എട്ടാമത് സൗദി ചലച്ചിത്രോത്സവത്തിന് സമാപനം
text_fieldsദമ്മാം: സൗദിയുടെ സിനിമ ചരിത്രത്തിൽ ഐതിഹാസിക ചരിത്രം രചിച്ച് എട്ടാമത് ചലച്ചിത്രോത്സവത്തിന് പരിസമാപ്തി. കഴിഞ്ഞ എട്ടു ദിവസങ്ങളായി കിങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചറൽ സെന്റർ (ഇത്റ)യുടെ തിയറ്ററുകളിൽ ആയിരക്കണക്കിന് ആളുകളെ ത്രസിപ്പിച്ച സിനിമകളിൽനിന്ന് ഇഞ്ചോടിഞ്ച് മൂല്യനിർണയത്തിൽ സൗദി സ്ത്രീശാക്തീകരണത്തിന്‍റെ നേരനുഭവങ്ങൾ ചിത്രീകരിച്ച 'ഖവാരീർ' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് വ്യത്യസ്ത കഥകളെ കൂട്ടിയോജിപ്പിച്ച് ഒരുക്കിയാണ് 'ഖവാരീർ' വിജയകിരീടം ചൂടിയത്. ഇതിലെ ഓരോ കഥയും സൗദിയിൽ താമസിക്കുന്ന ഒരു സ്ത്രീയുടെയോ പെൺകുട്ടിയുടെയോ യഥാർഥ ജീവിത പരിച്ഛേദങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ബിരുദപഠനത്തിന്‍റെ ഭാഗമായി അഞ്ച് പെൺകുട്ടികൾ കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രം സൗദിയുടെ സിനിമ ചരിത്രത്തിൽ പുതുയുഗം തുറക്കുന്നതായിരിക്കും എന്ന വിലയിരുത്തലാണ് ജൂറി നടത്തിയത്. സൗദിയുടെ സ്ത്രീശാക്തീകരണത്തിന് അടിവരയിട്ടുകൊണ്ട് മേളയിലുടനീളം അധീശത്വം പുലർത്തിയത് സ്ത്രീകളായിരുന്നു.
ഫീച്ചർ ഫിലിം, അഭിനയം, ഛായാഗ്രഹണം, ജൂറി പ്രൈസ് എന്നിവയിലെ മികവിനുള്ള അവാർഡുകൾ റഗീദ് അൽ-നഹ്ദി, നോറ അൽമോവാൾഡ്, റുബ ഖഫാഗി, ഫാത്മ അൽഹാസ്മി, നൂർ അലമീർ എന്നിവർ സ്വന്തമാക്കി. വിജയികൾക്ക് കാഷ് അവാർഡും ഗോൾഡൻ പാം അവാർഡുകളും സമ്മാനിച്ചു. ഹ്രസ്വ ഡോക്യുമെന്ററി, നടൻ, നടി, തിരക്കഥാകൃത്ത് എന്നിവയിലെ മികവിനാണ് മറ്റ് അവാർഡുകൾ.
അനുകൂലമായ അന്തരീക്ഷമായിരുന്നെങ്കിലും രാജ്യത്തെ ചലച്ചിത്രനിർമാണത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ ധൈര്യപ്പെടുന്നവരാണ് യഥാർഥ വിജയികളെന്ന് മികച്ച ഡോക്യുമെന്‍ററി സിനിമയുടെ സംവിധായകൻ അൽ-ഹജ്ജാജ് പറഞ്ഞു. ഇത്റയിലെ സിനിമാനുഭവം പ്രതീക്ഷ നിറഞ്ഞ സ്വപ്നങ്ങളാണ് പലർക്കും നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് ന്യൂയോർക് സിറ്റിയിൽ ചിത്രീകരിച്ച സിനിമയുമായാണ് ജിദ്ദയിലെ ചലച്ചിത്ര നിർമാതാവ് ഇസ്മാഈൽ അൽ-ബുഖാരി ഇത്റയിലെ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്. ചിത്രീകരണം, സംവിധാനം, എഡിറ്റിങ് തുടങ്ങിയ ജോലികളെല്ലാം സ്വന്തമായി ചെയ്ത അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ രണ്ടു കൊല്ലമാണ് വേണ്ടിവന്നത്.
എങ്കിലും ഈ മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതോടെ അതിന്‍റെ പ്രതിസന്ധികളിൽ താൻ അനുഭവിച്ച പ്രയാസങ്ങൾ മറന്നുപോയതായും അദ്ദേഹം പറഞ്ഞു.
സിനിമക്ക് ലഭിച്ച അംഗീകാരം വാങ്ങാൻ റെഡ് കാർപ്പറ്റിലൂടെ നടന്നപ്പോൾ അത് സ്വപ്നമോ യാഥാർഥ്യമോ എന്ന് അത്ഭുതപ്പെട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദശലക്ഷം വർഷത്തിനുള്ളിൽ ഇങ്ങനെയൊന്ന് എന്റെ രാജ്യത്തുവെച്ച് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ-മുല്ല സമാപന പ്രസംഗം നടത്തി. പ്രമുഖ അഭിനേതാക്കളായ ഇബ്രാഹിം അൽ-ഹജ്ജാജും നടി സാറാ തൈബയും അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.