കോവിഡ്: സൗദിയിൽ പള്ളികളിലെ മുൻകരുതലുകളിൽ ഇളവ്
text_fieldsജിദ്ദ: രാജ്യത്തെ പള്ളികളിൽ കോവിഡ് മുൻകരുതലുകളിൽ ചില ഇളവുകൾ വരുത്തിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ അവസ്ഥ പരിഗണിച്ച് പൊതുജനാരോഗ്യ സമിതിയുടെ നിർദേശങ്ങളടങ്ങിയ ഏറ്റവും പുതിയ സർക്കുലർ മന്ത്രാലയം പുറത്തിറക്കി. നമസ്കരിക്കാൻ നിൽക്കുന്ന രണ്ടു വരികൾക്കിടയിൽ ഒരു വരി ശൂന്യമാക്കി ഇടുന്നത് അവസാനിപ്പിക്കാം.
ഓരോ നിർബന്ധിത നമസ്കാരസമയങ്ങളിലെയും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കോവിഡിനു മുമ്പുണ്ടായ സ്ഥിതിയിലേതുപോലെ ദീർഘിപ്പിച്ചു.
ഫജ്ർ നമസ്കാരത്തിന് 25 മിനിറ്റ്, മഗ്രിബ് നമസ്കാരത്തിന് 10 മിനിറ്റ്, മറ്റു നമസ്കാരങ്ങളിൽ 20 മിനിറ്റ് എന്നിങ്ങനെയാണ് ഇനി മുതൽ സമയം പാലിക്കേണ്ടത്. പള്ളികളിൽ ഖുർആൻ പാരായണത്തിനായി വിശ്വാസികൾക്ക് ലഭ്യമാക്കും. പള്ളികളിൽ ഇസ്ലാമിക പ്രഭാഷണങ്ങൾ നടത്താൻ അനുവദിക്കും.എന്നാൽ, ഇത് കൃത്യമായ സമൂഹ അകലവും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാവണം. പള്ളിക്കകത്ത് വാട്ടർ കൂളറുകളും റഫ്രിജറേറ്ററുകളും പ്രവർത്തിക്കാൻ അനുവദിക്കും. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം 15 മിനിറ്റിൽ കൂടാൻ പാടില്ലെന്ന മുൻ നിർദേശം ഒഴിവാക്കി. എന്നാൽ, ജുമുഅ പ്രാർഥനക്കായി പള്ളികൾ ബാങ്കിന് ഒരു മണിക്കൂർ മുമ്പ് മാത്രമേ തുറക്കാവൂ. ജുമുഅ നമസ്കാരം കഴിഞ്ഞു 30 മിനിറ്റിനുശേഷം പള്ളി അടക്കുകയും വേണം.
മാസ്ക് ധരിക്കുക, അംഗസ്നാനം (വുദു) വീട്ടിൽനിന്നുതന്നെ ചെയ്തുവരുക, പള്ളിയിൽ വരുമ്പോൾ നമസ്കാര വിരി (മുസല്ല) കൊണ്ടുവരുക, പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും തിരക്ക് ഉണ്ടാക്കാതിരിക്കുക, പള്ളിക്കകത്ത് ഒന്നര മീറ്റർ അകലം പാലിക്കുക, പള്ളിയിൽ പ്രവേശിക്കാൻ എല്ലാ വശത്തുനിന്നും വഴികൾ തുറന്നിടുക തുടങ്ങിയ എല്ലാ പ്രതിരോധ നടപടികളും അതേപടി തുടരുമെന്ന് സർക്കുലറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പബ്ലിക് ഹെൽത്ത് അതോറിറ്റിയിൽനിന്നുള്ള അപ്ഡേറ്റ് ചെയ്ത ആരോഗ്യ പ്രോട്ടോക്കോളുകൾ എല്ലാവരും പാലിക്കണമെന്നും ഇക്കാര്യങ്ങളിൽ എന്തെങ്കിലും പരാജയമോ വീഴ്ചയോ ഉണ്ടായാൽ വിശ്വാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി 1933 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.