ചില്ല സർഗവേദി ദശവാർഷികം ആഘോഷിച്ചു
text_fieldsറിയാദ്: ചില്ല സർഗവേദിയുടെ ദശവാർഷികം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. കവിയും സാംസ്കാരിക പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണന്റെ പ്രഭാഷണവും സംവാദങ്ങളുമാണ് വാർഷികപരിപാടിയെ സമ്പന്നമാക്കിയത്. ഉദ്ഘാടനം പി.എൻ. ഗോപീകൃഷ്ണൻ നിർവഹിച്ചു. ബത്ഹയിലെ ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽനടന്ന പരിപാടിയിൽ ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ അധ്യക്ഷത വഹിച്ചു. കെ.പി.എം. സാദിഖ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.
അയ്യങ്കാളിയുടെ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലുവണ്ടി എന്ന സംഗീത-നൃത്തശില്പം കേളി പ്രവർത്തകർ അവതരിപ്പിച്ചു. തുടർന്ന് ‘മലയാളത്തിന്റെ കാവ്യസങ്കൽപയാത്രകൾ’ എന്ന വിഷയത്തിൽ പി.എൻ. ഗോപീകൃഷ്ണൻ ചില്ല ദശവാർഷിക പ്രഭാഷണം നടത്തി. മലയാള കവിത മണിപ്രവാള കാലഘട്ടത്തിൽനിന്ന് നമ്മുടെ കാലഘട്ടത്തിലേക്കു സഞ്ചരിച്ചതിന്റെ ഭാവുകത്വപരമായ ചരിത്രം അദ്ദേഹം വിശദീകരിച്ചു. താളത്തിലും വൃത്തത്തിലും എഴുതിയാൽ മാത്രമേ കവിതയാകൂ എന്ന ചിന്തയെല്ലാം മാറി കവിതയിൽ കവിതയുണ്ടാകണമെന്ന ബോധം മലയാളത്തിൽ ക്രമേണ വികസിച്ചുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികചട്ടങ്ങളെ തിരുത്തുന്നതിലും വാർപ്പുമാതൃകകളെ ലംഘിക്കുന്നതിലും ആശാന്റെ കവിതകൾ വഹിച്ച പങ്ക് അദ്ദേഹം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. സീബ കൂവോട് സെഷെൻറ മോഡറേറ്ററായിരുന്നു. മൂസ കൊമ്പൻ സ്വാഗതവും നാസർ കാരക്കുന്ന് നന്ദിയും പറഞ്ഞു.
‘പി.എൻ. ഗോപീകൃഷ്ണന്റെ കവിതകൾ രാഷ്ട്രീയം പറയുന്നത്’ എന്ന വിഷയത്തിൽ നടന്ന രണ്ടാമത്തെ സെഷൻ ഒരു സംഭാഷണരൂപത്തിലുള്ളതായിരുന്നു. സമകാലീന കവികളുടെ കാവ്യവീക്ഷണത്തിൽനിന്ന് തന്റെ കവിത എങ്ങനെ വേറിട്ടുനിൽക്കുന്നു എന്നാണ് കവി പ്രതിപാദിച്ചത്. കവിതയിൽ കാലത്തിന്റെ രാഷ്ട്രീയം ഉണ്ടാകും.
മലയാളത്തിലെ കവികളേക്കാൾ കിഴക്കൻ യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളിലെ കവികളാണ് തനിക്ക് പ്രേരണയായതെന്ന് കവി തുറന്നുപറഞ്ഞു. സഹഭാഷണം നടത്തിയത് എം. ഫൈസൽ ആയിരുന്നു. വി.കെ. ഷഹീബ ആമുഖം അവതരിപ്പിച്ചു. നജിം കൊച്ചുകലുങ്ക് നന്ദി പറഞ്ഞു.
മൂന്നാമത്തെ സെഷന് ആധാരമായത് കവിയുടെ തന്നെ ഏറ്റവും പുതിയ ചരിത്രപഠനമായ ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകമാണ്. ‘സംസ്കാരം, ദേശീയത, ചരിത്രം’ എന്ന വിഷയത്തിൽ ഏറെ വിപുലമായ സംവാദം നടന്നു.
ഹിന്ദുത്വരാഷ്ട്രീയത്തെ കുറിച്ച് എഴുതാനുണ്ടായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. ഹിന്ദുത്വനുണകളെ നേരിടാൻ ജനാധിപത്യ പ്രവർത്തകർ കണിശമായ ചരിത്രബോധമുള്ളവരായിരിക്കണം എന്ന ചിന്തയിൽനിന്നാണ് പുസ്തകരചന തുടങ്ങുന്നത്. ദേശീയസ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇപ്പോൾ രാജ്യസ്നേഹത്തിന്റെ മൊത്തവ്യാപാരികളാകുന്നത്. സവർക്കർ മുന്നോട്ടുവെച്ച ഹിന്ദുത്വത്തെ യാഥാർഥ്യമാക്കുക എന്നതാണ് സംഘപരിവാർ സർക്കാരിന്റെ ലക്ഷ്യം എന്ന അപകടത്തെ അദ്ദേഹം സദസുമായി പങ്കുവെച്ചു.
ജോമോൻ സ്റ്റീഫനായിരുന്നു സെഷെൻറ മോഡറേറ്റർ. സൗരവ് വിപിൻ, നേഹ പുഷ്പരാജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. വിപിൻ കുമാർ ആമുഖം അവതരിപ്പിച്ചു. ജോഷി പെരിഞ്ഞനം നന്ദി പറഞ്ഞു.
നാലാമത്തെ സെഷൻ കവിതയുടെയും ദേശീയതയുടെയും ഭാവി എന്ന വിഷയത്തിലുള്ള കൂടിയിരിപ്പ് ചർച്ചയായിരുന്നു. രാമായണം ഒരു സാഹിത്യകൃതിയാണ്. അതിന്റെ ഭാഷ്യങ്ങൾ നിരവധിയാണ്. അത് ഒരു മതത്തിന്റെ കുത്തകയായി അനുവദിച്ചുകൊടുക്കുന്നത് അപകടകരമാണ്. രാമായണം അടക്കമുള്ള നമ്മുടെ സർഗരചനകളെ അവയുടെ മതനിരപേക്ഷ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാൻ നമുക്ക് സാധിക്കണം എന്ന് പി.എൻ. ഗോപീകൃഷ്ണൻ ഓർമിപ്പിച്ചു. ടാഗോറിനെ പോലെ അപകടകരമായ ദേശീയതയെ തിരിച്ചറിഞ്ഞ മറ്റൊരാളില്ല ആ പാരമ്പര്യം ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഇന്ത്യയിലെ എഴുത്തുകാരെ ഹിന്ദുത്വത്തിന്റെ ചതിക്കുഴിയിൽ വീഴ്ത്താൻ ഇനിയും സാധിക്കാത്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംവാദങ്ങൾക്ക് ശേഷം സി.എം. സുരേഷ് ലാൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.