യാംബുവിൽ കോൺസുലാർ സന്ദർശനം; തിരക്കിൽ വലഞ്ഞ് പ്രവാസികൾ
text_fieldsയാംബു: പാസ്പോർട്ട് റിനീവൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ നൽകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച യാംബുവിലെത്തിയ ദിവസം പതിവിൽ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടു. ഹയാത്ത് റദ് വ ഹോട്ടലിൽ നേരത്തേ അപ്പോയിൻമെന്റ് എടുത്തവർക്കും ഏറെ നേരം കാത്തിരുന്നാണ് സേവനം ലഭിച്ചതെന്ന് പരാതി.
അപ്പോയിൻമെന്റ് എടുത്ത പല വ്യക്തികൾക്കും കുടുംബങ്ങൾക്കും പാസ്പോർട്ട് പുതുക്കാൻ സേവനത്തിനു വേണ്ടി അധികസമയം കാത്തുനിൽക്കേണ്ടിവന്നു. അശാസ്ത്രീയമായ അപ്പോയിൻമെന്റ് സംവിധാനം ഒഴിവാക്കി നേരത്തേ എത്തുന്നവർക്ക് ടോക്കൺ നൽകുന്ന സംവിധാനം നടപ്പാക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും പ്രവാസി ഇന്ത്യക്കാർ അനുഭവത്തിലൂടെ പറയുന്നു. യാംബു മേഖലയിൽ പാസ്പോർട്ട് പുതുക്കാൻ എല്ലാ പ്രവൃത്തിദിനങ്ങളിലും കഴിയുന്ന പാസ്പോർട്ട് സേവാ കേന്ദ്രം അനിവാര്യമായും ഉണ്ടാകണമെന്ന പൊതു ആവശ്യം ഇപ്പോൾ വീണ്ടും ശക്തമായിരിക്കുകയാണ്. 2021 ജനുവരിയിലാണ് പാസ്പോർട്ട് സേവാകേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'വേഗ'ഓഫിസ് യാംബുവിൽ അടച്ചുപൂട്ടിയത്.
അതിനുശേഷം മാസാന്തം എത്തുന്ന കോൺസുലാർ സന്ദർശന വേളയിലാണ് പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട് പുതുക്കാൻ കഴിയുന്നത്. കഴിഞ്ഞ മാസം കോൺസുലാർ സന്ദർശനം മാറ്റിവെച്ചതാണ് ഇത്തവണ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ ഒരു കാരണമായി പറയുന്നത്. മാസാന്ത സന്ദർശനം ഉണ്ടാകുമെന്ന് കോൺസുലേറ്റ് അധികൃതർ പറയുമ്പോഴും ഇടക്ക് മുടക്കം വരുന്നതാണ് യാംബു മേഖലയിൽ കൂടുതൽ തിരക്ക് വരാൻ കാരണമെന്ന് സാമൂഹിക പ്രവർത്തകരും പറയുന്നു.
സന്ദർശന വേളയിൽ പാസ്പോർട്ട് പുതുക്കാനോ അറ്റസ്റ്റേഷനോ കഴിയാത്ത ഇന്ത്യക്കാർക്ക് നിലവിൽ ജിദ്ദയിലുള്ള കോൺസുലേറ്റിലോ മദീനയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് സേവന കേന്ദ്രത്തിലോ നേരിട്ടെത്തി അപേക്ഷകൾ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇത് വ്യവസായ നഗരത്തിൽ ജോലി ചെയ്യുന്ന നൂറു കണക്കിന് പ്രവാസികൾക്ക് പ്രതിസന്ധിയുണ്ടാക്കിയ കാര്യം ‘ഗൾഫ് മാധ്യമം’ പലപ്പോഴും റിപ്പോർട്ട് ചെയ്തിരുന്നു. യാംബുവിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുറമെ ഉംലജ്, അൽ റൈസ്, ബദ്ർ, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ പാസ്പോർട്ട് സംബന്ധമായ അപേക്ഷ സമർപ്പിക്കാനും രേഖകൾ അറ്റസ്റ്റ് ചെയ്യിപ്പിക്കാനും കോൺസുലാർ സന്ദർശന ദിവസം എത്താറുണ്ട്. എല്ലാ ദിവസവും പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന അവസ്ഥ പുനഃസ്ഥാപിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യാംബുവിലെ ഇന്ത്യൻ പ്രവാസികൾ.
കോൺസുലാർ സേവനം തേടിയെത്താറുള്ള പ്രവാസികക്ക് വിവിധ രീതിയിൽ സഹായങ്ങൾ നൽകിയിരുന്ന സാമൂഹിക സന്നദ്ധപ്രവർത്തകരുടെ ഹെൽപ് ഡെസ്കിന് ബന്ധപ്പെട്ടവർ അനുമതി നൽകാത്തതും സാധാരണ തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്.
കോൺസുലാർ വിസിറ്റ് ചെയ്യുന്ന വേളകളിൽ സാധാരണ കെ.എം,സി.സി ഹെൽപ് ഡെസ്ക് സജീവമാകാറുള്ളത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. സൗജന്യമായി പാസ്പോർട്ട് അപേക്ഷ പൂരിപ്പിച്ചുകൊടുത്തും ആവശ്യമായ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്തുകൊടുത്തും സഹായ ഹസ്തവുമായി സന്നദ്ധപ്രവർത്തകരുടെ സേവനം ലേബർ ക്യാമ്പുകളിൽ നിന്നും മറ്റും എത്തിയിരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നു.
ഇത്തരം സേവനങ്ങൾ വി.എഫ്.എസ് ഉദ്യോഗസ്ഥർ 35ഉം 40ഉം റിയാൽ സർവിസ് ചാർജ് ഈടാക്കി ചെയ്തുകൊടുക്കുന്നതും സാധാരണക്കാരായ തൊഴിലാളികൾക്ക് അമിത ഭാരമായി മാറി. സ്വന്തമായി അപേക്ഷ പൂരിപ്പിച്ച് എത്തുന്ന പ്രവാസികൾ അപേക്ഷയിലെ ചെറിയ പിശകിന്റെ കാരണത്താലോ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടുന്ന ചില രേഖകളുടെ അഭാവം മൂലമോ വീണ്ടും വി.എസ്.എഫ് ഉദ്യോഗസ്ഥർ മുഖേന അപേക്ഷ പൂരിപ്പിക്കേണ്ടുന്ന അവസ്ഥയും പ്രവാസികൾക്ക് അധിക ചെലവ് വരുന്നതായും പ്രവാസി ഇന്ത്യക്കാർ പരാതി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.