സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ്: മലയാളികളടങ്ങുന്ന സംഘം അൽഖോബാറിൽ പിടിയിൽ
text_fieldsദമ്മാം: പൊലീസ് വേഷത്തിലെത്തി തോക്കിൻ മുനയിൽ നിർത്തി മലയാളികളടങ്ങുന്നവരുടെ താമസസ്ഥലം കൊള്ളയടിച്ച സംഘം അൽഖോബാറിൽ പിടിയിൽ. രണ്ട് മലയാളികളും ഒരു സിറിയൻ പൗരനും രണ്ട് സ്വദേശികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10ന് അൽഖോബാർ ഷിമാലിയയയിൽ ഫൈസൽ സ്ട്രീറ്റിലെ എട്ടാംനമ്പർ ക്രോസിനടുത്ത് ഒരു കമ്പനിയിലെ 11ഓളം തൊഴിലാളികൾ താമസിക്കുന്നിടത്താണ് സംഘം കർച്ച നടത്തിയത്. രണ്ട് പേർ പൊലീസ് വേഷത്തിലായിരുന്നു. ഒരാൾ ടീഷർടും ജീൻസും ധരിച്ചിരുന്നു. മറ്റുള്ള രണ്ട് പേർ തോക്കുധാരികളായിരുന്നുവത്രേ.
മുറിയിലേക്ക് കടന്നുവന്ന പൊലീസ് വേഷധാരിയുടെ പക്കൽ തോക്കും വിലങ്ങും ഉണ്ടായിരുന്നു. ഇതേതുടർന്ന് ആർക്കും സംശയം തോന്നിയില്ല. മുറിയിലേക്ക് പ്രവേശിച്ച ഉടനെ തോക്കുചൂണ്ടി വിവിധ മുറികളിൽ ഉണ്ടായിരുന്ന എല്ലാവരേയും ഒരുമുറിയിലാക്കി പൂട്ടി. എല്ലാവരുടേയും ഇഖാമകളും 13ഫോണുകളും അവർ ൈകക്കലാക്കി. ശേഷം മുറികൾ മുഴുവൻ പരിശോധിച്ച സംഘം പലരുടേയും പഴ്സുകളിൽ നിന്നായി 10,000ലധികം റിയാലും കൈക്കലാക്കി.
അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ പാസ്പോർട്ടുകളും ഇവർ കൊണ്ടുപോയി. വെള്ളനിറത്തിലെ വാഹനത്തിലാണ് സംഘമെത്തിയതെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. ഇവർ പോയ ഉടനെ വിവരം സ്പോൺസറെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്.
സ്പോൺസറുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ട് മലയാളികളേയും, ഒരു ഇൗജിപ്ഷ്യനെയും പൊലീസ് പിടികൂടിയത്. തട്ടിപ്പിനിരയായവർ പൊലീസ് സ്റ്റേഷനിലെത്തി ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഘത്തിലുണ്ടായിരുന്ന രണ്ട് സ്വദേശികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒന്നര വർഷം മുമ്പ് ഇതേ മുറിയിൽ താമസിച്ചിരുന്ന കൊടുവള്ളി സ്വദേശിയിൽ നിന്ന് സമാനമായ രീതിയിൽ സംഘം ഒന്നരലക്ഷം റിയാൽ തട്ടിയെടുത്തിരുന്നു. ഇയാെള തേടിതന്നെയാണ് സംഘം ഇത്തവണയും എത്തിയത്.
എന്നാൽ ഇയാൾ ഒരു വർഷം മുേമ്പ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റ് രണ്ട് പ്രതികളെ കൂടി പിടികൂടിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. നീണ്ട ഇടവേളക്ക് ശേഷമാണ് സി.ഐ.ഡി ചമഞ്ഞുള്ള തട്ടിപ്പുകൾ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.