കോൺഗ്രസ് നേരിടുന്നത് ഫാഷിസം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ -ഷാഫി പറമ്പില്‍ എം.എല്‍.എ
text_fieldsജിദ്ദ: ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികള്‍ ഫാഷിസ്റ്റ് ഭരണകൂടം സൃഷ്ടിക്കുന്ന വേട്ടയാടലുകളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹത്തിന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് കുറവുകളും പോരായ്മകളും ഉണ്ടാവാം. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും എന്നും സ്വാഗതം ചെയ്തിട്ടേയുള്ളൂ.
എന്നാല്‍, അതോടൊപ്പം ചര്‍ച്ച ചെയ്യേണ്ട ഭരണകൂട രാഷ്ട്രീയവേട്ട പലരും കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ത്യയിലെ ഭരണഘടനയും കോടതികളും ഭരണഘടന സ്ഥാപനങ്ങളും മാധ്യമങ്ങളും നേരിടുന്ന പ്രതിസന്ധികള്‍ക്ക് സമാനമായതോ അതിലധികമോ വെല്ലുവിളി നേരിടുന്നത് കോൺഗ്രസാണ്. ഇന്ത്യയുടെ അസ്തിത്വം ഇല്ലാതാക്കി ഈ രാജ്യത്തെ ഇല്ലായ്മ ചെയ്യുകയെന്നത് കോൺഗ്രസുള്ള കാലമത്രയും സാധ്യമല്ലെന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും.
ഇന്ത്യയുടെ ഭംഗിയും അസ്തിത്വവുമായ ജനാധിപത്യത്തെ പണംകൊണ്ടും കൈയൂക്കുകൊണ്ടും അധികാര ദുര്വിനിയോഗംകൊണ്ടും വേട്ടയാടി ഇല്ലായ്മ ചെയ്യുകയാണ് സംഘ്പരിവാര്‍. അതിനു കൂട്ടുനില്‍ക്കുന്ന വിധത്തിലേക്ക് കോടതികളും മാധ്യമങ്ങളും മാറുന്നുവെന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകൂടവീഴ്ചകളെ ചോദ്യംചെയ്യേണ്ട മാധ്യമങ്ങള്‍ ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനകത്തെ അഭിപ്രായവ്യത്യാസങ്ങളെ പർവതീകരിച്ച് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ പാര്‍ട്ടിക്കകത്തെ തര്‍ക്കങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിക്കുന്നുണ്ട് . ഇതുവഴി ഭരണകൂട ഭീകരത മറച്ചുവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 74ാമത് ദിനാചരണത്തോടനുബന്ധിച്ച്, ചടങ്ങിൽ പങ്കെടുത്തവരെ കൊണ്ട് ഭരണഘടനയുടെ ആമുഖം വായിപ്പിച്ച് ഷാഫി പറമ്പിൽ എം.എല്‍.എ പ്രതിജ്ഞ ചെയ്യിപ്പിച്ചു.
റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. സീനിയർ നേതാവും ഗ്ലോബൽ കമ്മിറ്റി അംഗവുമായ ചെമ്പൻ അബ്ബാസ് ഷാൾ അണിയിച്ച് ഷാഫി പറമ്പിലിനെ സ്വീകരിച്ചു. ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി. മുഹമ്മദലി, മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി, പ്രവാസി സേവനകേന്ദ്രം കൺവീനർ അലി തേക്കുതോട്, നോർക്ക ഹെൽപ് സെൽ കൺവീനർ നൗഷാദ് അടൂർ, ശബരിമല തീർഥാടക സേവനകേന്ദ്രം കൺവീനർ അനിൽ കുമാർ പത്തനംതിട്ട, ചെമ്പൻ അബ്ബാസ്, അബ്ദുൽ മജീദ് നഹ, ശ്രീജിത്ത് കണ്ണൂർ എന്നിവർ സംസാരിച്ചു.
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം മുക്കൂടെൻ, ലൂയിസ് എന്ന ചലച്ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ഒ.ഐ.സി.സി അംഗംകൂടിയായ സിയാദ് പത്തനംതിട്ട എന്നിവരെ ചടങ്ങിൽ ഷാഫി പറമ്പിൽ എം.എല്‍.എ ഷാൾ അണിയിച്ചു ആദരിച്ചു.
എട്ടു വർഷമായി പ്രവർത്തിക്കുന്ന പ്രവാസി സേവനകേന്ദ്രയുടെയും നാലു വർഷമായി പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി ശബരിമല തീർഥാടക സേവനകേന്ദ്രത്തിന്റെയും പ്രവർത്തന റിപ്പോർട്ടുകൾ ഷാഫി പറമ്പിലിന് കൈമാറി. ജനറൽ സെക്രട്ടറിമാരായ സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും മമ്മദ് പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.