ചില്ല സർഗവേദി ഒക്ടോബർ വായന സംഘടിപ്പിച്ചു
text_fieldsറിയാദ്: ചില്ല സർഗവേദി ഒക്ടോബർ മാസത്തെ വായന -സംവാദ പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു. കുടിയേറ്റ കർഷകരുടെ ജീവിതത്തെക്കുറിച്ച് പറയുന്ന വിനോയ് തോമസ് എഴുതിയ 'കരിക്കോട്ടക്കരി' എന്ന നോവലിെൻറ വായനാനുഭവം പങ്കുവെച്ച് ഇഖ്ബാൽ കൊടുങ്ങല്ലൂർ വായനക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ കർഷകർ നേരിടുന്ന വെല്ലുവിളികളെയും കോർപറേറ്റുകളെ സഹായിക്കുന്ന തരത്തിൽ ഭരണകൂടം നടപ്പാക്കിയ കർഷകവിരുദ്ധ നിയമങ്ങളെക്കുറിച്ചുള്ള ചർച്ച ഇതിനോട് അനുബന്ധിച്ചുണ്ടായി.
ഇ. സന്തോഷ് കുമാറിെൻറ 'മൂന്ന് വിരലുകൾ' എന്ന കഥാസമാഹാരത്തിെൻറ വായനാനുഭവം നജിം കൊച്ചുകലുങ്ക് പങ്കുവെച്ചു. സന്തോഷ് കുമാറിെൻറ കഥകൾ ചരിത്രത്തിെൻറ ഇഴകൾക്കൊപ്പം ഭാവനയും ഫാൻറസിയും എല്ലാം ഉൾച്ചേർന്നവയാണെന്ന് നജിം പറഞ്ഞു. കോവിലെൻറ 'ഹിമാലയം' എന്ന കൃതി അവതരിപ്പിച്ച എം. ഫൈസൽ, ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ ബന്ധപ്പെടുത്തി സൈനികെൻറ ജന്മദുരിതക്കാഴ്ചകളുടെ നിസ്സഹമായ ചിത്രം വിവരിച്ചു. കോവിലൻ ശൈലിയുടെ പ്രത്യേകത തുടർന്ന് നടന്ന സംവാദത്തിൽ വിഷയമായി. ഇന്ത്യയിൽ നടക്കുന്ന നടക്കുന്ന കർഷക സമരങ്ങൾ, ഇന്ത്യയിൽ പൊതുവായും, യു.പി പോലുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും നടക്കുന്ന ജാതി -മത സംഘർഷങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ബാബരി മസ്ജിദ് കേസിലെ വിധി എന്നിവയെ കുറിച്ചൊക്കെ വിശദമായ ചർച്ചകൾ ഉയർന്നു വന്നു. ഇത്തരം സമരങ്ങൾ, ഇന്ത്യയിൽ ജനാധിപത്യം മരിക്കില്ല, നിലനിൽക്കും എന്ന സൂചന നൽകുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അഖിൽ ഫൈസൽ, സുരേഷ് ലാൽ, സാലു, ബീന, നിഖില, അമൃത, മുനീർ, ആർ. മുരളീധരൻ, ഷഫീഖ്, അബ്ദുൽ റസാഖ്, സുരേഷ് കൂവോട്, നൗഷാദ് കോർമത്ത് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ലീന കോടിയത്ത് മോഡറേറ്റർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.