എസ്.ഐ.സി കിഴക്കൻ പ്രവിശ്യ സർഗലയം ഗ്രാൻഡ് ഫിനാലെക്ക് സമാപനം
text_fieldsഉബൈദുല്ല തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: സമസ്ത ഇസ്ലാമിക് സെന്റർ കിഴക്കൻ പ്രവിശ്യ കമ്മിറ്റിയും ശർഖിയ്യ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച സർഗലയം ഗ്രാൻഡ് ഫിനാലെ സമാപിച്ചു. ഉമ്മുസാഹിക് ഓഡിറ്റോറിയത്തിൽ നടന്ന സർഗലയത്തിൽ കിഴക്കൻ പ്രവിശ്യയിലെ ശർഖിയ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെ കീഴിലുള്ള വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ നടന്ന സർഗലയത്തിൽ വിജയികളായ മദ്റസ വിദ്യാർഥികളും മുതിർന്നവരും മാറ്റുരച്ച പരിപാടി കിഴക്കൻ പ്രവിശ്യയിലെ കുടുംബങ്ങൾക്ക് നവ്യാനുഭവമായി മാറി. ഇസ്ലാമിക കലാ സാഹിത്യ രംഗത്ത് കിഴക്കൻ പ്രവിശ്യയിൽ ശ്രദ്ധേയമായ പരിപാടിയായിരുന്നു സർഗലയം ഗ്രാൻഡ് ഫിനാലെ.
മർഹൂം ചെറുശ്ശേരി ഉസ്താദ് നഗറിൽ ഹംസ ഫൈസി റിപ്പൺ സമസ്തയുടെ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി വിഖായ വളന്റിയർമാരുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. പ്രാരംഭ സംഗമത്തിൽ പൂക്കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. ശർഖിയ്യ റേഞ്ച് പ്രസിഡന്റ് ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർ ബഷീർ ബാഖവി സ്വാഗതവും എസ്.ഐ.സി കിഴക്കൻ പ്രവിശ്യ വർക്കിങ് സെക്രട്ടറി അഷ്റഫ് അഷ്റഫി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സർഗസംഗമത്തിൽ വിവിധ മദ്റസകളിൽനിന്നുള്ള വിദ്യാർഥികളും ജനറൽ, ഉലമ വിഭാഗങ്ങളിൽ പ്രവർത്തകരും മാറ്റുരച്ചു. മദ്റസ വിഭാഗത്തിൽ ദമ്മാം തർബിയത്തുൽ ഇസ്ലാം മദ്റസ ഒന്നാം സ്ഥാനവും ഖോബാർ, തുഖ്ബ ഖുവത്തുൽ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനവും ജുബൈൽ ദാറുൽ ഫൗസ് മദ്റസ മൂന്നാം സ്ഥാനവും നേടി. ജനറൽ, ഉലമ വിഭാഗത്തിൽ ഖോബാർ, ദമ്മാം, ജുബൈൽ സെൻട്രൽ കമ്മിറ്റികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ, എസ്.ഐ.സി പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റാഫി ഹുദവി അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ, ജിദ്ദ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ സേവകരാകാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും കേരളത്തിലെ മുസ്ലിം ഉമ്മത്തിന് ദീനിന്റെ യഥാർഥ വഴി കാണിച്ചുനൽകിയതിൽ സമസ്തയുടെ പങ്ക് നിർണായകമാണെന്നും തങ്ങൾ പറഞ്ഞു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. ദമ്മാം മലബാർ ഉംറ ചീഫ് അമീർ സകരിയ്യ ഫൈസി പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കിഴക്കൻ പ്രവിശ്യയിൽനിന്ന് നാഷനൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രഷറർ പ്രൊവിൻസ് കമ്മിറ്റി ട്രഷറർ ഖാസി മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ സ്വീകരണവും നൽകി.
മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണത്തിന് നാഷനൽ കമ്മിറ്റി ട്രഷറർ ഇബ്രാഹീം ഓമശ്ശേരി തുടക്കം കുറിച്ചു. പൊതുപരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവെച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും ആദരിച്ചു. സുലൈമാൻ ഖാസിമി ജുബൈൽ സമാപന ദുആക്ക് നേതൃത്വം നൽകി. ഏവരുടെയും മനസ്സ് കീഴടക്കിയ ബുർദ ആസ്വാദന സദസ്സ്, എസ്.ഐ.സി ടീം തീം സോങ്, വിഖായ ഗ്രാൻഡ് സല്യൂട്ട് എന്നിവയും അരങ്ങേറി. സ്വാഗത സംഘം കൺവീനർ, എസ്.ഐ.സി പ്രൊവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി മാഹിൻ വിഴിഞ്ഞം സ്വാഗതവും സ്വാഗത സംഘം വർക്കിങ് കൺവീനർ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. ശജീർ കൊടുങ്ങല്ലൂർ, സവാദ് ഫൈസി വർക്കല, ഹുസൈൻ റഹീമ, ഇഖ്ബൽ ആനമങ്ങാട്, കബീർ അത്തോളി, നസീർ ഉമ്മുസാഹിക്, ശജീർ അസ്അദി, ഇസ്ഹാഖ് കോടൂർ, ഇർജാസ് മൂഴിക്കൽ, അമീർ പരുതൂർ, സുഹൈൽ ഹുദവി, റഷീദ് കണ്ണൂർ, അബു യാസീൻ, സമദ് കണ്ണൂർ, ജലാൽ മൗലവി, ആശിഖ് ദമ്മാം, മഅ്ശൂഖ് ദമ്മാം, മുഹ്സിൻ ഹുദവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.