മതകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്നു മുതൽ മക്കയിൽ
text_fieldsമക്ക: മുസ്ലിം രാജ്യങ്ങളിലെ വഖഫ്, മതകാര്യ മന്ത്രിമാരുടെ ഒമ്പതാമത് സമ്മേളനം ഞായറാഴ്ച മക്കയിൽ ആരംഭിക്കും. തിങ്കളാഴ്ച വരെ തുടരുന്ന സമ്മേളനത്തിലും എക്സിക്യൂട്ടിവ് കൗൺസിലിലും പങ്കെടുക്കാൻ എല്ലാവരും മക്കയിലെത്തി.
‘മിതത്വം പ്രോത്സാഹിപ്പിക്കാനും അതിന്റെ മൂല്യങ്ങൾ ഏകീകരിക്കാനും വഖഫ്, ഇസ്ലാമികകാര്യ മന്ത്രാലയങ്ങളുടെ പങ്ക്’ എന്ന തലക്കെട്ടിൽ സൗദി മതകാര്യമന്ത്രാലയമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മക്കയിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ മന്ത്രിമാർ, മുഫ്തിമാർ, ഇസ്ലാമിക് കൗൺസിൽ മേധാവികൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വങ്ങൾ പങ്കെടുക്കും. സമ്മേളനത്തിൽ 10 ഡയലോഗ് സെഷനുകൾ ഉൾപ്പെടും.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളെ മതകാര്യ വകുപ്പ് മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ആലുശൈഖ് സ്വാഗതം ചെയ്തു. അവർക്ക് സുഖകരമായ താമസം ആശംസിച്ചു. സമ്മേളനത്തിന്റെ വിജയത്തിനും ഉന്നതമായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
ഇസ്ലാമിക ലോകത്തിലെ വഖഫ്, മതകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന്റെ എക്സിക്യൂട്ടിവ് കൗൺസിലിൽ എട്ട് രാജ്യങ്ങളാണ് ഉൾപ്പെടുന്നത്. സൗദി അറേബ്യ, ജോർഡാൻ, ഇന്തോനേഷ്യ, പാകിസ്താൻ, ഗാംബിയ, കുവൈത്ത്, ഈജിപ്ത്, മൊറോക്കോ എന്നിവയാണ് ആ രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.