കെ.യു. ഇഖ്ബാലിെൻറ നിര്യാണത്തിൽ അനുശോചനം
text_fieldsജിദ്ദ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ കെ.യു. ഇഖ്ബാലിെൻറ (62) മരണത്തിൽ സൗദിയിലെ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം
ജിദ്ദ: പത്രപ്രവർത്തകൻ കെ.യു. ഇഖ്ബാലിെൻറ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. പത്രപ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ ശോഭിച്ച ബഹുമുഖ പ്രതിഭയെയാണ് അദ്ദേഹത്തിെൻറ വേർപാടിലൂടെ നഷ്ടമായത്. പ്രവാസികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അതിന് പരിഹാരം കാണുന്നതിലും പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനും കലാ, സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനും അക്ഷീണം പ്രയത്നിച്ച സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു ഇഖ്ബാൽ. അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നു ജീവിതത്തിെൻറ അവസാന നാളുകൾ കടന്നുപോയത്. അദ്ദേഹത്തിെൻറ അകാല വേർപാടിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് പി.എം. മായിൻകുട്ടിയും ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളിയും അനുശോചനത്തിൽ പറഞ്ഞു.
ദമ്മാം മീഡിയ ഫോറം
ദമ്മാം: സൗദിയുടെ പ്രവാസ പത്രപ്രവർത്തനചരിത്രത്തിൽ മായിക്കാനാവാത്തവിധം അടയാളം രേഖപ്പെടുത്തിയ എഴുത്തുകാരനായിരുന്നു അന്തരിച്ച കെ.യു. ഇഖ്ബാലെന്ന് ദമ്മാം മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു. സൗദിയിൽ മലയാള പത്രങ്ങൾ പിറവിയെടുത്ത കാലം മുതൽ പ്രവാസത്തിെൻറ മിടുപ്പുകൾ പുറംലോകത്തേക്ക് എത്തിക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. മലയാളം ന്യൂസിലെ വാർത്തകൾക്കപ്പുറം മുഖ്യധാരാ മാധ്യമങ്ങളിൽ അദ്ദേഹമെഴുതിയ കുറിപ്പുകളാണ് സൗദിയുടെ ചലനങ്ങൾ പലപ്പോഴും പുറംലോകത്ത് എത്തിച്ചത്. 'ഗദ്ദാമ'യെന്ന സിനിമയെടുക്കാൻ കമലിനെ പ്രേരിപ്പിച്ചതും ഇഖ്ബാലിെൻറ അനുഭവക്കുറിപ്പാണ്. ജീവകാരുണ്യപ്രവർത്തകരോടൊപ്പം നിൽക്കുകയും അവരുടെ അനുഭവങ്ങൾ വാർത്തകളാക്കുകയും ചെയ്ത് അവരെ ജനകീയരാക്കാനും അദ്ദേഹത്തിന് സാധിച്ചു. പ്രവാസികൾക്കുള്ള ശക്തമായ ഓർമപ്പെടുത്തൽകൂടിയായിരുന്നു അദ്ദേഹത്തിെൻറ അവസാനകാല ജീവിതമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രഥമ പ്രസിഡൻറും മലയാളം ന്യൂസ് റിയാദ് ലേഖകനും എഴുത്തുകാരനുമായിരുന്ന കെ.യു. ഇഖ്ബാലിെൻറ നിര്യാണത്തില്‍ ഫോറം അനുശോചിച്ചു. റിയാദിലെ മാധ്യമ, സാമൂഹിക രംഗത്ത് ഏറെ സ്വാധീനം െചലുത്തിയിരുന്ന അദ്ദേഹം സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ട വ്യക്തികൂടിയാണ്. എഴുത്തിെൻറയും വായനയുടെയും ലോകത്തേക്ക് നിരവധി പേരെ അദ്ദേഹം കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തി സാമൂഹിക, സാംസ്കാരിക സംഘടനകളെ കൂടുതല്‍ പ്രചോദിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു എന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രവാസി മലയാളി ഫൗണ്ടേഷൻ
റിയാദ്: പ്രമുഖ മാധ്യമപ്രവർത്തകൻ കെ.യു. ഇഖ്ബാലിെൻറ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടേഷൻ അനുശോചിച്ചു. ജീവകാരുണ്യ, സാംസ്കാരിക രംഗത്തുള്ളവർക്ക് എന്നും വലിയ പിന്തുണ നൽകിയ മാധ്യമപ്രവർത്തകനായിരുന്നു. പ്രവാസത്തിെൻറ അനവധി കാണാപ്പുറവിശേഷങ്ങളും ദുരിതങ്ങളും പൊതുസമൂഹത്തിൽ എത്തിക്കാൻ കെ.യു. ഇഖ്ബാലിെൻറ തൂലികക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രവാസി മലയാളി ഫൗണ്ടേഷെൻറ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.