ജിദ്ദ ഇന്ത്യൻ സ്കൂളിൽ ഘട്ടംഘട്ടമായി ക്ലാസുകൾ സാധാരണനിലയിലേക്ക്
text_fieldsജിദ്ദ: കോവിഡിനെ തുടർന്ന് രണ്ടു വർഷത്തോളമായി നിർത്തിവെച്ചിരുന്ന ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള നിർദേശത്തെതുടർന്നാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ അറിയിച്ചു. കെ.ജി മുതൽ 12 വരെ ക്ലാസുകൾ ഘട്ടംഘട്ടമായാണ് ആരംഭിക്കുന്നത്. 10, 12 ക്ലാസുകൾ ചൊവ്വാഴ്ചയും ഒമ്പത്, 11 ക്ലാസുകൾ വ്യാഴാഴ്ചയും തുടങ്ങി.
ആറ്, ഏഴ്, എട്ട് ക്ലാസുകൾ ഫെബ്രുവരി ഒന്നു മുതലും കെ.ജി മുതൽ അഞ്ച് വരെ ക്ലാസുകൾ ഫെബ്രുവരി ആറിനുമാണ് ആരംഭിക്കുക. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.10 വരെയും കെ.ജി ക്ലാസുകളിൽ എട്ടു മുതൽ ഉച്ചക്ക് 12.15 വരെയുമായിരിക്കും അധ്യയനം നടക്കുക. 12ാം ക്ലാസ് വിദ്യാർഥികൾക്ക് എല്ലാ ദിവസവും ക്ലാസുകൾ ഉണ്ടായിരിക്കും. എന്നാൽ, മറ്റു ക്ലാസുകളിലെ കുട്ടികളെ അതത് ക്ലാസ് ടീച്ചർമാർ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ദിവസങ്ങളിലായിട്ടായിരിക്കും ക്ലാസുകൾ നടക്കുക.
ക്ലാസുകൾ നടക്കാത്ത ദിവസങ്ങളിൽ വിദ്യാർഥികൾക്ക് വീട്ടിൽനിന്ന് പഠിക്കാനുള്ള കാര്യങ്ങൾ കൃത്യമായി സ്കൂളിൽനിന്ന് നൽകും. വിദ്യാർഥികൾ ആരോഗ്യ മന്ത്രാലയത്തിൽനിന്നും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സ്കൂൾ കോമ്പൗണ്ടിൽ കാന്റീൻ പ്രവർത്തിക്കില്ല, അതിനാൽ വിദ്യാർഥികൾ വെള്ളം, ലഘുഭക്ഷണം എന്നിവ സ്വന്തമായി കൊണ്ടുവരണം.
പനി പോലുള്ള അസുഖ ലക്ഷണങ്ങളുള്ള കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ അയക്കരുത്. സ്കൂൾ നേരിട്ടുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യം ഉണ്ടാവില്ല, അതിനാൽ കുട്ടികളെ രക്ഷിതാക്കൾ തന്നെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു കൊണ്ടുപോവുകയും വേണം. സ്കൂളിലുടനീളം കുട്ടികൾ ഫേസ് മാസ്ക് അണിഞ്ഞിരിക്കണം.
സാമൂഹിക അകലം പാലിക്കൽ, കൈകൾ സാനിറ്റൈസർ ചെയ്യൽ, ശരീര ഊഷ്മാവ് പരിശോധിക്കൽ തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകളെല്ലാം കുട്ടികൾ പാലിക്കണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.