കാലാവസ്ഥ വ്യതിയാനം: വെല്ലുവിളികളെ നേരിടാൻ പ്രതിജ്ഞാബദ്ധം –സൗദിയും അമേരിക്കയും
text_fieldsജിദ്ദ: കാലാവസ്ഥ വ്യതിയാനത്തിെൻറ വർധിച്ചുവരുന്ന വെല്ലുവിളികളെ ഗൗരവത്തോടെയും അടിയന്തരമായും നേരിടാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കയും സൗദി അറേബ്യയും വ്യക്തമാക്കി. കാലാവസ്ഥക്ക് വേണ്ടിയുള്ള അമേരിക്കൻ പ്രസിഡൻറിെൻറ പ്രത്യേക പ്രതിനിധി ജോൺ കെറി നടത്തിയ സൗദി സന്ദർശനത്തിെൻറ സമാപനത്തിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളും കാലാവസ്ഥ വിഷയത്തിൽ തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിയത്.
പാരീസ് കരാർ നടപ്പാക്കുന്നത് ഇരുരാജ്യങ്ങളും പ്രോത്സാഹിപ്പിക്കും. ഗ്രീൻഹൗസ് വാതക ഉദ്വമനം കുറക്കുന്നതിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറ അനന്തരഫലങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതിെൻറയും പ്രാധാന്യം ഇരുരാജ്യങ്ങളും ഉൗന്നിപ്പറഞ്ഞു. ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഇൗസ്റ്റ് സംരംഭങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളെ ഇരുകൂട്ടരും സജീവമായി പിന്തുണക്കും. സീറോ ന്യൂട്രാലിറ്റി ഫോറത്തിന് കീഴിൽ നടത്തുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തും. മീഥൈൻ കുറയ്ക്കൽ, കാർബൺ രഹിത സമ്പദ്വ്യവസ്ഥ, ശുദ്ധ ഉൗർജ സാേങ്കതിക വിദ്യകൾ, കാർബൺ പിടിച്ചെടുക്കൽ, സംഭരണം എന്നിവക്കായും ഒരുമിച്ച് പ്രവർത്തിക്കും.
ശുദ്ധമായ ഹൈഡ്രജെൻറ വികസനവും ഉപയോഗവും ത്വരിതപ്പെടുത്തുന്നതിന് തുല്യപങ്കാളിത്തത്തോടെ പരിശ്രമിക്കും. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളുടെയും സംരംഭങ്ങൾക്ക് ആവശ്യമായ പരിഗണന നൽകും. മേഖലയിൽ ശുദ്ധമായ ഉൗർജത്തിെൻറ ഉൽപാദനത്തിനും കുറഞ്ഞ മലിനീകരണ വൈദ്യുതി സംവിധാനങ്ങളുടെ നടപ്പാക്കലിനും വേണ്ടിയുള്ള സഹകരണം, മലിനീകരണം കുറക്കുന്നതിന് സമുദ്രത്തെയും പ്രകൃതിയെയും അടിസ്ഥാനമാക്കുന്ന ബദൽമാർഗങ്ങളെ പിന്തുണക്കുക, കാലാവസ്ഥ വ്യതിയാന ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണം ആരംഭിക്കുക എന്നിവയും ഇരുരാജ്യങ്ങളെടുത്ത തീരുമാനങ്ങളിലുൾപ്പെടും. ഇരുവിഭാഗവും നടത്തിയ നീണ്ട ചർച്ചയിൽ സൗദിയിൽ നിലവിലുള്ളതും ഭാവിയിൽ നടപ്പാക്കാൻ പോകുന്ന സംരംഭങ്ങളെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി.
കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജോൺ കെറിയും കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ വ്യതിയാനത്തിെൻറ വെല്ലുവിളികൾ നേരിടാൻ നടത്തിയ അന്താരാഷ്ട ശ്രമങ്ങളെ ഇരുവരും കൂടിക്കാഴ്ചക്കിടയിൽ അവലോകനം ചെയ്തു. കാലാവസ്ഥ വ്യതിയാന വെല്ലുവിളികൾ നേരിടുന്നതിനും മലിനീകരണം കുറക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സൗദി ആവിഷ്കരിച്ച ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഇൗസ്റ്റ് എന്നീ പദ്ധതികൾ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. കഴിഞ്ഞ വർഷം ജി20 ഉച്ചകോടി അധ്യക്ഷ പദവി വഹിക്കുന്ന ഘട്ടത്തിൽ 'സർക്കുലർ കാർബൺ സമ്പദ്വ്യവസ്ഥ' എന്ന ആശയം ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതും സൗദി നടത്തിയ ശ്രമങ്ങളെ കുറിച്ചും വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാന വെല്ലുവിളികളെ ഒരുമിച്ചു നേരിടാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ തീരുമാനങ്ങളുമായാണ് കൂടിക്കാഴ്ച അവസാനിച്ചത്. അടുത്തയാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെ മുന്നോടിയായി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് കെറി സൗദിയിലെത്തിയത്.
ഉൗർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി എന്നിവരും സൗദിയിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ് മാർട്ടിന സ്ട്രോങ്, കാലാവസ്ഥ ആമ്പിഷൻ ആൻഡ് ഇംപ്ലിമെേൻറഷൻ ടീം ജോനാഥൻ പെർഷിങ്, ഗ്ലോബൽ ഇന്നോവേഷൻ മേധാവി വരുൺ ശിവറാം എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.