വരുന്നു, നിയോം നഗരത്തിൽ ആഗോള കായികകേന്ദ്രം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ സ്വപ്ന നഗര പദ്ധതിയായ നിയോമിൽ ആഗോള കായികകേന്ദ്രം സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച ഉടമ്പടി സൗദി കായിക മന്ത്രാലയവും നിയോം പദ്ധതി അധികൃതരും ഒപ്പുവെച്ചു. കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, നിയോം സി.ഇ.ഒ നദ്മി അൽനാസർ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
കായിക സഹമന്ത്രി അബ്ദുൽ ഇലാ അൽദലാഖ്, നിയോം കായിക മേധാവി ജാൻ പാറ്റേഴ്സൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കരാർ പ്രകാരം കായികരംഗത്തെ യുവാക്കളുടെയും സ്ത്രീകളുടെയും പുരോഗതിയിലൂടെയും ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും നിയോമിന് അതിെൻറ തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. നിയോമിെൻറ കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിര കായിക വിനോദത്തിനായുള്ള 'ഫോർമുല ഇ'യുമായി സഹകരിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു.
സൗദി വിഷൻ 2030െൻറ ഭാഗമായി രാജ്യത്തെ കായിക മേഖലയെ വികസിപ്പിക്കാൻ കായിക മന്ത്രാലയം ശ്രമിക്കുന്നതിനിടെയാണ് പുതിയ കരാർ. താരങ്ങൾക്ക് മികവ് പുലർത്തുന്നതിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്ന കായിക വിനോദങ്ങളുടെ ആഗോള കേന്ദ്രമായി മാറുകയെന്ന നിയോമിെൻറ ലക്ഷ്യമാണ് പുതിയ കരാറിലൂടെ യാഥാർഥ്യമാകുന്നത്. കായിക മേഖലയിൽ സുപ്രധാനവും പ്രധാനപ്പെട്ടതുമായ വികസനത്തിനും സംഭാവന ചെയ്യുന്നതിനും ഫലപ്രദമായ രീതിയിൽ നിയോമുമായി കരാറിൽ ഏർപ്പെടുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും കായിക മേഖലയുടെ വളർച്ചക്കായി എല്ലാ വിഭാഗങ്ങളും കമ്പനികളും അവരുടെതായ രീതിയിലുള്ള സംഭാവനകൾ അർപ്പിക്കേണ്ടതുണ്ടെന്നും കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു.
അതോടൊപ്പം രാജ്യത്ത് നിന്നുള്ള കായികതാരങ്ങൾക്ക് അന്താരാഷ്ട്ര, പ്രാദേശിക വേദികളിൽ രാജ്യത്തിെൻറ അംബാസഡർമാരാകാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതും പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.