കാഴ്ചയിലാനന്ദമായി യാംബുവിൽ ‘സിറ്റി ഓഫ് ലൈറ്റ്സ് ഫെസ്റ്റിവൽ’
text_fieldsയാംബു: വിനോദ സഞ്ചാരവും വിനോദവും സമന്വയിപ്പിച്ച് യാംബു റോയൽ കമീഷൻ സംഘടിപ്പിച്ചിരിക്കുന്ന ‘സിറ്റി ഓഫ് ലൈറ്റ്സ് ഫെസ്റ്റിവൽ’ സന്ദർശകരെ ആകർഷിക്കുന്നു. വൈവിധ്യമാർന്ന ഉല്ലാസ പരിപാടികളും പവിലിയനുകളും ഫുഡ് കോർട്ടുകളും ഒരുക്കിയ മേള കാണാൻ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. എൽ.ഇ.ഡിയുടെ വൈദ്യുത ദീപക്കാഴ്ചകൾ നഗരിയുടെ രാത്രി കാഴ്ചയെ മനോഹരമാക്കുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് മേളയുടെ ഔപചാരികമായ ഉദ്ഘാടനം യാംബു റോയൽ കമീഷൻ സി.ഇ.ഒ. എൻജി. അബ്ദുൽ ഹാദി അൽജുഹാനി, റോയൽ കമീഷൻ സപ്പോർട്ട് സർവിസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മുഹമ്മദ് ബജിർഫാൻ, സോഷ്യൽ സർവിസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഗാസി അൽഉതൈബി എന്നിവർ ചേർന്ന് നിർവഹിച്ചത്. മേള നഗരിയിലെ കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരം തന്നെയാണ് സന്ദർശകരെ പ്രധാനമായും ആകർഷിക്കുന്നത്. റോയൽ കമീഷനിലെ ‘ഫിറ്റ്നസ്’ സെന്ററിന് എതിർവശത്തെ വാട്ടർ ഫ്രന്റ് പാർക്കിലെ വിശാലമായ പ്രദേശത്താണു ‘സിറ്റി ഓഫ് ലൈറ്റ്സ് ഫെസ്റ്റിവൽ’ ഒരുക്കിയിട്ടുള്ളത്. പ്രദേശത്തുള്ള 200 ലധികം മരങ്ങളിലെ ‘ലൈറ്റ് അപ്പ്’ ദൃശ്യവിസ്മയം തീർക്കുന്നു.
30 വിശിഷ്ട ഭക്ഷണവിഭവങ്ങളുടെ ഫുഡ് കോർട്ടുകളും മറ്റു ധാരാളം റെസ്റ്റോറന്റുകളും 40 ഷോപ്പിങ് പവിലിയനുകളും നഗരിയിൽ ഒരുക്കിയിട്ടുണ്ട്. 20ഓളം സ്ത്രീ പുരുഷ കലാകാരന്മാർ നേതൃത്വം നൽകുന്ന കലാപ്രകടനങ്ങളും കുട്ടികൾക്കുള്ള പ്രത്യേക ഉല്ലാസ കേന്ദ്രങ്ങളും നഗരിയിൽ ആളുകളെ മതിമയക്കും വിധം ആകർഷിക്കുന്നു.
കുട്ടികൾക്ക് ചിത്രരചന നടത്താനും പ്രദർശിപ്പിക്കാനുമുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരിയിലെ ‘ഗെയിംസ് സിറ്റി’യിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി 20 ഗെയിമുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാൻ രാത്രി കാലങ്ങളിൽ വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ മത്സരങ്ങളും വൈവിധ്യമാർന്ന ഉല്ലാസ സംവിധാനങ്ങളും നഗരിയിൽ ഒരുക്കിയതും കുടുംബങ്ങളെ ഇങ്ങോട്ട് ആകർഷിക്കുന്ന മുഖ്യ ഘടകങ്ങളാണ്.
യാംബു റോയൽ കമീഷൻ സോഷ്യൽ സർവിസ് ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന ഫെസ്റ്റിവലിലേക്ക് എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നു. മാർച്ച് അഞ്ചുവരെ തുടരുന്ന മേള കാണാൻ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.