സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്
text_fieldsറിയാദ്: അപ്രതീക്ഷിത അക്രമണമായി പൊടിക്കാറ്റ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളെ പൊടിയിൽ കുളിപ്പിച്ച് മണൽക്കാറ്റ് ആഞ്ഞുവീശിയത്. വ്യാഴാഴ്ച പടിഞ്ഞാറൻ പ്രവിശ്യയിലുണ്ടായതിെൻറ തുടർച്ചയായി റിയാദ്, ദമ്മാം എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മധ്യപ്രവിശ്യയിൽ റിയാദ്, അൽഖർജ്, മജ്മഅ, ശഖ്റ, കിഴക്കൻ പ്രവിശ്യയിൽ ദമ്മാം, അൽഖോബാർ, വെള്ളിയാഴ്ച വൈകീേട്ടാടെ പൊടിപടലങ്ങൾ മൂടിയത്. അന്തരീക്ഷം മണൽനിറമാർന്ന് കിടക്കുകയാണ്. വെള്ളിയാഴ്ച രാത്രി വൈകിയും ശമനം വന്നിട്ടില്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഗതാഗത കുരുക്കുകളും അപകടങ്ങളുമുണ്ടാകുമെന്ന ആശങ്കയാൽ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് കരുതലെടുക്കാൻ ജനങ്ങൾക്ക് അടിയന്തര നിർദേശം നൽകി. സഹായത്തിന് വിളിക്കാനും ആവശ്യപ്പെട്ടു.
ആസ്മ പോലുള്ള രോഗങ്ങളുള്ളവരും ശ്വസന പ്രശ്നമുള്ളവരും മുൻകരുതലെടുക്കുകയും ശ്വാസതടസ്സം അനുഭവപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയും വേണമെന്നും വാഹനം ഒാടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊടിമൂടിയ അന്തരീക്ഷത്തിൽ തൊട്ടടുത്തുള്ള കാഴ്ച പോലും അവ്യക്തമാകുന്നതിനാൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷ്മത പാലിക്കണമെന്ന നിർദേശവും നൽകി. എന്നാൽ പലയിടങ്ങളിലും വാഹനാപകടങ്ങളുണ്ടായ റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദ, മക്ക തുടങ്ങിയ മേഖലകളിലാണ് പൊടിക്കാറ്റ് വീശിയത്. ജിദ്ദ വ്യവസായ മേഖലയിൽ നിരവധി വാഹനാപകടങ്ങൾ ഉണ്ടാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.