തൊഴിലന്വേഷകരെ റിക്രൂട്ടിങ് ഏജൻസികൾ വഞ്ചിക്കുന്നതായി പരാതി
text_fieldsഅബൂദബി: യു.എ.ഇയിൽ തൊഴിലവസരങ്ങൾ തേടുന്നവരെ വ്യാജ ജോലികൾ വാഗ്ദാനം നൽകി റിക്രൂട്ടിങ് ഏജൻസികൾ വഞ്ചിക്കുന്നതായ പരാതിയുമായി അബൂദബി കേന്ദ്രമായുള്ള അഹല്യ മെഡിക്കൽ ഗ്രൂപ്.കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധിപേർ തൊഴിലന്വേഷിക്കുന്ന സാഹചര്യം മുതലെടുത്താണ് ഏജൻറുമാർ ചതിക്കുഴികളുമായി പല സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ അയച്ച് കബളിപ്പിക്കുന്നത്.
ഇത്തരത്തിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിെൻറ വ്യാജ ഇ–മെയിൽ ഐഡി മുഖേന ഇന്ത്യക്കാരായ പല തൊഴിലന്വേഷകർക്കും തൊഴിൽക്കരാർ നൽകിയതായി കണ്ടെത്തി. വ്യാജ തൊഴിൽരേഖകൾ ലഭിച്ച ഉദ്യോഗാർഥികൾ പലരും നേരിട്ടും ഇ-മെയിൽ മുഖേനയും അഹല്യ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വൻ ശമ്പളം ഓഫർ ചെയ്ത വ്യാജരേഖകളുടെ കോപ്പികൾ ഗ്രൂപ്പിെൻറ ശ്രദ്ധയിലെത്തിയത്.
ഓൺലൈൻ ഇൻറർവ്യൂ, ടെലിഫോണിക് ഇൻറർവ്യൂ തുടങ്ങിയവ വഴിയാണ് ഏജൻറുമാർ ഉദ്യോഗാർഥികളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നത്. തട്ടിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അഹല്യ ഗ്രൂപ് അറിയിച്ചു.
ഗ്രൂപ്പിന് ഏതെങ്കിലും റിക്രൂട്ട്മെൻറ് ഏജൻസികളുമായി കരാറില്ലെന്നും തൊഴിലവസരങ്ങൾ നൽകുന്നതിന് ഫീസ് ഈടാക്കാറില്ലെന്നും തൊഴിലന്വേഷകർ തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. സംശയാസ്പദമായ ഏതെങ്കിലും തൊഴിൽക്കരാറുകൾ കൈപ്പറ്റിയാൽ അഹല്യ മെഡിക്കൽ ഗ്രൂപ് അധികൃതരെ hrahalia@ahaliagroup.com എന്ന ഇ-മെയിൽ വഴി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.