വിമാനക്കമ്പനികൾക്കെതിരെ യാത്രക്കാരുടെ പരാതികൾ വർധിച്ചു
text_fieldsറിയാദ്: വിമാനക്കമ്പനികൾക്കെതിരെയുള്ള യാത്രക്കാരുടെ പരാതികൾ വർധിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക). പരാതികളിൽ അധികവും ലഗേജുമായി ബന്ധപ്പെട്ടുള്ളതാണെന്നും അതോറിറ്റി. കഴിഞ്ഞ നവംബറിലെ പരാതികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വിമാന യാത്രക്കാരിൽനിന്നുള്ള പരാതികളുടെ എണ്ണം 928ൽ എത്തിയതായി അതോറിറ്റി വിശദീകരിച്ചു.
ഓരോ ലക്ഷം യാത്രക്കാർക്കും 11 പരാതികൾ എന്ന നിലയിൽ ഏറ്റവും കുറവ് പരാതികളുള്ളത് ഫ്ലൈ അദീൽ എന്ന വിമാനക്കമ്പനിക്കാണ്. ഈ കമ്പനി നവംബർ മാസത്തിൽ കൃത്യസമയത്ത് പരാതികൾ കൈകാര്യം ചെയ്യുന്നതിന്റെ നിരക്ക് 99 ശതമാനമായെന്നും അതോറിറ്റി പറഞ്ഞു. ഓരോ ലക്ഷം യാത്രക്കാർക്കും 12 പരാതികൾ എന്ന നിലയിൽ ഫ്ലൈനാസാണ് രണ്ടാം സ്ഥാനത്ത്. സമയബന്ധിതമായ പരാതി കൈകാര്യം ചെയ്യുന്നതിന്റെ നിരക്ക് നൂറുശതമാനമായി. സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) മൂന്നാം സ്ഥാനത്താണ്. ഓരോ ലക്ഷം യാത്രക്കാർക്കും ലഭിച്ച പരാതികൾ 13 എണ്ണം എന്ന നിലയിലാണിത്. പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്തതിന്റെ നിരക്ക് 99 ശതമാനമാണ്. സൂചികയിലെ നിരീക്ഷണമനുസരിച്ച് നവംബർ മാസത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പരാതികളിൽ ആദ്യത്തേത് ലഗേജ് സേവനങ്ങളാണ്. രണ്ടാമത് ടിക്കറ്റുകൾ സംബന്ധിച്ചും മൂന്നാമത് വിമാനങ്ങളെക്കുറിച്ചുള്ള പരാതികളാണെന്നും അതോറിറ്റി പറഞ്ഞു.
അന്താരാഷ്ട്ര യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ പരാതികളുള്ളത് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സംബന്ധിച്ചാണ്. ഒരുലക്ഷം യാത്രക്കാരിൽ വെറും 0.4 ശതമാനം എന്ന നിരക്കിൽ മാത്രമെ പരാതിയുണ്ടായിട്ടുള്ളൂ. ആഭ്യന്തര വിമാനത്താവളങ്ങളുടെ കാര്യത്തിൽ കിങ് സഊദ് വിമാനത്താവളമാണ് ഏറ്റവും കുറഞ്ഞ പരാതികളുടെ പട്ടികയിൽ ഒന്നാമത്. വിമാനയാത്ര സേവനദാതാക്കളുടെയും വിമാനത്താവളങ്ങളുടെയും പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് നൽകാനാണ് ഉപഭോക്താക്കളുടെ പരാതികൾ സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് പുറത്തുവിടുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. പരാതികൾ പരിഹരിക്കുന്നതോടൊപ്പം യാത്രക്കാർക്ക് ഉചിതമായ സേവനദാതാവിനെ തിരഞ്ഞെടുക്കാനും സുതാര്യത വർധിപ്പിക്കാനും അതോറിറ്റിയുടെ വിശ്വാസ്യത പ്രകടമാക്കാനും യാത്രക്കാരുടെ പരാതികളോടുള്ള ആശങ്കയും സേവനങ്ങൾ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും വിമാനയാത്ര സേവനദാതാക്കളും വിമാനത്താവളങ്ങളും തമ്മിലുള്ള ന്യായമായ മത്സരം ഉത്തേജിപ്പിക്കാനും കഴിയുന്നതിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.