ഹേഗിൽ വീണ്ടും ഖുർആൻ അവഹേളനം; അപലപിച്ച് സൗദിയും ഒ.ഐ.സിയും മുസ്ലിംവേൾഡ് ലീഗും
text_fieldsജിദ്ദ: നെതർലൻഡ്സിലെ ഹേഗിൽ നിരവധി എംബസികൾക്ക് മുന്നിൽ ഒരു തീവ്രവിഭാഗം ഖുർആന്റെ പകർപ്പുകൾ വലിച്ചുകീറിയതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നിരന്തരമുണ്ടാവുന്ന വിദ്വേഷകരമായ ഇത്തരം പ്രവൃത്തികൾ ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പൂർണമായും തള്ളിക്കളയുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത് വ്യക്തമായും വെറുപ്പും വിദ്വേഷവും വംശീയതയും പ്രേരിപ്പിക്കുന്നതാണ്.
സഹിഷ്ണുത, മിതത്വം, തീവ്രവാദം നിരാകരിക്കൽ എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ആഗോളതലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരായ നീക്കമാണിത്. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തെ ഇത്തരം പ്രവൃത്തികൾ ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നെതർലൻഡ്സിൽ ഖുർആന്റെ കോപ്പി വലിച്ചുകീറി അവഹേളിച്ചതിനെ ഒ.ഐ.സിയും മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. ഹേഗിലുള്ള ഒ.ഐ.സി അംഗരാജ്യങ്ങളുടെ എംബസികൾക്ക് മുന്നിൽ ഖുർആന്റെ കോപ്പി വലിച്ചുകീറി അപമാനിച്ച പ്രകോപനപരമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, മതവിദ്വേഷം സൃഷ്ടിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികളെ നേരിടാനും അവ ആവർത്തിക്കുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടേറിയറ്റ് നെതർലൻഡ്സ് അധികാരികളോട് ആവശ്യപ്പെട്ടു.
ഹേഗിൽ എംബസികൾക്ക് മുന്നിൽ ഖുർആൻ കോപ്പി വലിച്ചുകീറിയ സംഭവം ലജ്ജാകരവും മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് മുസ്ലിംവേൾഡ് ലീഗ് പ്രസ്താവിച്ചു. മതപരവും മാനുഷികവുമായ മാനദണ്ഡങ്ങളും തത്ത്വങ്ങളും ലംഘിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ മൂല്യങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഈ ഹീനമായ പ്രാകൃത നടപടികളെ ശക്തമായി അപലപിക്കുകയാണെന്നും മുസ്ലിംവേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ പ്രസ്താവനയിൽ പറഞ്ഞു.
വിദ്വേഷം പ്രോത്സാഹിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികളുടെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്ലാമോഫോബിയയുടെ അപകടകരമായ ഈ പ്രവൃത്തികളെ തള്ളിപ്പറയുന്നു. തീവ്രവാദ അജണ്ടകൾക്ക് അനുസൃതമായ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്ത് സൗഹൃദവും സഹകരണവും വർധിപ്പിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നും മുസ്ലിം വേൾഡ് സെക്രട്ടറി ജനറൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.