സിഫ് ഈസ് ടി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റ്: മുൻ ചാമ്പ്യന്മാരായ സബീൻ എഫ്.സി പുറത്ത്
text_fieldsജിദ്ദ: ജിദ്ദയിൽ നടന്നു വരുന്ന സിഫ് ഈസ് ടി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ സബീൻ എഫ്.സി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് എഫ്.സി യാംബുവിനെ പരാജയപ്പെടുത്തിയെങ്കിലും ലീഗ് അടിസ്ഥാനത്തിൽ സെമി ഫൈനലിലെത്താനുള്ള പോയന്റ് നേടാൻ കഴിയാതെയാണ് സബീൻ എഫ്.സിയുടെ പുറത്താകൽ. സെമി ഫൈനൽ പ്രവേശനത്തിന് രണ്ടു ഗോൾ വ്യത്യാസത്തിൽ ജയമെന്ന ടാർഗറ്റ് വെച്ച് കളിക്കിറങ്ങിയ മുൻ ചാമ്പ്യന്മാർ ആദ്യ പത്തു മിനിറ്റിൽ തന്നെ മൂന്ന് തവണ എഫ്.സി യാംബുവിന്റെ വല കുലുക്കി ലീഡ് നേടിയിരുന്നു.
എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ മുൻതൂക്കം നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി എഫ്.സി യാംബു തങ്ങളുടെ തിരിച്ചു വരവിന്റെ സിഗ്നൽ നൽകി. വീണ്ടും സബീൻ എഫ്.സി ഒരു ഗോൾ നേടി തങ്ങളുടെ സ്കോർ നാലിലെത്തിച്ചെങ്കിലും കളിയുടെ നിർണായകമായ അവസാന 15 മിനിറ്റിനുള്ളിൽ ലഭിച്ച രണ്ട് ക്ലാസിക് ഫ്രീ കിക്കുകൾ എഫ്.സി യാംബു, സബീൻ എഫ്.സിയുടെ വലയിൽ കൃത്യമായി അടിച്ചുകയറ്റി.
കളിയിൽ ഒരു ഗോളിന് തോറ്റെങ്കിലും എഫ്.സി യാംബുവിനെ സെമിയിലെത്തിക്കാൻ അവർ നേടിയ മൂന്ന് ഗോളുകൾ ധാരാളമായിരുന്നു. എഫ്.സി യാംബുവിനെ സെമി ഫൈനലിൽ എത്തിക്കാൻ മുഖ്യ കാരണക്കാരനായ കണ്ണൻ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനുള്ള ട്രോഫി ശിഫ ജിദ്ദ പോളി ക്ലിനിക്ക് മാനേജിങ് ഡയറക്ടർ ഫാഇദ അബ്ദുറഹ്മാൻ സമ്മാനിച്ചു.
വെള്ളിയാഴ്ച നടന്ന ആദ്യ ബി ഡിവിഷൻ മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് എഫ്.സി ഖുവൈസയെ തകർത്ത അൽ ഹാഷ്മി ന്യൂ കാസിൽ ടീം സെമിയിൽ പ്രവേശിച്ചു. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ അൽ ഹാഷ്മി ന്യൂ കാസിൽ ടീം അംഗം അൻസിലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. അബു കൊട്ടപ്പുറം അദ്ദേഹത്തിനുള്ള ട്രോഫി സമ്മാനിച്ചു. രണ്ടാം ബി ഡിവിഷൻ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബുക്കറ്റ് എഫ്.സി മക്കയെ പരാജയപ്പെടുത്തി സോക്കർ ഫ്രീക്സ് സീനിയേഴ്സ് വിജയിച്ചു.
സോക്കർ ഫ്രീക്സിന്റെ മുഹമ്മദ് ഷാഫിയെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. സിഫ് ട്രഷറർ നിസാം പാപ്പറ്റ അദ്ദേഹത്തിനുള്ള സമ്മാനം കൈമാറി. മൂന്നാം ബി ഡിവിഷൻ മത്സരത്തിൽ അനലിറ്റിക്സ് റെഡ് സീ ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കെ.എൽ 10 റസ്റ്റോറന്റ് ബി.എഫ്.സി ബ്ലൂസ്റ്റാർ സീനിയേഴ്സിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി രണ്ട് ഗോളുകൾ നേടിയ അക്മൽ ഷാനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഗഫൂർ മലപ്പുറം ട്രോഫി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.