ക്ലിനിക്കൽ ഫാർമസി (ഫാം ഡി)യെ പരിഗണിക്കണം
text_fieldsചികിത്സാരീതികളിലെ അത്യാധുനിക സംവിധാനങ്ങക്ക് മുമ്പിൽ അറച്ചും മടിച്ചും നിൽക്കുകയാണ് നമ്മുടെ രാജ്യം. വികസിതരാജ്യങ്ങളിലാകെ ക്ലിനിക്കൽ ഫാർമസി (ഫാം ഡി) സേവനം കൂടി വ്യാപകമാക്കിക്കൊണ്ട് ചികിത്സരംഗം കുറ്റമറ്റതാക്കുന്നതിൽ അവര്‍ വളരെ മുന്നിലാണ് എന്ന് കാണുവാൻ കഴിയും. കോവിഡ് മഹാമാരി ലോകമാകെ പടർന്ന് തീക്ഷ്ണതയുടെ ഉച്ചിയിലായപ്പോഴും മരണസംഖ്യനിരക്ക് വളരെ ഉയര്‍ന്നിട്ടും രോഗനിയന്ത്രണത്തില്‍ വികസിതരാജ്യങ്ങള്‍ വൈകിയിട്ടാണെങ്കിലും വിജയിക്കുന്നതു തന്നെയാണ് ലോകം കണ്ടത്.
കോവിഡ് ഭീഷണി ലോകമാകെ അലയടിക്കുമ്പോള്‍ വൈദ്യശാസ്ത്രലോകം പകച്ചുപോയെങ്കിലും ഔഷധനിർമാണരംഗത്തെ ഗവേഷണപഠനങ്ങള്‍ ഒരു കുതിച്ചുചാട്ടത്തിലൂടെ വളരെ മുന്നോട്ടുപോവുകയും ലോകത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ട് നിരവധി പ്രതിരോധ വാക്സിനുകളും പുതിയ ഔഷധങ്ങളും ലബോറട്ടറികളില്‍ ഉൽപാദിപ്പിക്കുകയും വാക്സിൻ വിതരണം വൻ വിജയമാകുകയും ചെയ്തത് ഗവേഷണതല്പരരായ വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭർക്കും വിദഗ്ധരായ ഫാര്‍മസിസ്റ്റുകള്‍ക്കും അഭിമാനകരമായിരുന്നു.
ലോകത്തിനാകെ ഫാര്‍മസിയായി നമ്മുടെ രാജ്യം മാറുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഇന്ത്യയിലെ ഫാര്‍മസി പഠിതാക്കള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആരോഗ്യമേഖലക്ക് ആധുനിക ചികിത്സ സംവിധാനങ്ങളുടെ നേട്ടങ്ങൾ സ്വായത്തമാക്കണമെങ്കിൽ ചില പുനഃസംവിധാനങ്ങൾ നമ്മുടെ രാജ്യത്തും അനിവാര്യമായിരിക്കുന്നു എന്ന വസ്തുത തിരിച്ചറിയാൻ വൈകുംതോറും ചികിത്സാപിഴവുകളും മനുഷ്യരിലെ രോഗപ്രതിരോധശക്തിയിലെ പരാജയങ്ങളും തുടരുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തിൽ പത്തിലധികം സ്വാശ്രയ ഫാർമസി കോളജുകളിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഫാം ഡി (ആറ് വർഷ കോഴ്സ്) എന്ന ആധുനിക മെഡിക്കൽ പ്രഫഷനൽ കോഴ്സ് നടത്തുന്നുണ്ട്. പ്ലസ് ടുവിൽ ഉന്നതവിജയം നേടിയവരാണ് ശ്രമകരമായ ഈ സുപ്രധാന കോഴ്സ് പഠിക്കുന്നത്. എന്നാൽ ഈ കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് കേരളത്തിൽ ഒരു തസ്തികയും നിലവിൽ വന്നിട്ടില്ല എന്നാണ് അറിയുന്നത്. പി.എസ്.സിയുടെ ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ കഴിയുമെങ്കിലും ക്ലിനിക്കൽ ഫാർമസിസ്റ്റ്, അധ്യാപനം, ഡ്രഗ്സ് / പ്രിസ്ക്രിപ്ഷൻ അനലിസ്റ്റ്, ഔഷധ ഗവേഷണം തുടങ്ങിയവയാണ് വികസിതരാജ്യങ്ങളിൽ ‘ഫാം ഡി’ക്ക് നൽകിയിട്ടുള്ള തസ്തികകൾ.
ആ തസ്തികകൾ ഫാം ഡി (ആറ് വർഷ കോഴ്സ്) പഠിച്ചവർക്ക് ലഭ്യമാക്കാൻ വേണ്ടിയുള്ള നടപടികൾ അഖിലേന്ത്യാ തലത്തിൽ സാവധാനത്തിലായാലും നടക്കുന്നുണ്ട്. എന്നാൽ ഫാം ഡിയോടുള്ള സമീപനം സംസ്ഥാനതലത്തിൽ പൊതുമേഖലയിൽ ഇനിയും മാറിയിട്ടില്ല എന്നതാണ് വസ്തുത. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഫയലുകളിലും അനവധി സർക്കാർ ഗസറ്റുകളിലും വിജ്ഞാപനങ്ങളുടെ രൂപത്തിൽ വിശ്രമാവസ്ഥയിലാണ്. ‘ഡോക്ടർ ഓഫ് ഫാർമസി’ പഠനം പൂർത്തിയാക്കിയ പ്രഫഷനൽ സമൂഹത്തോടും ഇതര ഫാര്‍മസി പഠിതാക്കളോടും തുടരുന്ന അവഗണന തിരിച്ചറിഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇനിയെങ്കിലും ക്ലിനിക്കൽ ഫാർമസിക്കുകൂടി പ്രാധാന്യം നൽകാനുള്ള സത്വരനടപടികൾ സ്വീകരിക്കുമെന്ന് ന്യായമായും പ്രത്യാശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.