യാംബുവിൽ കോൺസുലർ സന്ദർശനം; പ്രവാസി ഇന്ത്യക്കാർക്ക് സഹായകരമായി
text_fieldsയാംബു: പ്രവാസി ഇന്ത്യക്കാർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്. എസ് ഉദ്യോഗസ്ഥർ ഇന്ന് യാംബു മേഖലയിൽ സന്ദർശനം നടത്തിയത് പ്രവാസികൾക്ക് ഏറെ സഹായകരമായി. യാംബു ടൗണിലെ കൊമേർഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരുന്നത്.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമായി വന്ന യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗപ്പെടുത്താൻ നേരത്തെ അപ്പോയിൻന്റ്മെന്റ് എടുത്തിരുന്നു. ധാരാളം പേർ യാംബുവിന്റെ വിവിധ മേഖലയിൽ നിന്നും ഉംലജ്, ബദ്ർ, അൽ അയ്സ്, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എത്തിയിരുന്നു. ഇടവിട്ട മാസങ്ങളിലാണ് യാംബുവിൽ കോൺസുലർ സന്ദർശനം ഇപ്പോൾ ഒരുക്കാറുള്ളത്. ആവശ്യമായ സേവനങ്ങൾ ചെയ്യാൻ മുഴുവൻ സംവിധാനങ്ങളുമായാണ് ബന്ധപ്പെട്ടവർ എത്തിയിരുന്നത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സേവന നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ കോൺസുലർ സന്ദർശന വേളകളിൽ സന്നദ്ധ പ്രവർത്തകരുടെ ഹെൽപ്പ് ഡെസ്ക് വേണ്ടതില്ല എന്ന് ബന്ധപ്പെട്ടവർ കുറച്ച് കാലമായി തീരുമാനിച്ചതോടെ സേവനം ഉപയോഗപ്പെടുത്താൻ എത്തുന്ന സാധാരണക്കാർക്ക് അമിത സാമ്പത്തിക ബാധ്യത വരുന്നതായി പരാതിപ്പെടുന്നവരുണ്ട്.
സൗജന്യമായി പാസ്പോർട്ട് അപേക്ഷ പൂരിപ്പിച്ചു കൊടുത്തും ആവശ്യമായ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്തു കൊടുത്തും സഹായ ഹസ്തവുമായി സന്നദ്ധ പ്രവർത്തകരുടെ സേവനം ലേബർ ക്യാമ്പുകളിൽ നിന്നും മറ്റും എത്തിയിരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നു. കോൺസുലർ സംഘം വിസിറ്റ് ചെയ്യുന്ന വേളകളിൽ കെ.എം.സി.സി ഹെൽപ് ഡെസ്ക് സജീവമാകാറുള്ളത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. ഇത്തരം സേവനങ്ങൾ ഇപ്പോൾ വി.എഫ്. എസ് ഉദ്യോഗസ്ഥർ മുപ്പത്തഞ്ചും നാൽപ്പതും റിയാൽ സർവീസ് ചാർജ് ഈടാക്കി ചെയ്തു കൊടുക്കുന്നത് സാധാരണക്കാരായ തൊഴിലാളികൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകരും പറയുന്നു.
എല്ലാ ദിവസവും പാസ്പോർട്ടിന് അപേക്ഷിക്കാൻ കഴിയുന്ന നേരത്തെ ഉണ്ടായിരുന്ന യാംബുവിലെ ഓഫീസ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഇന്ത്യൻ പ്രവാസി സമൂഹം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. കോൺസുലർ സന്ദർശന വേളയിൽ എത്താൻ കഴിയാത്ത പ്രവാസികൾ അത്യാവശ്യമായി വേണ്ട സേവനത്തിനായി ജിദ്ദ കോൺസുലേറ്റ് ഓഫീസിലേക്ക് പോകേണ്ട അവസ്ഥയാണിപ്പോൾ. ജോലിയും കൂലിയും ഒഴിവാക്കി അപ്പോയി ന്റ്മെന്റ് എടുത്ത് ജിദ്ദ കോൺസുലേറ്റ് ഓഫീസിലെത്തി പാസ്‌പോർട്ട് പുതുക്കാനും മറ്റും വലിയ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നത് ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നതായും തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.