സൗദിയെ കുറിച്ച് അഭിപ്രായം പറഞ്ഞത് മുൻ അനുഭവത്തിൽനിന്ന് -മല്ലു ട്രാവലർ
text_fieldsറിയാദ്: സൗദിയെ കുറിച്ച് അഭിപ്രായം പറഞ്ഞത് മുൻ അനുഭവത്തിൽ നിന്നാണെന്ന് വ്ലോഗർ മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാൻ. സൗദിയിലേക്ക് ടൂറിസ്റ്റായി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവിടെ പണമുണ്ടാക്കാം എന്നല്ലാതെ വേറെ കാഴ്ചകളൊന്നുമില്ലെന്നായിരുന്നു ഒരുവർഷം മുമ്പ് യൂട്യൂബറും ട്രാവൽ വ്ലോഗറുമായ ഷാക്കിർ സുബ്ഹാൻ തന്റെ വിഡിയോയിലൂടെ പരാമർശം നടത്തിയത്.
തുടർന്ന് വ്യാപകമായ സൈബർ അറ്റാക്കിന് വിധേയനാകുകയും ഷാക്കിറിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി ഓഡിയോ-വിഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പത്തുവർഷം മുമ്പ് സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിൽ തൊഴിൽ വിസയിൽ എത്തിയിരുന്നു.
ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ വിറ്റിരുന്ന സ്ഥാപനത്തിലെ സാധാരണ തൊഴിലാളിയായ തനിക്ക് തൊഴിലിടം അടങ്ങിയ ഇടുങ്ങിയ ചുറ്റുപാടുകളല്ലാതെ മറ്റൊന്നും കാണാനോ ആസ്വദിക്കാനോ അവസരം ലഭിച്ചിരുന്നില്ല. റിയാദിൽ ഞാൻ ജീവിച്ച ചുറ്റുപാടും അക്കാലത്ത് തനിക്കുണ്ടായ ചില മോശം അനുഭവവുമാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. താൻ മൂലമുണ്ടായ തെറ്റിദ്ധാരണ മാറ്റുക കൂടിയാണ് ഇപ്പോഴത്തെ സൗദി സന്ദർശനത്തിന്റെ ലക്ഷ്യം. തന്റെ അനുഭവം പങ്കുവെച്ച് തന്നെ തിരുത്തുമെന്നും ഷാക്കിർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
റിയാദ് സീസണിന്റെ പ്രധാന വേദിയിലൊന്നായ ബൊളീവാർഡ് സന്ദർശിക്കും. നാലുദിവസം കൂടി സൗദിയിൽ തുടരും. അത് കഴിഞ്ഞാൽ കുവൈത്തിൽ പോകാനും അവിടെനിന്ന് യാത്ര തുടരാനുമാണ് പദ്ധതി. "പറക്കും തളിക" എന്നു പേരിട്ട ടൊയോട്ട ഫോർച്യൂണറിൽ ഒരു ചെറിയ വീടിന്റെ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട് . അറേബ്യൻ ഓഫ് റോഡേഴ്സ് എന്നറിയപ്പെടുന്ന യാത്രാസംഘമാണ് റിയാദിൽ ഷാക്കിറിനെ വഴികാട്ടാൻ രംഗത്തുള്ളത്. ഭാര്യ ബൽകീസ് ബീവി, മക്കളായ മാസി, റയാൻ എന്നിവരും യാത്രയിൽ ഷാക്കിറിനെ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.