ആരോഗ്യ മേഖലയിൽ സ്വകാര്യ-പൊതുമേഖല സഹകരണത്തിന് നൂറിലധികം കരാറുകൾ ഒപ്പുവെച്ചു
text_fieldsജിദ്ദ: ആതുരശുശ്രൂഷാരംഗത്ത് യോജിച്ച് പ്രവർത്തിക്കാൻ സ്വകാര്യ ആശുപത്രികളുമായി ആരോഗ്യമന്ത്രാലയം നൂറിലധികം കരാറുകൾ ഒപ്പിട്ടു.
സർക്കാറും സ്വകാര്യമേഖലയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള താൽപര്യത്തിലാണ് ഇത്രയും സഹകരണ കരാറുകൾ ഒപ്പുവെച്ചത്. പൊതു-സ്വകാര്യമേഖലകളുടെ സംയുക്ത പദ്ധതിയിലേക്കുള്ള ചുവടുവെപ്പാണ് കരാർ ഒപ്പിടൽ. രാജ്യത്തെ ആതുരസേവനം മികവുറ്റതാക്കാനും ഓരോരുത്തർക്കുമുള്ള അനുഭവങ്ങളും അറിവുകളും പരസ്പരം കൈമാറാനുമാണ് ഈ സഹകരണം. സേവനരംഗം വികസിപ്പിക്കുകയും സേവന വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ.
രാജ്യത്തെ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും നൽകുന്ന ആരോഗ്യപരിരക്ഷ മെച്ചപ്പെടുത്തുന്നതിന് ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സ്വകാര്യ ആരോഗ്യമേഖലയുമായി കരാർ ഒപ്പിടാൻ ആരംഭിച്ചത്. 'വിഷൻ 2030' ലക്ഷ്യം കൈവരിക്കുന്നതിന് ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് 'ഹെൽത്ത് പെർഫോമൻസ്'. ഗുണനിലവാരത്തിനും പ്രകടനം മെച്ചപ്പെടുത്തലിനും 2018ൽ എം.സി.എ അവാർഡ്, 2019ൽ ലണ്ടനിൽനിന്നുള്ള സി.ക്യൂ.ഐ അവാർഡ് എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഹെൽത്ത് പെർഫോമൻസിന് ലഭിച്ചിട്ടുണ്ട്. ഗുണനിലവാരം പരിശോധിച്ച് നൽകുന്ന ഐ.എസ്.ഒ 9001/2015 അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.