കോൺഗ്രസിന് സെൻസ് വേണം, സെൻസിബിലിറ്റിയും!
text_fieldsരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് കോൺഗ്രസ് പോകണോ, വേണ്ടേ? അതാണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. പോകണമെന്ന് പറയാൻ ന്യായങ്ങളുണ്ട്. ഒന്ന്, ക്ഷണിച്ചിട്ടാണ് പോകുന്നത്. മറ്റൊന്ന്, രാജ്യത്തിലെ ഭൂരിപക്ഷ വിശ്വാസികളുടെ ദൈവ ക്ഷേത്രമാണ്. ശരിയാണ്. വിശ്വാസം ബഹുമാനിക്കപ്പെടേണ്ടതാണ്. ജനാധിപത്യ ഇന്ത്യയിൽ ദൈവ വിശ്വാസിയായും അല്ലാതെയും ജീവിക്കാൻ അവകാശം ഉണ്ടല്ലോ! ഒരു ജനാധിപത്യ ബഹുസ്വര പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് എല്ലാവരെയും പരിഗണിച്ചേ തീരൂ. അതിൽ പലതരം വിശ്വാസികളും അവിശ്വാസികളും എല്ലാവരുമുണ്ടല്ലോ.
എങ്കിൽ പിന്നെ ഇതിന്റെ പേരിൽ കോൺഗ്രസിന്റെ മേൽ കുതിരകയറേണ്ടതുണ്ടോ? ചോദ്യം ന്യായമാണ്. പക്ഷേ ഇവിടെയാണ് മുമ്പൊരു സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറഞ്ഞ കിടിലൻ ഡയലോഗ് ഓർമ വരുന്നതും കോൺഗ്രസിനോട് പറയാൻ തോന്നുന്നതും. സെൻസ് വേണം. സെൻസിബിലിറ്റി വേണം... നിങ്ങൾ കാണുന്ന ശ്രീരാമനല്ല സംഘ്പരിവാറിന്റെ ശ്രീരാമൻ! വസ്ത്രത്തിന്റെ പേരിൽ, ഭക്ഷണത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ന്യൂനപക്ഷ മതവിശ്വാസികളെ തല്ലിക്കൊല്ലാൻ ഭഗവാൻ ശ്രീരാമൻ അനുവദിക്കില്ല.
വിശാലമായ ഭുപ്രദേശമുള്ള രാജ്യത്ത് ഒരു വിശ്വാസി സമൂഹത്തിന്റെ ആരാധനാലയം തല്ലിത്തകർത്ത് ക്ഷേത്രം പണിയാൻ ശ്രീ രാമൻ പറയില്ല. രാജ്യത്ത് വിശ്വാസികൾ ഉണ്ടാവണം. അമ്പലം ഉണ്ടാവണം. പള്ളി ഉണ്ടാവണം. ചർച്ച് ഉണ്ടാവണം. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒന്നിച്ച് ജീവിക്കുന്നതാവണം എന്നും ഇന്ത്യ. ഇത് ഉറക്കെ വിളിച്ചു പറയാൻ, രാജ്യനിവാസികളെ ബോധ്യപ്പെടുത്താൻ കോൺഗ്രസിന് എല്ല് വേണം, നട്ടെല്ല്! അങ്ങനെയെങ്കിലാണ് കോൺഗ്രസ് ഇന്ത്യയെ മൊത്തത്തിൽ പ്രതിനിധാനം ചെയ്യുന്നതാവൂ. പറയണം, ഈ ശ്രീ രാമൻ ഹിന്ദുവിന്റെ ദൈവമല്ല. ഈ രാമക്ഷേത്രം ഹിന്ദുവിന്റെ ക്ഷേത്രവുമല്ല!
സിറാജ് തലശ്ശേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.