സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാലുടൻ ക്ലാസുകൾ ആരംഭിക്കും: അംബാസഡർ ഡോ. ഔസാഫ് സഈദ്
text_fieldsജുബൈൽ: പുതിയ അധ്യയന വർഷം സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാലുടൻ ക്ലാസുകൾ തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അംബാസഡർ പറഞ്ഞു. ജുബൈൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിനുള്ള സ്കോളർഷിപ്പുകൾ ഇന്ത്യൻ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്ന് അംബാസഡർ നിർദേശിച്ചു. സൗദിയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിനായി 400 ഓളം സ്കോളർഷിപ്പുകളുണ്ടെങ്കിലും 40 ശതമാനത്തിൽ താഴെ മാത്രമാണ് വിദ്യാർത്ഥികൾ അത് ഉപയോഗപ്പെടുത്തുന്നത്. സൗദിയും ഇന്ത്യയും തമ്മിൽ വിദ്യാഭ്യാസ രംഗത്തു നിലനിൽക്കുന്ന കരാർ അനുസരിച്ച് സൗദി അറേബ്യയിൽ ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും യൂണിവേഴ്സിറ്റി കാമ്പസുകളും ആരംഭിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗദി യൂണിവേഴ്സിറ്റികളിലെ പഠനാവസരങ്ങളെ സംബന്ധിച്ചും സ്കോളർഷിപ്പുകൾ ഉപയോഗപ്പെടുത്തുന്ന രീതിയെക്കുറിച്ചും ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. സൗദി യൂണിവേഴ്സിറ്റികളിലെ ഇന്ത്യൻ അധ്യാപകരുടെ ഫോറം രൂപവത്കരിക്കുന്നതിനും നടപടിയെടുക്കുമെന്ന് അംബാസഡർ പറഞ്ഞു.
നാട്ടിൽ നിന്നും തിരിച്ചു വരാൻ കഴിയാത്ത അധ്യാപകർക്കും ജീവനക്കാർക്കും മടങ്ങി എത്തുന്നതിനു നടപടി സ്വീകരിക്കും. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതെ തുടരുന്ന ഇന്ത്യക്കാരുടെ സാങ്കേതിക തടസ്സം നീക്കാൻ സൗദി അധികൃതരുമായി ബന്ധപ്പെടാമെന്നും അംബാസഡർ ഉറപ്പ് നൽകി. ഡി.സി.എം രാം പ്രസാദ്, സെക്കൻഡ് സെക്രട്ടറിമാരായ ആസിം അൻവർ, നിതിൻ, പ്രിൻസിപ്പൽ നൗഷാദ് അലി, സൈഫുദ്ദീൻ പൊറ്റശ്ശേരി, ജയൻ തച്ചമ്പാറ, യാസീൻ അഹ്മദ്, രാജേഷ്, അർഷാദ്, റൗഫ്, ജുബൈലിലെ വ്യവസായികൾ, മറ്റു പ്രൊഫഷനലുകൾ എന്നിവർ പങ്കെടുത്തു. വാഹിദ് ലത്തീഫ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.