വിവാദം, കാത്തിരിപ്പ്; സുധീറിന്റെ മയ്യത്ത് നാട്ടിലെത്തി
text_fieldsദമ്മാം: മൂന്ന് മാസങ്ങൾക്ക് മുമ്പ് അബ്ശെഖഖിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തിരുവന്തപുരം, കാര്യവട്ടം പുല്ലാനിവിളയിൽ പുളിക്കാവ് വീട്ടിൽ സുധീറിന്റെ (46) മയ്യത്ത് കഴിഞ്ഞ ദിവസം നാട്ടിലെത്തി. നിരവധി വിവാദങ്ങളും വാഗ്വാദങ്ങളും ഉയർത്തിയ ഈ മയ്യത്ത് നാട്ടിലെത്തിക്കാൻ സാമൂഹ്യ പ്രവർത്തകർക്ക് ഏറെ പരിശ്രമിക്കേണ്ടി വനിരുന്നു.
വെള്ളിയാഴ്ച രാത്രി ശ്രീലങ്കൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച രാവിലെ 9.20 ന് നാട്ടിലെത്തി. ഭാര്യയാണ് മയ്യത്ത് ഏറ്റുവാങ്ങിയത്. അടുത്തബന്ധുക്കളെ മാത്രം കാണിച്ച മയ്യത്ത് അമ്പലത്തുംകര ജുംഅമസ്ജിദ് ഖബസ്ഥാനിൽ കബറടക്കി.
അമ്മാവനും, അബ്ഖൈഖിലെ സാമുഹ്യ പ്രവർത്തകനുമായ മീരാ സാഹിബുമൊത്ത് റെഡിമെയ്ഡ് ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു സുധീർ. 2020 ജനുവരിയിൽ അമ്മാവൻ അവധിക്ക് നാട്ടിൽ പോയതോടെ സുധീർ ഒറ്റക്കാണ് കട നടത്തിയിരുന്നത്. കഴിഞ്ഞ നവംബർ 11നാണ് മീരാസാഹിബ് അവധി കഴിഞ്ഞ് തിരികെയെത്തിയത്. 15 ദിവസം ദുബായിൽ കോറൈൻറനിലുള്ള സമയത്തും സുധീറുമായി വാട്സപ്പിൽ സന്ദേശങ്ങൾ കൈമാറിയിരുന്നു.സൗദിയിലെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇത് നിലച്ചിരുന്നു.തിരക്കിലായതിനാലാകാം എന്നാണ് ഇദ്ദേഹം കരുതിയത്. എന്നാൽ സൗദിയിലെത്തി മുറിയിൽ തട്ടി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പൂട്ട് തുറന്നെങ്കിലും കതക് തുറക്കാൻ പ്രയാസമായിരുന്നു. ബലം പ്രയോഗിച്ച് തള്ളിത്തുറന്നോപ്പാഴാണ് വാതിൽ പടിയിൽ മരിച്ചു കിടക്കുന്ന സുധീറിനെ കാണുന്നത്. ഉടൻ തന്നെ സ്പോൺസറിനേയും പോലീസിനേയും വിവരമറിയിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ മരിച്ചിട്ട് നാല് ദിവസം പിന്നിട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്.ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞ് വീണായിരുന്നു മരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വീണ സമയത്ത് കതകിലിടിച്ചാവാം നെറ്റിയിലുണ്ടായ മുറിവും മയ്യത്തിന്റെ പഴക്കവും കാരണം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.ഇതിനെത്തുടർന്ന് നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയാക്കി മൃതദേഹം അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ഡെത് സർട്ട് ഫിക്കറ്റിൽ തെറ്റായി അപകടമരണമെന്ന് രേഖപ്പെടുത്തയത് ബോധ്യമായത്. അധികൃതർക്ക് തെറ്റ് ബോധ്യമായെങ്കിലും ഇത് തിരുത്തുന്നതിന് റിയാദിലെ കേന്ദ്ര ഓഫീസ് മുഖാന്തരമേ സാധ്യമാകുമായിരുന്നുള്ളു. ഇതിനും ഏറെ സമയം വേണ്ടി വന്നു. ഇത്തരം സ്വാഭാവിക സാങ്കേതികങ്ങളിൽ കുടുങ്ങി മൃതദേഹം നാട്ടിലെത്താൻ വൈകുകയായിരുന്നു. ഈ സമയത്താണ് ലോക കേരളസഭാംഗം എന്ന് പരിചയപ്പെടുത്തിയ ലിജോതോമസ് എന്നയാൾ നാട്ടിൽ നിന്നും രംഗ പ്രവേശനം ചെയ്യുന്നത്. അദ്ദേഹം സൗദിയിലുള്ള അമ്മാവൻ മീരാ സാഹിബ് മന:പ്പൂർവ്വം മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിക്കുകയാണന്ന് ആരോപിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. സ്വന്തം സ്ഥാപനത്തിനൊപ്പം സൗദിയിലെ പ്രമുഖ കാർഗോ സ്ഥാപനത്തിന്റെ ശാഖ കൂടി നടത്തുന്ന ഇദ്ദേഹത്തിന് കള്ളക്കടത്താണ് ജോലിയെന്നും സൗദിയിലെ ഭരണകർത്താക്കൾ ഉൽപടെ തനിക്ക് ഉന്നത ബന്ധമുണ്ടെന്നും, മയ്യത്ത് നാട്ടിലെത്താൻ താമസിച്ചാൽ കള്ളക്കേസ് നൽകി ജയിലടക്കുമെന്നും ഇയാൾ ഭീഷണി മുഴക്കി. മോശവാക്കുകൾ ഉൽപടെയുള്ള ഇയാളുടെ ഭീഷണികൾ മീരാസാഹിബ് റിക്കോർഡ് ചെയ്ത് മാധ്യമ പ്രവർത്തകരെ കേൾപ്പിച്ചു. മയ്യത്ത് നാട്ടിലെത്തിച്ചതിന് ശേഷം ഇയാൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് മീരാ സാഹിബ്. 37 വർഷമായി സൗദിയിലുള്ള താൻ ഇതുവരെ ഒരു പെറ്റിക്കേസിൽ പോലും അകപ്പെട്ടിട്ടില്ലെന്നും, തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് നൽകിയിട്ടേയുള്ളുവെന്നും മീരാ സാഹിബ് പറഞ്ഞു. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നിർദ്ദേശ പ്രകാരം അബ്ഖൈഖിലെ വസന്തകുമാർ ആണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഓടിനടന്നത്. സുധീറിന്റെ മയ്യത്തുമായി ബന്ധപ്പെട്ട കാലതാമസം തനിക്ക് ബോധ്യമുള്ളതാണന്ന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.