ആരോഗ്യ മുൻകരുതലിന് ഇളവ്
text_fieldsജിദ്ദ: കോവിഡിനെ തുടർന്ന് സൗദിയിലുടനീളം ഏർപ്പെടുത്തിയ ആരോഗ്യമുൻകരുതൽ നടപടികൾ ലഘൂകരിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ. കഴിഞ്ഞ വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ട തീരുമാനങ്ങളാണ് ഞായറാഴ്ചയോടെ നടപ്പായത്. നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്ന നടപടികൾ അതത് വകുപ്പുകൾ നടപ്പാക്കിത്തുടങ്ങി. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട, സാമൂഹികഅകലം പാലനം ആവശ്യമില്ല, മക്കയിലെയും മദീനയിലെയും ഹറമുകളിലെ ഉൾക്കൊള്ളൽ ശേഷി പൂർണമായും ഉപയോഗപ്പെടുത്തി തീർഥാടകരെയും സന്ദർശകരെയും നമസ്കാരക്കാരെയും പ്രവേശിപ്പിക്കാം എന്നിവയാണ് ചട്ടങ്ങിൽ അയവ് വരുത്തുന്ന ഏറ്റവും പ്രധാന തീരുമാനങ്ങൾ. സാമൂഹിക ഒത്തുചേരലുകളിലും പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യം, റസ്റ്റാറൻറുകൾ, സിനിമശാലകൾ എന്നിവിടങ്ങളിലും സമൂഹിക അകലം നിർബന്ധമില്ല.
മാത്രമല്ല ഇവിടങ്ങളിലെ ഉൾക്കൊള്ളൽ ശേഷി പൂർണമായും ഉപയോഗപ്പെടുത്തി ആളുകളെ പ്രവേശിപ്പിക്കാം. കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കാണ് പുതിയ തീരുമാനങ്ങളെല്ലാം ബാധകം. കോവിഡിനെ തുടർന്ന് ഏകദേശം 20 മാസമായി തുടരുന്ന നിയന്ത്രണങ്ങൾക്കാണ് ഇപ്പോൾ ഭരണകൂടം ഇളവുകൾ നൽകിയത്. കോവിഡ് കുറഞ്ഞതോടെ ഘട്ടംഘട്ടമായി ഇളവുകൾ ഏർപ്പെടുത്തി വരുകയായിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നന്നേകുറഞ്ഞതും രണ്ട് ഡോസ് വാക്സിനെടുത്തവരുടെ എണ്ണം വർധിച്ചതുമാണ് ആരോഗ്യ മുൻകരുതൽ നടപടികൾ കൂടുതൽ ലഘൂകരിക്കാൻ കാരണം. സൗദിയിൽ കോവിഡ് വ്യാപനത്തിന് ശമനം കാണുന്നത് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് കാരണമായെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും കോവിഡ് പകരാനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നതിനാൽ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച നിർേദശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ സ്ഥലങ്ങളിലെയും പ്രവേശനത്തിന് കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുക്കൽ നിർബന്ധമാണ്. ഇരുഹറമുകളിലെത്തുന്നവർ മാസ്ക് ധരിക്കണം. കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യകേന്ദ്രങ്ങൾ അടച്ചിട്ട സ്ഥലങ്ങളുടെ പരിധിയിലുൾപ്പെടുന്നതിനാൽ അവിടെ മാസ്ക് ധരിക്കണമെന്ന് സൗദി രോഗപ്രതിരോധ നിയന്ത്രണകേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പൂർണമായും ഇതുവരെ അവസാനിച്ചിട്ടില്ലാത്തതിനാൽ ഹസ്തദാനം പോലുള്ളവ ഒഴിവാക്കണം. വരും ആഴ്ചകളിൽ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ ആരോഗ്യ മുൻകരുതലുകളിൽ ഇനിയും കൂടുതൽ ഇളവുകൾ ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.