മൂന്നുമിനിറ്റിനുള്ളിൽ വ്യക്തിഗത സ്ഥാപനങ്ങൾക്ക് വാണിജ്യ രജിസ്ട്രേഷൻ
text_fieldsജിദ്ദ: സൗദിയിൽ വ്യക്തിഗത സ്ഥാപനങ്ങൾക്കായുള്ള വാണിജ്യ രജിസ്ട്രേഷൻ മൂന്ന് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാം. അപേക്ഷ നൽകുന്നത് മുതൽ മൂന്നുമിനിറ്റുകൾ മാത്രം മതിയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ രജിസ്റ്റർ ഇഷ്യൂ ചെയ്യാൻ അപേക്ഷിക്കുമ്പോൾതന്നെ അപേക്ഷകർക്ക് ഒരുനമ്പർ നൽകും. ഫോൺ പോലുള്ള ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാർഗങ്ങളിലൂടെ തങ്ങളുടെ അപേക്ഷയെ പിന്തുടരാൻ അപേക്ഷകർക്ക് സാധിക്കും. ഇതുവഴി അപേക്ഷകൻ മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് പോകാതെതന്നെ ഉദ്യോഗസ്ഥർക്ക് രജിസ്റ്ററുകൾ ഉടനടി ഇഷ്യൂ ചെയ്യാൻ സാധിക്കും.
മന്ത്രാലയത്തിനുകീഴിലുള്ള 'വാത്തിക്' പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും എല്ലാ സ്വകാര്യ മേഖല കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വാണിജ്യ രജിസ്റ്ററിന്റെ വിശദാംശങ്ങൾ സൗജന്യമായി ലഭിക്കും.
സൗദിയിലെ ഇ-കൊമേഴ്സ്, ഡിജിറ്റൽ പരിവർത്തനം സജീവമാക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ സംരംഭം. സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനും സ്ഥാപനങ്ങൾ തമ്മിലുള്ള ഇ-ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ബിസിനസുകൾ വളർത്തുന്നതിനും വിവിധ മേഖലകളിലെ സ്ഥാപനങ്ങൾക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമാണ് മന്ത്രാലയം ശ്രമം നടത്തുന്നത്. ഭക്ഷണപാനീയങ്ങളുടെ മൊത്തവ്യാപാര പ്രവർത്തനത്തിന്റെ വാണിജ്യ രജിസ്റ്ററുകൾ ഇതിനകം 14,842 ആയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.