സൗദി ദേശീയ ദിനാഘോഷത്തിന് വർണപകിട്ടേകി വെടിക്കെട്ട്
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിന് വർണപകിട്ടും മാസ്മകരിക ശബ്ദവുമേകി കമ്പക്കെട്ടും. രാജ്യത്തെ 18 നഗരങ്ങളിലാണ് വിവിധതരം കരിമരുന്ന് പ്രയോഗങ്ങളിലൂടെ ആകാശത്ത് വർണവിസ്മയങ്ങൾ തീർത്തത്.
'ഇത് നമ്മുടെ വീടാണ്' എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയിൽ പൊതുവിനോദ അതോറിറ്റി സംഘടിപ്പിച്ച ദേശീയദിനാഘോഷത്തിലെ പ്രധാന പരിപാടികളിലൊന്നായിരുന്നു വെടിക്കെട്ട്. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് വെടിക്കെട്ട് ആരംഭിച്ചത്. അഞ്ച് മുതൽ 15 മിനുറ്റ് വരെ നീണ്ടുനിന്നു മാനത്ത് മാരിവില്ലഴക് വിരിയിച്ച കമ്പക്കെട്ട്. മാനത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങൾ പൊട്ടിവിരിഞ്ഞു. പൂവാടികൾ വിരിഞ്ഞുനിറഞ്ഞു. പച്ച വസ്ത്രം ധരിച്ചും സൗദി പതാക ഉയർത്തിയും 'ഇത് ഞങ്ങളുടെ വീടാണ്' എന്ന എന്നെഴുതിയ ബാനറുകൾ വഹിച്ചും നിരവധി കുടുംബങ്ങളും കുട്ടികളും വിവിധ നഗരങ്ങളിലെ വെടിക്കെട്ടുകൾ കാണാനെത്തിയിരുന്നു.
വെടിക്കെട്ട് കാഴ്ചകൾ മൊബൈൽ കാമറകളിൽ പകർത്തി സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കാൻ അവർ മത്സരിച്ചു. കൂടാതെ ദേശീയ ദിനത്തിൽ വൈവിധ്യമാർന്ന മറ്റ് പരിപാടികൾക്കും പ്രദർശനങ്ങൾക്കും സൗദിയിലെ എല്ലാ നഗരങ്ങളും സാക്ഷ്യം വഹിച്ചു.
എയർഷോകൾ, പാരമ്പര്യ നാടൻ കലകളുടെ പ്രദർശനം, പൈതൃകം, കരകൗശല വസ്തു പ്രദർശനങ്ങൾ, കവിത സയാഹ്നങ്ങൾ തുടങ്ങി ഡസൻ കണക്കിന് പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. രാജ്യത്തിന്റെ പൈതൃകം ആഘോഷിക്കാൻ ഏറ്റവും പുതിയ ശബ്ദ, വെളിച്ച സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഇൻട്രാക്ടീവ് പ്ലാറ്റ്‌ഫോമുകളും പരിപാടികളും ഉൾപ്പെടുത്തിയിരുന്നു. ദേശീയദിനാഘോഷ പരിപാടികൾ സെപ്റ്റംബർ 26 വരെ തുടരും.
ഫോട്ടോ: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.