സൗദിയിൽ കാലാവസ്ഥ മാറ്റം; ശരത്കാലം വരവായി
text_fieldsയാംബു: സൗദിയിൽ കനത്ത ചൂടിന് അവസാനമാകുന്നു. സുഖകരമായ ശരത്കാലത്തെയും മഴയെയും തണുപ്പിനെയും പ്രതീക്ഷിച്ചിരിക്കുകയാണ് രാജ്യം. സെപ്റ്റംബർ പകുതിവരെ രാജ്യത്തിന്റെ മിക്ക മേഖലകളിലും താപനില ഉയർന്ന അവസ്ഥയിൽതന്നെ തുടരുമെന്ന മുന്നറിയിപ്പാണ് ദേശീയ കാലാവസ്ഥകേന്ദ്രം നേരത്തേ നൽകിയിരുന്നത്. വേനൽകാലത്തെ കൊടും ചൂടിന് ശമനമുണ്ടാകുന്ന കാലാവസ്ഥമാറ്റം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇതിനകം പ്രകടമായിട്ടുണ്ട്.
സെപ്റ്റംബർ ആദ്യ വാരംതന്നെ ശരത്കാലത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ചൂടിൽനിന്ന് ശമനം നൽകി മഴയുള്ള സീസൺ ചിലയിടങ്ങളിൽ ഇതിനകം സമാഗതമായതായി കാലാവസ്ഥ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബർ അവസാന വാരത്തോടെ രാജ്യത്തെ മിക്ക ഭാഗങ്ങളിലും ചൂടിന് നല്ല കുറവ് അനുഭവപ്പെടുമെന്ന നിഗമനത്തിലാണ് കേന്ദ്രം.
ഈ വർഷത്തെ വേനൽകാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തി പലയിടങ്ങളിലും നല്ല മഴ ലഭിച്ചതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ആഴ്ചകളിൽ കാലാവസ്ഥമാറ്റം പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. ഏതാനും നാളുകൾക്ക് മുമ്പ് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടത് ചൂടിന്റെ തീവ്രത കുറഞ്ഞുവരുന്ന സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
ചൂട് കുറയുകയും വിവിധ ഗൾഫ് രാജ്യങ്ങളിലെ പർവതനിരകളിലേക്ക് മേഘങ്ങൾ താഴുകയും തെക്കുകിഴക്കൻ കാറ്റിനൊപ്പം ചാറ്റൽ മഴയുമെത്തുമെന്നും കാലാവസ്ഥ നിരീക്ഷകർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഗൾഫ് മേഖലയിലെ കാലാവസ്ഥ മാറ്റത്തിന്റെ സവിശേഷ അടയാളമാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവ്. ഒക്ടോബറോടെ താപനിലയിൽ സൗദിയിലെങ്ങും പ്രകടമായ മാറ്റം അനുഭവപ്പെടും.
പലയിടങ്ങളിലും മഴ തുടങ്ങുന്നതോടെ ശൈത്യകാലം എത്തുമെന്ന നിഗമനത്തിലാണ് നിരീക്ഷകർ. കഴിഞ്ഞ ദിവസം റിയാദിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസായിരുന്നു. മുൻ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്.
ജിദ്ദ, മക്ക, മദീന, അസീർ, നജ്റാൻ, ഹാഇൽ, റിയാദ് പ്രവിശ്യയുടെ തെക്കുഭാഗം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തിരുന്നു. പല പ്രദേശങ്ങളിലും സാമാന്യം നല്ല മഴ പെയ്തതായും റിപ്പോർട്ടുണ്ട്. മദീനയിൽ റെക്കോഡ് മഴയാണ് ലഭിച്ചത്. വ്യാപക കെടുതികളും മഴമൂലമുണ്ടായി. കൊടും ചൂടിൽ വലഞ്ഞിരുന്ന രാജ്യത്തെ താമസക്കാർക്ക് മഴയുടെ വരവ് വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.