വൈവിധ്യം നിറഞ്ഞ മനുഷ്യക്കാഴ്ചകൾ പങ്കുവെച്ച് ‘ചില്ല’യുടെ ആഗസ്റ്റ് വായന
text_fieldsറിയാദ്: ‘വിമോചനത്തിന്റെയും വിടുതലിന്റെയും വിമുക്തിയുടെയും വായനകളും ഇടപെടലുകളും’ എന്ന തലക്കെട്ടിൽ റിയാദിലെ ചില്ല സർഗവേദിയുടെ ആഗസ്റ്റ് മാസ വായന പരിപാടി നടന്നു. വായനയുടെ ബഹുസ്വരത കൊണ്ടും രാഷ്ട്രീയമായ ബദൽ വീക്ഷണം കൊണ്ടും പരിപാടി ശ്രദ്ധേയമായി. സുധാ മേനോൻ രചിച്ച ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിയുടെ വായന പങ്കുവെച്ച് ബീന പരിപാടിക്ക് തുടക്കം കുറിച്ചു.
ജാതി, മത, ദേശ, വംശ ഭേദമില്ലാതെ വർഗീയലഹളകളും വംശഹത്യകളും പ്രകൃതിദുരന്തങ്ങളും മനുഷ്യക്കടത്തുകളും കൃഷിനാശവും ദാരിദ്ര്യവും അനുഭവിക്കേണ്ടി വരുന്ന സ്ത്രീ ജീവിതങ്ങളുടെ വേദനയും സങ്കടവും മുറിവുകളും പങ്കുവെക്കുന്ന ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഇരകളുടെ ഓർമപ്പുസ്തകമാണ് ഈ കൃതിയെന്ന് ബീന പറഞ്ഞു.
സ്പാനിഷ് ഭരണകൂടത്തിനെതിരെ ബാസ്ക് ജനത നടത്തിയ അവിസ്മരണീയമായ പോരാട്ടങ്ങളുടെ ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സിഡ്നി ഷെൽഡന്റെ ‘ദി സാൻഡ്സ് ഓഫ് ദി ടൈം’ എന്ന കൃതിയുടെ വായന ശിഹാബ് കുഞ്ചീസ് അവതരിപ്പിച്ചു. ദേശീയത എന്ന ടൂൾ ഉപയോഗിച്ചുകൊണ്ട് ഭരണാധികാരികൾ നടപ്പാക്കുന്ന പ്രാദേശിക ഭാഷയുടെയും സംസ്കാരങ്ങളുടെയും തുടച്ചുനീക്കൽ ശിഹാബ് കുഞ്ചീസ് സദസ്സുമായി പങ്കുവെച്ചു.
കേരള നവോത്ഥാന പ്രസ്ഥാനത്തിന് ശക്തിപകർന്ന വി.ടി. ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം ഉയർത്തിയ ചിന്തകളും ഇന്നും അധികമൊന്നും മാറാത്ത വർത്തമാന കേരളവും ചർച്ച ചെയ്തുകൊണ്ടായിരുന്നു എം. ഫൈസലിന്റെ അവതരണം.
സ്ത്രീ വിമോചന മുന്നേറ്റങ്ങൾക്ക് കരുത്തുപകർന്ന് ഒരു നൂറ്റാണ്ടു മുമ്പ് കേരളീയ സമൂഹത്തെ പിടിച്ചുകുലുക്കിയ ചരിത്ര നാടകം വർത്തമാനകാല സാമൂഹിക യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പ്രസക്തമാവുകയാണ്.
ഡോ. ബിഷപ് പൗലോസ് മാർ പൗലോസ് എഴുതിയ ‘നിശബ്ദരായിരിക്കാൻ നിങ്ങൾക്കെന്തധികാരം’ എന്ന കൃതി ഉണർത്തുന്ന ചിന്തകൾ ജോമോൻ സ്റ്റീഫൻ പങ്കുവെച്ചു. അടിസ്ഥാന വർഗത്തിൽപ്പെടുന്ന മനുഷ്യരുടെ ജീവിതഗന്ധിയായ പോരാട്ടസമരങ്ങളിൽ, മതത്തിന്റെ വേലിക്കെട്ടിനപ്പുറത്ത് വർഗസമര സിദ്ധാന്തത്തിന്റെ ആശയധാരകൾ, പ്രയോഗവത്കരിക്കുന്നതിൽ ഐക്യപ്പെടുക എന്ന സന്ദേശം പുസ്തകം പകർന്നു നൽകുന്നു.
1950കളിൽ ലാറ്റിൻ അമേരിക്കയിൽ രൂപം കൊണ്ട വിമോചന ദൈവശാസ്ത്രം എന്ന പ്രത്യയശാസ്ത്ര ചിന്താസരണിയെ പരിചയപ്പെടുത്തുന്ന പുസ്തകം സദസ്സിൽ സജീവ ചർച്ചക്ക് വിഷയമായി.
ഫിക്ഷൻ-നോൺഫിക്ഷൻ ഇരുകാലുകളിലൂടെ സർവ ഊർജവും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് മാറ്റിവക്കുന്ന അരുന്ധതി റോയിയുടെ ലേഖനങ്ങളുടെ സമാഹാരമായ ‘ആസാദി’ നൽകുന്ന സന്ദേശം സുരേഷ് ലാൽ സദസ്സുമായി പങ്കുവെച്ചു. ഫാഷിസം ഇന്ത്യയില്‍ ഇനിയും എത്തിയിട്ടില്ലെന്ന് വിചാരിക്കുന്നവരെ കുലുക്കിയുണര്‍ത്തി അടിയന്തരവും അനിവാര്യവുമായ പോരാട്ടത്തിന് സജ്ജമാക്കാൻ, പോരാടാൻ ആഹ്വാനം ചെയ്യുന്നതാണ് ഈ കൃതിയെന്ന് സുരേഷ് ലാൽ അഭിപ്രായപ്പെട്ടു.
വായനകൾക്കുശേഷം നടന്ന ചർച്ചയിൽ വിപിൻകുമാർ, മുനീർ വട്ടേക്കാട്ടുകര, ജോണി പൈങ്കുളം, സബീന എം. സാലി തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ച് നാസർ കാരക്കുന്ന് സംസാരിച്ചു. സീബ കൂവോട് മോഡറേറ്റർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.