ആനുകൂല്യങ്ങൾ നൽകാതെ കയറ്റിവിടാൻ കമ്പനി ശ്രമം: കേസിൽ ജയിച്ച രാജു നാട്ടിലേക്ക്
text_fieldsഅൽഅഹ്സ: ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റടിച്ച് നാട്ടിൽ അയക്കാനുള്ള കമ്പനി ശ്രമത്തിനെതിരെ കേസ് നടത്തിയ മലയാളിക്ക് വിജയം. 29 വർഷമായി ജോലി ചെയ്ത കമ്പനി, ജോലികരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റടിച്ചപ്പോഴാണ് എറണാകുളം സ്വദേശിയായ രാജു, നവയുഗം ജീവകാരുണ്യ വിഭാഗത്തിെൻറ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ആനുകൂല്യങ്ങൾ നേടിയെടുത്തത്. 29 വർഷമായി അൽഅഹ്സ്സയിലെ ശുഖൈഖിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരുകയായിരുന്നു. പ്രായമായതിെൻറ പേരിൽ കമ്പനി മാനേജ്മെൻറ് രാജുവിനെ എക്സിറ്റടിച്ചു.
എന്നാലിത്രയും വർഷം ജോലി ചെയ്തതിനാൽ, ജോലികരാർ പ്രകാരം നൽകേണ്ട ആനുകൂല്യങ്ങളൊന്നും നൽകാതെ, രാജുവിനെ നാട്ടിലേക്ക് അയക്കാനായിരുന്നു കമ്പനിയുടെ ശ്രമം. നവയുഗം അൽഅഹ്സ്സ ശുഖൈഖ് യൂനിറ്റിെൻറ സജീവ പ്രവർത്തകനായിരുന്ന രാജു, ഈ വിഷയം നവയുഗം മേഖല ഭാരവാഹികളായ സിയാദ് പള്ളിമുക്ക്, ഉണ്ണി മാധവം എന്നിവരെ അറിയിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് ജീവകാരുണ്യവിഭാഗം ഈ വിഷയത്തിൽ ഇടപെട്ടു. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിെൻറ നിർദേശപ്രകാരം രാജു അൽഅഹ്സ്സ ലേബർ കോടതിയിൽ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. ലേബർ കോടതിയിൽ കേസായതോടെ രാജുവിെൻറ സ്പോൺസർ ചർച്ചക്ക് തയാറായി.
ഉണ്ണി മാധവത്തിെൻറ നേതൃത്വത്തിൽ നവയുഗം ഭാരവാഹികൾ സ്പോൺസറുമായി ആദ്യവട്ട ചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഷാജി മതിലകം ഇന്ത്യൻ എംബസിയെ ഈ വിഷയം അറിയിച്ചു സ്പോൺസറോട് സംസാരിപ്പിക്കുകയും ചെയ്തു. നിരന്തരമായ സമ്മർദത്തിനൊടുവിൽ സ്പോൺസർ എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് സമ്മതിച്ചു. ഷാജി മതിലകം നവയുഗം ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം അൽഅഹ്സ്സ ലേബർ കോടതിയിലെത്തി.
ഒത്തുതീർപ്പിനായി കേസിെൻറ നടപടികൾ പൂർത്തിയാക്കുകയും രാജുവിന് സ്പോൺസറുടെ അഭിഭാഷകൻ എല്ലാ ആനുകൂല്യങ്ങളും കൈമാറുകയും ചെയ്തു. ഉണ്ണി മാധവത്തിനും സിയാദിനുമൊപ്പം നവയുഗം അൽഅഹ്സ മേഖല നേതാക്കളായ സുശീൽ കുമാർ, ഷിബു താഹിർ എന്നിവർ ഈ കേസിൽ എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു. കമ്പനി നൽകിയ വിമാന ടിക്കറ്റിൽ അടുത്ത ആഴ്ച രാജു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.