ജോണി പനംകുളം, മൂസ കൊമ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ്ലാൽ ചർച്ചകൾ ഉപസംഹരിച്ചു. നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.