കാലിഗ്രഫി വിരുതിൽ ഖുർആൻ കൈയെഴുത്ത് പൂർത്തിയാക്കി മലയാളി
text_fieldsഖമീസ് മുശൈത്ത്: കോവിഡ് മഹാമാരിയിൽ ലോകം അടഞ്ഞുകിടന്നപ്പോൾ വിരസദിനങ്ങളെ സർഗാത്മകതകൊണ്ട് സജീവമാക്കി മലയാളി ചിത്രകാരൻ. കൊടുങ്ങല്ലൂർ പുത്തൻചിറ സ്വദേശി കുഞ്ഞാലിപ്പറമ്പിൽ നാസറാണ് കാലിഗ്രഫിയുടെ വിരുതിൽ ഖുർആെൻറ കൈയെഴുത്ത് പ്രതി തയാറാക്കിയത്. ഖുർആെൻറ കൈയെഴുത്ത് പ്രതി മാത്രമല്ല, മറ്റ് കാലിഗ്രഫി പെയിൻറിങ്ങുകളും രചിച്ചു.
ചെറുശിൽപങ്ങളിലും അറബി കാലിഗ്രഫിയിൽ ചിത്രവേല ചെയ്തു. അങ്ങനെ മഹാവ്യാധി ബാക്കിയിട്ട ഒഴിവുവേളയെ തെൻറ കലാസപര്യക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു ഈ കലാകാരൻ. 26 വർഷമായി ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ പ്രവാസിയാണ് നാസർ. ഇവിടെ ഒരു ആർട്ട്് സ്റ്റുഡിയോയിൽ ആർട്ടിസ്റ്റാണ്. വിദ്യാലയങ്ങളിൽ ചിത്രം വരയ്ക്കലായിരുന്നു പ്രധാന ജോലി. എന്നാൽ, കോവിഡ് മൂലം ഒരു വർഷത്തോളം സൗദിയിൽ സ്കൂളും കോളജും അടഞ്ഞുകിടന്നതുെകാണ്ട് ജോലിയിൽ ഇടവേളയുണ്ടായി.
ഈ സമയം ഫലപ്രദമായി വിനിയോഗിക്കാൻ നാസർ കാലിഗ്രഫിയുടെ പേനയും ബ്രഷും ശിൽപിയുടെ ഉളിയും കൈയിലെടുക്കുകയായിരുന്നു.
ഖുർആൻ മുഴുവൻ കാലിഗ്രഫിയുടെ വടിവിൽ പകർത്തിയെഴുതാൻ തുടങ്ങി. ഒരുവർഷം കൊണ്ട് ഖുർആൺ പൂർണമായി എഴുതിത്തീർത്തു. ഇതിനോടൊപ്പം അസീർ പ്രവിശ്യയിലെ വിവിധ പള്ളികളിലേക്കും നിരവധി വ്യാപാരസ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും അറബി അക്ഷരങ്ങളാൽ ചിത്രവേല ചെയ്ത പെയിൻറിങ്ങുകളും നിർമിച്ചു. അതിന് പുറമെയാണ് കൗതുക വസ്തുക്കളായ ചെറുശിൽപങ്ങളിലും അറബി കാലിഗ്രഫികൊണ്ട് ചിത്രങ്ങൾ കോറിയത്.
അറബി കാലിഗ്രഫിയിൽ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുകയാണ് തെൻറ അടുത്ത പദ്ധതിയെന്ന് നാസർ പറയുന്നു. അബ്ദുവും ഫാത്തിമയുമാണ് മാതാപിതാക്കൾ. ഭാര്യ റസിബയും ചിത്രരചനയിൽ തൽപരരായ മക്കൾ നബീൽ, നായിഫ്, നാഫിയ എന്നിവരും അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.