ഹറമിൽ ഇഫ്താർ ഒരുക്കുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിൽ ഇഫ്താർ ഒരുക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ ഇരുഹറം കാര്യാലയം പ്രഖ്യാപിച്ചു. ഇഫ്താറിന് നിശ്ചയിച്ച സ്ഥലങ്ങളിലായിരിക്കും സുപ്രകൾ വിതരണം ചെയ്യേണ്ടതെന്ന് പ്രത്യേകം ഉണർത്തിയിട്ടുണ്ട്. നടപ്പാതകളിലോ, നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലോ ഇഫ്താർ സുപ്രകൾ ഒരുക്കരുത്. ഹറമിനുള്ളിലേക്ക് റൊട്ടി, ചീസ് തുടങ്ങിയ ഡ്രൈ ഫുഡുകൾ മാത്രമായിരിക്കും അനുവദിക്കുക.
ഈത്തപ്പഴം ഇടാൻ അനുയോജ്യമായ പ്ലാസ്റ്റിക് പ്ലേറ്റുകൾ സുപ്രകൾ അത് ഒരുക്കുന്നവർ നൽകിയിരിക്കണമെന്ന് ഇരുഹറം കാര്യാലയം ഫീൽഡ് സർവിസസ്, പരിസ്ഥിതി വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ മുസ്ലിഹ് അൽ ജാബിരി പറഞ്ഞു.
ഇഫ്താർ വിതരണ സമയത്ത് പ്ലാസ്റ്റിക് കൈയുറകൾ ധരിച്ചിരിക്കണം. ചൂടുള്ള പാനീയങ്ങൾക്ക് പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിക്കരുത്. നടപ്പാതകളിലും പ്രവേശന കവാടങ്ങളിലും ഇഫ്താർ വിതരണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. മൂർച്ചയുള്ള ഉപകരണങ്ങൾ ഹറമിലേക്ക് കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു. ഹറമിലെ മാർബിൾ തറയിൽ സ്റ്റിക്കറുകൾ പതിക്കുന്നതും ഇഫ്താറിന് സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതിനായി അടയാളങ്ങളും മറ്റും സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. തൂണുകൾക്കുള്ളിലെ വൈദ്യുതി സോക്കറ്റുകൾ ഉപയോഗിക്കരുത്.
തൂണുകളുടെ അടിത്തട്ടിലും എയർ കണ്ടീഷനിങ് വെൻറുകളിലും പാദരക്ഷകൾക്കായി ഒരുക്കിയ ഷെൽഫുകളിലും ഇഫ്താർ വിഭവങ്ങൾ വെക്കരുത്. സംസം പാത്രങ്ങൾ സേവനം നൽകുന്നവർ നിശ്ചിത സ്ഥലത്തുനിന്ന് മാറ്റരുത്.ഭക്ഷ്യവസ്തുകൾ കേട് വരാതിരിക്കാൻ ഇഫ്താർ വിഭവങ്ങൾ നിശ്ചിത സമയത്ത് മാത്രമേ വിതരണം ചെയ്യാവൂ. ഇഫ്താർ വിഭവങ്ങൾ നേരത്തെ കൊണ്ടുവന്ന് ഹറമിൽ വിതരണം ചെയ്യരുതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.