അഴിമതിക്കാരെ ഒന്നൊഴിയാതെ അഴിക്കുള്ളിലാക്കാൻ നീക്കം ശക്തമാക്കി ‘നസഹ’
text_fieldsയാംബു: പൊതുരംഗത്തെ അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാടിൽ സൗദി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമീഷൻ (നസഹ). സ്പെഷൽ സ്കോഡുകളാണ് രാജ്യവ്യാപകമായി നിരന്തര നിരീക്ഷണവും റെയ്ഡും നടത്തുന്നത്.
കഴിഞ്ഞ മാസം മാത്രം 146 പേരാണ് പിടിയിലായതെന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയങ്ങളിലെ സ്വാധീനമുപയോഗിച്ച് അഴിമതി നടത്തുന്നവരാണ് കുടുങ്ങുന്നവരിൽ കൂടുതലും. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, നീതിന്യായം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞമാസം അറസ്റ്റിലായത്.
അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന ശക്തമായ നിലപാടിലാണ് ‘നസഹ’ മുന്നോട്ടു നീങ്ങുന്നത്. പിടിയിലായവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കാലയളവിൽ അതോറിറ്റിയുടെ മുന്നിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അവർക്കെതിരായ നിയമനടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും നസഹ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി ജല കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ അതോറിറ്റി പ്രമാദമായ ധാരാളം കേസുകൾ പ്രത്യേകം പരിശോധിക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തുവരുന്നതായി മന്ത്രാലയം അറിയിച്ചു.
അധികാര ദുർവിനിയോഗത്തെയും അഴിമതിയെയുംകുറിച്ച് 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന ഫാക്സ് നമ്പറിലോ അറിയിക്കണമെന്ന് സ്വദേശികളും വിദേശികളുമായ രാജ്യവാസികളോട് ‘നസഹ’ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസം പിടിയിലായവരെ വിചാരണക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി കമീഷൻ അറിയിച്ചു.
കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യൽ, സങ്കുചിത താൽപര്യങ്ങൾക്കനുസരിച്ച് വ്യാജ രേഖ ഉണ്ടാക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
പ്രതികളിൽ ചിലർ ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും കമീഷൻ അറിയിച്ചു. ജൂലൈ ആദ്യം മുതൽ വിവിധ മന്ത്രാലയങ്ങളിലെ ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലുമായി അതോറിറ്റി 3,010 പരിശോധനകൾ നടത്തി. അനുബന്ധമായി 266 അനന്തര അന്വേഷണങ്ങളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.