അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം കവരും, സൂക്ഷിക്കുക
text_fieldsദമ്മാം: ബാങ്കിൽനിന്നെന്ന് പറഞ്ഞ് ഫോണിലൂടെയോ ഓൺലൈനിലൂടെയോ ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് പണം കവരുന്ന സംഘങ്ങളെ കരുതിയിരിക്കാൻ സൗദി അറേബ്യയിലെ വിവിധ ബാങ്കുകളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. സൗദി ബാങ്കുകളുടെ മാധ്യമ-ബോധവത്കരണ സമിതിയാണ് ബാങ്ക് ഇടപാടുകാർക്ക് ജാഗ്രതനിർദേശം നൽകിയത്. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഓരോ ദിവസവും പുതിയ തട്ടിപ്പുരീതികൾ പരീക്ഷിച്ച് ഇരകളെ വലയിലാക്കുകയാണ്. സംസാരത്തിലൂടെ ഓരോരുത്തരുടെയും മാനസികനിലവാരം ബോധ്യപ്പെടുന്ന തട്ടിപ്പുകാർ അതിവേഗമാണ് അക്കൗണ്ടുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോദിച്ചറിയുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഇടപാടുകാരെ ബോധ്യപ്പെടുത്തിയാണ് തട്ടിപ്പ്. ഇത്തരം സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾ വ്യാജ അക്കൗണ്ടുകൾ നൽകുന്ന വ്യാജ ലിങ്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കമ്മിറ്റി വെളിപ്പെടുത്തി. തങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങളോ നിയമപരമായ വ്യക്തികളോ ആണെന്ന് അവകാശപ്പെട്ട് ഇരകളെ തങ്ങൾ വിശ്വസനീയ കക്ഷികളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. ഈ വ്യാജ അക്കൗണ്ടുകൾ സാധാരണയായി ഇടപാടുകാരോട് അവരുടെ ബാങ്ക് വിവരങ്ങളും അവരുടെ ക്രെഡിറ്റ് കാർഡുകളുടെ ഡേറ്റയും മറ്റും പങ്കിടാൻ ആവശ്യപ്പെടുന്നു. നിരവധി ആളുകളെ കബളിപ്പിക്കാൻ കഥകൾ മെനഞ്ഞെടുക്കുന്ന തട്ടിപ്പുകാരുടെ അക്കൗണ്ടുകൾക്ക് ഇരയാകരുതെന്ന് സമിതി മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടുള്ള എല്ലാവരും ജാഗ്രത പാലിക്കുക, ഫോൺ കാളിലൂടെയോ വാചക സന്ദേശത്തിലൂടെയോ ലഭിക്കുന്ന ഒറ്റത്തവണ രഹസ്യ കോഡുകൾ ആർക്കും നൽകരുത് തുടങ്ങിയ മുന്നറിയിപ്പുകളാണ് നൽകുന്നത്.
തട്ടിപ്പുകാരന് ഇരയുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനും പണം പിൻവലിക്കാനും ഇങ്ങനെ ചോർത്തിയെടുക്കുന്ന വിവരങ്ങളിലൂടെ സാധിക്കും. ബാങ്ക് ജീവനക്കാർ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ഒരിക്കലും ആവശ്യപ്പെടില്ലെന്ന ആവർത്തിച്ചുള്ള അറിയിപ്പ് ബാങ്കുകൾ നൽകുന്നുണ്ടെങ്കിലും പലരും ശ്രദ്ധിക്കുന്നില്ല. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും തങ്ങളുടെ ബാങ്ക് വിവരങ്ങളും എ.ടി.എം കാർഡ് വിവരങ്ങളും പാസ്വേഡും ഒരു കാരണവശാലും പങ്കിടരുതെന്നും കമ്മിറ്റി മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു. വ്യാജ നിക്ഷേപ അറിയിപ്പുകളോടും വ്യാജ ട്രേഡിങ് ഷെയറുകളോടും ഒരിക്കലും പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അവകാശപ്പെടുന്ന അനധികൃത ലിങ്കുകൾ ഒരിക്കലും സന്ദർശിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ ഇടയ്ക്കിടെ ക്രെഡിറ്റ് കാർഡ് പാസ്വേഡുകൾ മാറ്റാൻ ശ്രദ്ധിക്കണം, പ്രത്യേകിച്ചും വിദേശയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ.
നിങ്ങൾ സമ്മാനത്തിന് അർഹനായിരിക്കുന്നു എന്ന തരത്തിലുള്ള എല്ലാ ടെക്സ്റ്റ്, ഇലക്ട്രോണിക് സന്ദേശങ്ങളും അവഗണിക്കണം. ഇടപാടുകാർ അവരുടെ സ്വകാര്യ വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം അപ്ഡേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും അത് ഒഴിവാക്കാനുള്ള വഴികളെക്കുറിച്ചും കമ്മിറ്റി നിരവധി ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമായും ട്വിറ്ററിലാണ് ബോധവത്കരണ കാമ്പയിൻ. ഇത്തരം തട്ടിപ്പ് രീതികളെക്കുറിച്ച് അറിയാനോ ഇവരെക്കുറിച്ച് വിവരം നൽകാനോ 330330 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.