സച്ചാർ കമീഷൻ: അട്ടിമറിക്കെതിരെ യോജിച്ച പോരാട്ടം നടത്തും –മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി
text_fields
റിയാദ്: പിന്നാക്ക വിഭാഗമായ മുസ്ലിം സമൂഹത്തിെൻറ പതിതാവസ്ഥ പരിഹരിക്കാൻ രാജ്യം മുന്നോട്ടുവെച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കാനും സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും ശ്രമിക്കുന്ന കേരള സർക്കാർ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് റിയാദിലെ മുസ്ലിം സംഘടനകളുടെ സംയുക്തസമിതി സംഘടിപ്പിച്ച പ്രതിഷേധസംഗമം പ്രഖ്യാപിച്ചു.
ഗൾഫിലുള്ള മുഴുവൻ പ്രവാസികളെയും അണിനിരത്തി വെർച്വൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. റിയാദിലെ അപ്പോളോ ഡിമോറോ ഹോട്ടലിൽ ചേർന്ന വിവിധ മുസ്ലിം സംഘടന പ്രതിനിധികളുടെയും നേതാക്കളുടെയും യോഗം കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വെങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വർഗീയ ശക്തികളും വർഗാധിപത്യശക്തികളും ചേർന്ന് മുസ്ലിം സമൂഹത്തിെൻറ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും പാലോളി കമ്മിറ്റിയുടെ റിപ്പോർട്ടുകൾപോലും നിരാകരിച്ച് മുന്നോട്ടുപോകുന്ന സർക്കാർ നടപടി തികച്ചും വഞ്ചനപരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഭരണകൂടം നിർമിച്ചെടുക്കുന്ന അവാസ്തവമായ കാര്യങ്ങൾ മാധ്യമങ്ങളും പൊതുസമൂഹവും പിന്തുടരുന്നത് ഖേദകരമാണെന്നും മുസ്ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പടക്കം ഇല്ലാതെയാക്കിയ നിരവധി നടപടികൾ 'ഇസ്ലാം ഭീതി'യുടെ മറവിൽ സർക്കാർ ഒളിച്ചുകടത്തുകയായിരുന്നുവെന്നും വിഷയാവതാരകൻ ഷാഫി ദാരിമി അഭിപ്രായപ്പെട്ടു. ശരീഅത്ത് വിവാദകാലത്തെ പോലെ ഒന്നിച്ചുനിൽക്കണമെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി അബ്ദുൽ ജലീൽ സംഘടനകളോട് അഭ്യർഥിച്ചു.
ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ പിന്നാക്കംപോയ സമൂഹത്തെ മുന്നോട്ടു കൊണ്ടുവരാനായിരുന്നു സച്ചാർ കമ്മിറ്റിയെന്നും മുസ്ലിം സമൂഹം എന്തൊക്കെയോ നേടിയെന്ന് വിഭജന-ഭീതി രാഷ്ട്രീയം കളിക്കുന്നവർ അനർഹമായി നേടിയതെന്തെന്ന് വ്യക്തമാക്കണമെന്നും തനിമ കൂടിയാലോചന സമിതിയംഗം ഖലീൽ പാലോട് ആവശ്യപ്പെട്ടു. ഭരണഘടന നൽകിയ ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി ഷഫീഖ് ചൂണ്ടിക്കാട്ടി.
റിയാദ് ഇസ്ലാഹി സെൻറർ കോഒാഡിനേഷൻ കമ്മിറ്റിയംഗം എൻജി. ഉമർ ശരീഫ് മുസ്ലിം ക്രിസ്ത്യൻ രാഷ്ട്രീയ സമുദായ സ്പർധയുണ്ടാക്കുന്ന സ്ഥാപിത താൽപര്യക്കാരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞു. ജനാധിപത്യ പ്രക്ഷോഭങ്ങൾ തുടരുന്നതോടൊപ്പം ഓരോ മഹല്ലും സംഘടനകളും നിലവിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പുതിയ എജുക്കേഷൻ പോളിസിയെകുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും സിജി റിയാദ് ചാപ്റ്റർ ചെയർമാൻ റഷീദലി പറഞ്ഞു.
പ്രശ്നം ഉണ്ടാകുമ്പോൾ മാത്രമല്ല എല്ലായ്പോഴും സംഘടനകൾ തമ്മിലുള്ള സഹകരണം ആവശ്യമാണെന്ന് എം.ഇ.എസ് പ്രതിനിധി സൈനുൽ ആബിദ് പറഞ്ഞു. മുസ്ലിം സമുദായത്തിെൻറ പൊതുവിഷയങ്ങളിൽ എന്നും സഹകരിച്ച ചരിത്രമാണ് തങ്ങൾക്കുള്ളതെന്ന് സമസ്ത പ്രതിനിധി സൈതലവി ഫൈസി പറഞ്ഞു. ആദർശവും ഖുർആനും മുറുകെപിടിക്കാനും നീതിക്കുവേണ്ടി നിലകൊള്ളാനും തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി പറഞ്ഞു. ഓരോ സംഘടനയേയും പ്രതിനിധാനംചെയ്ത് നിശ്ചിത അംഗങ്ങൾ പങ്കെടുത്തു. യു.പി. മുസ്തഫ, എ.യു. സിദ്ദീഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ റഹ്മത്ത് ഇലാഹീ സ്വാഗതവും അഡ്വ. ഹബീബുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.