കാലാവസ്ഥ വ്യതിയാനം: പ്രത്യാഘാതം ലഘൂകരിക്കാനുള്ള സൗദി ശ്രമങ്ങൾക്ക് ലോക പിന്തുണ
text_fieldsജിദ്ദ: പരിസ്ഥിതിസംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങൾ നേരിടാനും സൗദി അറേബ്യ നടപ്പാക്കുന്ന സംരംഭങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത് ലോകരാഷ്ട്രങ്ങൾ. തിങ്കളാഴ്ച റിയാദിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻസൽമാെൻറ അധ്യക്ഷതയിൽ നടന്ന ഹരിത പശ്ചിമേഷ്യ പദ്ധതി ഉച്ചകോടിയിലാണ് ഈ വിഷയങ്ങളിൽ സൗദിക്കൊപ്പം നിൽക്കുമെന്ന് രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര പ്രതിനിധികളും പ്രഖ്യാപിച്ചത്.
കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന് കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അഹ്മദ് അൽസബാഹ് പറഞ്ഞു. ലോകത്താകെയും മധ്യപൂർവേഷ്യയിൽ പ്രത്യേകിച്ചും മാനുഷികവും സാമ്പത്തികവും കാലാവസ്ഥാപരവും പാരിസ്ഥിതികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചകോടിയിലേക്കുള്ള സൗദി അറേബ്യയുടെ ക്ഷണം തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് സ്വീകരിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ വിജയം തേടുന്നതിെൻറ ഏറ്റവും മികച്ച തെളിവാണ് ഈ ഉച്ചകോടി. അസാധാരണമായ സാഹചര്യങ്ങളിലാണ് ഗ്രീൻ മിഡിലീസ്റ്റ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തുടരുന്നത് കൂടുതൽ ദുരന്തങ്ങളിലേക്ക് ലോകത്തെ നയിക്കുമെന്ന് ഉച്ചകോടിയിൽ സൗദി കിരീടാവകാശി നൽകിയ മുന്നറിയിപ്പിനെ താനും ആവർത്തിക്കുകയാണെന്നും കുവൈത്ത് കിരീടാവകാശി വ്യക്തമാക്കി.
സൗദി ആരംഭിച്ച ഗ്രീൻ പദ്ധതികളിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊതുകാഴ്ചപ്പാട് രൂപപ്പെടുത്താനുള്ള സൗദി സംരംഭത്തെ തങ്ങളുടെ രാജ്യം പിന്തുണക്കുന്നുവെന്ന് അൽജീരിയൻ പ്രധാനമന്ത്രി അയ്മാൻ ബിൻ അബ്ദുറഹ്മാൻ പറഞ്ഞു.
സൗദിയുടെ ഗ്രീൻ മിഡിലീസ്റ്റ് ഇനിഷ്യേറ്റിവ് മൂവ്െമൻറ് ആഗോളതലത്തിൽ സംയുക്ത പാരിസ്ഥിതിക പ്രവർത്തനരംഗത്ത് വലിയ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅ്ബി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രധാന അവസരമാണ് ഈ സംരംഭമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളിൽനിന്ന് ജനങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനും താപനില 1.5 ഡിഗ്രി സെൽഷ്യസായി കുറക്കുന്നതിനും ആവശ്യമായ നടപടികൾ ലോക രാജ്യങ്ങൾ സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് നിക്ഷേപ മന്ത്രി ജെറി ഗ്രിംസ്റ്റോൺ പറഞ്ഞു. ഉച്ചകോടി ചരിത്രപരമാണ്. പ്രകൃതിയിലും കാലാവസ്ഥ വ്യതിയാനങ്ങളിലും എല്ലാവരും ശ്രദ്ധചെലുത്തണം. ഭാവി തലമുറകൾക്ക് ആരോഗ്യകരമായ പ്രകൃതിയുണ്ടാകണം.
നിർണായക നടപടികൾ കൈക്കൊള്ളുന്നതിലെ അശ്രദ്ധ ആഗോള താപനില ഉയരുന്നതിന് കാരണമാകുമെന്നും ഭാവിയിൽ നാശത്തിന് ഹേതുവാകുമെന്നും ബ്രിട്ടീഷ് മന്ത്രി മുന്നറിയിപ്പ് നൽകി. ഹരിതഭാവിയിലേക്ക് മാറുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുമെന്ന് ഇറാഖ് ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ അലി അബ്ദുൽ അമീർ അല്ലാവി പറഞ്ഞു.
ഹരിത സമ്പദ് വ്യവസ്ഥ ഉറപ്പാക്കുന്നതിനും മികച്ച രീതിയിൽ പുനർനിർമിക്കുന്നതിനും പാരിസ് ഉടമ്പടികൾക്ക് അനുസൃതമായി താപനില വർധന കുറക്കുന്നതിനും കഴിഞ്ഞ എട്ട് വർഷമായി നടക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതാണ് ഉച്ചകോടിയെന്ന് തുനീഷ്യൻ പ്രധാനമന്ത്രി നജ്ല ബോദൻ പറഞ്ഞു.
സൗദി ദേശീയതലത്തിൽ പ്രത്യേക സംഭാവനകൾ നൽകി കാർബൺ ഉദ്വമനം പൂജ്യം എന്ന നിലയിലേക്ക് കുറക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് ഗ്രീൻ മിഡിലീസ്റ്റ് ഇനീഷ്യേറ്റിവ് എന്ന് അമേരിക്കൻ കാലാവസ്ഥ പ്രതിനിധി ജോൺ കെറി പറഞ്ഞു. ലോകമെമ്പാടുമുള്ള സുസ്ഥിര പാരിസ്ഥിതിക വികസനത്തിനും കാർബൺരഹിത ഭാവിയിലേക്കുള്ള പരിവർത്തനത്തിനും സൗദിയുടെ ഉറച്ച പ്രതിബദ്ധത പ്രകടമാക്കുന്നതാണ് ഗ്രീൻ മിഡിലീസ്റ്റ് ഇനീഷ്യേറ്റിവെന്ന് ബ്രസീൽ ഉൗർജ മന്ത്രി ബെേൻറാ അൽബുക്കർകാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.