സർഗാത്മക ചിന്തകളുണർത്തി മിസ്ക് ഗ്ലോബൽ യൂത്ത് ഫോറത്തിന് സമാപനം
text_fieldsറിയാദ്: യുവതലമുറയുടെ സർഗാത്മക ചിന്തകൾക്ക് ഉണർവുപകർന്ന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുവ സംഗമവേദിയായ മിസ്ക് ഗ്ലോബൽ ഫോറത്തിന്റെ ഈ വർഷത്തെ പതിപ്പിന് പരിസമാപ്തി. അമീർ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷനാണ് ഫോറത്തിന്റെ സംഘാടകർ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾ, സംരംഭകർ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, സർഗപ്രതിഭകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ സമ്മേളനത്തിൽ സാന്നിധ്യമറിയിച്ചു.
ചർച്ചകൾക്കും ആശയങ്ങളുടെ കൈമാറ്റങ്ങൾക്കും പ്രത്യേകം വേദികളുണ്ടായിരുന്നു. സൗദി അറേബ്യയുടെ ആദ്യ തലസ്ഥാനനഗരിയായ ദറഇയ്യയിലെ ബുജൈരി ടെറസിൽ നടന്ന സമ്മേളനം മിസ്ക് ഫൗണ്ടേഷൻ സി.ഇ.ഒ ബദർ അൽ ബദർ ഉദ്ഘാടനം ചെയ്തു. ഭാവിയുടെ വാഗ്ദാനമായ സമർഥരായ ചെറുപ്പക്കാരുടെ ആഘോഷദിവസങ്ങളാണ് ഈ വർഷത്തെ ഫോറമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
‘ഉയർന്ന് ചിന്തിക്കുക, ഉടൻ പ്രവർത്തിക്കുക’ എന്ന ശീർഷകത്തിൽ ചേർന്ന സമ്മേളനം നിർഭയത്വത്തോടെ പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കാനും കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കാൻ ലക്ഷ്യബോധമുള്ള നടപടികൾ കൈക്കൊള്ളാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യം സ്ഥാപിക്കുകയും ആ ലക്ഷ്യത്തിലേക്ക് വ്യക്തമായ ഒരു നടപ്പാക്കൽ പദ്ധതി വികസിപ്പിച്ചെടുക്കുകയും ചെയ്ത് കാലതാമസം കൂടാതെ പ്രവർത്തിക്കാനും തുടങ്ങിയ കിരീടാവകാശിയുടെ ‘വിഷൻ 2030’ എന്ന മുദ്രാവാക്യം ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണെന്ന് ബദർ കൂട്ടിച്ചേർത്തു.
അൽഇത്തിഹാദ് ക്ലബിന്റെ കളിക്കാരനായ ഫ്രഞ്ച് താരം കരിം ബെൻസേമ പ്രധാന അതിഥികളിൽ ഒരാളായി പങ്കെടുത്തു. സൗദി അറേബ്യയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ബെൻസേമ പറഞ്ഞ നല്ല വാക്കുകൾ ആവേശത്തോടെയാണ് യുവാക്കൾ സ്വീകരിച്ചത്. സൗദി ജനത കളിക്കാരുടെ ആരാധകർ മാത്രമല്ല, സ്നേഹിക്കുകയും ആവേശം നൽകുകയും ചെയ്യുന്നവരാണെന്ന ബെൻസേമയുടെ പരാമർശം നിറകൈയടികളോടെ സദസ്സ് നെഞ്ചേറ്റി. ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ സെഷനുകളിലും വൻ ജനപങ്കാളിത്തമുണ്ടായി. കല, കരിയർ, ടെക്നോളജി തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയമായി അടയാളപ്പെടുത്താൻ പിന്തുണയും മാർഗനിർദേശം നൽകിയാണ് ഏഴാമത് മിസ്ക് ഗ്ലോബൽ ഫോറം സമാപിച്ചത്.
ഫോറം 17 പങ്കാളിത്ത, സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
റിയാദ്: മിസ്ക് ഫൗണ്ടേഷൻ ഈ വർഷത്തെ ഗ്ലോബൽ ഫോറത്തോടനുബന്ധിച്ച് 17 പങ്കാളിത്ത, സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. ഏഴാം പതിപ്പിന്റെ സമാപനത്തിലാണ് ഫൗണ്ടേഷനും അനുബന്ധ സ്ഥാപനങ്ങളും ഇത്രയും കരാറുകൾ ഒപ്പിട്ടത്. സംരംഭകത്വത്തിലും ലാഭേച്ഛയില്ലാത്ത ഓർഗനൈസേഷനുകളെ പിന്തുണക്കുന്നതിലും മിസ്കിന്റെ പരിപാടികളിൽനിന്ന് പ്രയോജനം നേടുന്ന ഒരു കൂട്ടം സ്ഥാപനങ്ങളുമായുള്ള നിരവധി കരാറുകൾക്കു പുറമേയാണിത്.
മിസ്ക് ഫൗണ്ടേഷൻ, പ്രാദേശിക-അന്തർദേശീയ സ്ഥാപനങ്ങൾ, പൊതുമേഖല-സ്വകാര്യ മേഖല സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവ തമ്മിലുള്ള പങ്കാളിത്ത, സഹകരണ കരാറുകളാണ് ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.